Thursday 29 December 2022 03:57 PM IST : By സ്വന്തം ലേഖകൻ

കാരറ്റും തേനും ചേര്‍ത്ത സൗന്ദര്യക്കൂട്ട്; കറുത്തപാടുകളും വരൾച്ചയും മാറ്റി ചര്‍മം സുന്ദരമാക്കും, സിമ്പിള്‍ ടിപ്സ്

carrot-honeyyy677

മഞ്ഞുകാലം തു‌‌ടങ്ങിയാൽ പിന്നെ ഒരു നൂറുകൂട്ടം ചർമസൗന്ദര്യ പ്രശ്നങ്ങളാണ്. ചർമം വരളുക, ചുണ്ടു പൊട്ടുക, കാൽപാദം വിണ്ടു കീറുക എന്നിങ്ങനെ പോകുന്നു പരാതികൾ. ചർമത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് ചർമസംരക്ഷണം പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞുകാലത്തും ചർമ സൗന്ദര്യം ഉടയാതെ കാത്തു സൂക്ഷിക്കാം.

വീട്ടിൽ തയാറാക്കാവുന്ന ചില സൗന്ദര്യക്കൂട്ടുകള്‍

വാഴപ്പഴവും പാൽപ്പാടയും

നന്നായി പഴുത്ത വാഴപ്പഴം ഉടച്ച് ഒരു സ്പൂൺ പാൽപ്പാടയും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കൈകാലുകളിലും പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിലെ ജലാംശം നിലനിർത്തി ചർമം സുന്ദരമാകാൻ ഈ പായ്ക്ക് സഹായിക്കും.

തേനും റോസ്‌വാട്ടറും

ഒരു സ്പൂൺ തേനും ഒരു സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് ചർമത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. ചർമ വരൾച്ചയകറ്റി ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകാൻ ഈ മിശ്രിതം ഉപയോഗിക്കാം.

കാരറ്റും തേനും

ഒരു കാരറ്റ് തൊലി കളഞ്ഞ് മിക്സിയിലടിച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചർമത്തിൽ പുരട്ടി നന്നായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിലെ കറുത്തപാടുകളും വരൾച്ചയും അകറ്റാൻ ഈ പായ്ക്ക് സഹായിക്കും.

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും യോജിപ്പിച്ച് ചർമത്തിൽ പുരട്ടാം. നന്നായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

ഉരുളക്കിഴങ്ങും തൈരും

ഉരുളക്കിഴങ്ങ് വൃത്തിയാക്കി മിക്സിയിലടിച്ച ശേഷം ഇതിലേക്ക് രണ്ടു സ്പൂൺ തൈരു ചേർത്തിളക്കുക. ഈ മിശ്രിതം മുഖത്തുപുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമ വരൾച്ച തടയാനും സൂര്യതാപമേറ്റുള്ള കരുവാളിപ്പ് മാറുവാനും ഈ മിശ്രിതം ഉപയോഗിക്കാം.

Tags:
  • Glam Up
  • Beauty Tips