Monday 30 January 2023 04:49 PM IST : By സ്വന്തം ലേഖകൻ

‘ഉരുളക്കിഴങ്ങ് അരച്ചത് ചര്‍മത്തില്‍ തേച്ചു പിടിപ്പിക്കാം’; ഇനി വരില്ല കഴുത്തിലും മുഖത്തും ചുളിവുകള്‍, സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

wrinklesonnnnn

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍. കഴുത്തിനു താഴെയാണ് ഏറ്റവുമാദ്യം പ്രായമായതിന്റെ ചുളിവുകൾ വീണു തുടങ്ങുക. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. ശരീരത്തിലെ ഏറ്റവും സെന്‍സിറ്റിവ് ആയ ഭാഗമെന്ന നിലയിൽ കഴുത്തിന്റെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. 

അമിതമായി വെയില്‍ ഏല്‍ക്കുന്നതു ചർമം പെട്ടെന്നു തൂങ്ങാന്‍ കാരണമാകുന്നു. പുറത്തു പോകുമ്പോൾ ചർമ്മത്തെ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതാണ്. സൺസ്ക്രീൻ ലോഷൻ ശരീരത്തിൽ മുഖത്തും കഴുത്തിലും തേയ്ക്കാൻ പ്രത്യേകം ഓർക്കുക. പുറമേ നിന്നുള്ള പൊടി, അഴുക്ക്, ഡിഹൈഡ്രേഷന്‍ എന്നിവയെല്ലാം ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാണ്. 

ചുളിവുകൾ വരാതെയിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ പരമാവധി സൂര്യപ്രകാശം നേരിട്ടു മുഖത്തോ കഴുത്തു ഭാഗത്തോ പതിയ്ക്കാതെ ഇരിക്കട്ടെ. 

∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക

∙ എല്ലാ ദിവസവും മറ്റു വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ കഴുത്തിനുള്ള വ്യായാമവും ചെയ്യാൻ മറക്കരുത്.

∙ എപ്പോഴും തല ഉയർത്തി പിടിക്കുക. താടിയും ഉയർത്തി പിടിക്കണം.

∙ എല്ലാ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ ചർമ്മത്തിന് ദോഷമുണ്ടാക്കും.

∙ കിടക്കുമ്പോൾ തലയിൽ വലിയ തലയിണ വയ്ക്കാതെയിരിക്കുക. തലയും ശരീരവും ഒരേ രേഖയിലാണ് കിടക്കുമ്പോൾ ഉണ്ടാകേണ്ടത്. തലയണ വേണമെന്ന് നിർബന്ധം ഉള്ളവർ ചെറിയ തലയണ ഉപയോഗിക്കുക. 

∙ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു കഴുത്തില്‍ തേച്ചു പിടിപ്പിക്കുന്നത് ചുളിവ് വരാതെ സൂക്ഷിക്കും.

∙ ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുളിവകറ്റുന്ന ക്രീം ഉപയോഗിക്കാം. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടാം. SPF 30 ലധികം ഉള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. സ്കിന്‍ കാന്‍സര്‍ തടയാന്‍ മാത്രമല്ല, പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സണ്‍ സ്ക്രീന്‍ ലോഷനുകള്‍ സഹായിക്കും.

∙ ചര്‍മസൗന്ദര്യം കൂട്ടാനും പ്രായമാകൽ തടയാനും  ആന്റി ഓക്സിഡന്റുകള്‍ നല്ലതാണ്. സണ്‍ സ്ക്രീന്‍ ലോഷന്‍ ആയാലും ആന്റി വ്രിങ്കില്‍ ക്രീമുകളായാലും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ വാങ്ങുന്നതാണു നല്ലത്. ബ്ലൂ ബെറി, മുന്തിരി, ചീര എന്നിവ അടങ്ങിയ ഡയറ്റുകള്‍ ശീലിക്കുന്നത് നല്ലതാണ്.

∙ എണ്ണപലഹാരങ്ങളും മധുരവും കുറയ്ക്കാം‌. ചര്‍മത്തിനു ദോഷകരമായ ഒന്നാണ് മധുരം. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ Glycation എന്നൊരു പ്രക്രിയ ആരംഭിക്കും. ഇതില്‍ ക്രമേണ Collagen പ്രോട്ടീനെ ബ്രേക്ക്‌ ചെയ്യുന്നു. ഇത് പ്രായമാകുന്നത് വേഗത്തിലാക്കുന്നു. 

∙ നല്ലൊരു ചർമ്മവിദഗ്ദ്ധനെ കണ്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാം. 

∙ പ്രായമാകുന്നതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പെട്ടെന്ന് ചുളിവുകൾ വരുന്നതിനെ തടഞ്ഞു ചെറുപ്പം കുറച്ചു കൂടി നീട്ടിയെടുക്കാം. 

Tags:
  • Glam Up
  • Beauty Tips