Thursday 10 November 2022 02:41 PM IST : By സ്വന്തം ലേഖകൻ

മത്തങ്ങ കറി വയ്ക്കാന്‍ മാത്രമല്ല, തിളങ്ങുന്ന ചര്‍മത്തിനും ബെസ്റ്റാണ്; വീട്ടിലുണ്ടാക്കാം മത്തങ്ങ ഫെയ്സ്പാക്കുകള്‍

pumpkinfacepack87668

മത്തങ്ങ കറി വയ്ക്കാന്‍ മാത്രമല്ല, തിളങ്ങുന്ന ചര്‍മത്തിനും ചർമത്തിലുണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ്. റെറ്റിനോയ്ക് ആസിഡ്, ആന്റി ഓക്സിഡന്റ്സ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സി, ഇ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന സിമ്പിള്‍ മത്തങ്ങ ഫെയ്സ്പാക്കുകൾ ഇതാ..

. അരച്ച മത്തങ്ങ രണ്ടു സ്പൂൺ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ തേൻ, അൽപം ജാതിയ്ക്ക പൊടിച്ചത്, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. ഈ സൗന്ദര്യക്കൂട്ട് മുഖചർമത്തിന് അതിശയിപ്പിക്കുന്ന രീതിയിൽ തിളക്കവും മൃദുത്വവും നൽകും. 

. ഒരു മുട്ട നന്നായി അടിച്ചതിലേക്ക് മത്തങ്ങ അരച്ചത് രണ്ടു ടേബിൾ സ്പൂൺ‌ ചേർത്തിളക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തേനും മൂന്നു തുള്ളി കുന്തിരിക്കം എണ്ണയും ചേർത്തു നന്നായി യോജിപ്പിക്കാം. മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഈ മിശ്രിതം കഴുകി കളയാം. തേൻ കറുത്തപാടുകൾ നീക്കും. കുന്തിരിക്കം എണ്ണ മുഖക്കുരു വരാതെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു വരണ്ട ചർമത്തിൽ എണ്ണമയം നിലനിർത്താൻ സഹായിക്കും. എന്നാൽ എണ്ണമയം അധികമുള്ള ചർമമാണെങ്കിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇതോടൊപ്പം മത്തങ്ങ ചർമം തിളക്കമുള്ളതാക്കും.

. രണ്ടു ടേബിൾ സ്പൂൺ അരച്ച മത്തങ്ങയിലേക്ക് ഒന്നര സ്പൂൺ ഗ്ലൈക്കോളിക് ആസിഡ് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ പൊടിച്ച ജാതിക്ക കൂടി ചേർക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം. ഈ കൂട്ട് ചുളിവുകളെ പ്രതിരോധിച്ച് ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുന്നു.

. രണ്ട് സ്പൂൺ നന്നായി പൊടിച്ച വാൾനട്ട്, രണ്ട് സ്പൂൺ അരച്ച മത്തങ്ങ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം യോഗർട്ടും തേനും ചേർക്കുക. 1/8 അളവിൽ കറുവപ്പട്ട പൊടിച്ചതു കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. മുഖത്ത് സ്ക്രബ് ആയി ഇത് ഉപയോഗിക്കാം. അഞ്ചു മുതൽ 10 മിനിറ്റു വരെ സ്ക്രബ് ചെയ്തതിനു ശേഷം തണുത്ത വെള്ളവുമുപയോഗിച്ച് കഴുകാം. 

. ഒരു സ്പൂൺ അരച്ച മത്തങ്ങയിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേക്ക് മൂന്നു സ്പൂൺ യോഗർട്ടും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 10 മിനിറ്റ് നേരം ഈ ഫെയ്സ് മാസ്ക് മുഖത്തു പുരട്ടി മസാജ് ചെയ്യാം. 

Tags:
  • Glam Up
  • Beauty Tips