Tuesday 02 May 2023 04:38 PM IST : By സ്വന്തം ലേഖകൻ

കല്യാണ പന്തൽ ഉയരേണ്ട മുറ്റത്ത് ആതിരയ്ക്ക് ചിതയൊരുക്കി, ചങ്കുപിടയുന്ന വേദനയിൽ പ്രിയപ്പെട്ടവർ: സങ്കട കാഴ്ച

athira

സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. യാതൊരു വിധത്തിലും ഒത്തു പോകില്ലെന്ന അവസരത്തിലാണ് വിട്ടുപോന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളൊരു വ്യക്തിയുമായി അകന്നു പോയതിന്റെ പേരിൽ കോട്ടയം കടുത്തുരുത്തി സ്വദേശിനി ആതിരയ്ക്ക് ത്യജിക്കേണ്ടി വന്നത് സ്വന്തം ജീവൻ.

സൈബർ അധിക്ഷേപത്തില്‍ മനംനൊന്ത് ആതിരയെന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവം നാടിനൊന്നാകെ വേദനയാകുകയാണ്. കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹ പന്തല്‍ ഉയരേണ്ട വീട്ടിൽ ആതിരയുടെ ചേതനയറ്റ മൃതദേഹം എത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. എല്ലാ നഷ്ടങ്ങളും മറന്ന് പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങിയ പെൺകുട്ടിയെ തേടിയെത്തിയത് മരണവിധിയെന്ന് ഓർക്കുമ്പോൾ പ്രിയപ്പെട്ടവരുടെയും നെഞ്ചുപൊള്ളുന്നു.

കല്യാണത്തിന്റെ സന്തോഷച്ചിരികൾ ഉയരേണ്ട വീടിന്റെ ഉമ്മറത്ത് പ്രിയമകളുടെ ചിതയെരിയുകയാണെന്ന സത്യം ഉൾക്കൊള്ളാൻ ഇനിയും പ്രിയപ്പെട്ടവർക്കായിട്ടില്ല. കഴിഞ്ഞ ദിവസം വരെ സന്തോഷവും സ്വപ്നങ്ങളുമായി ഒപ്പമുണ്ടായിരുന്ന മകൾ ഈ ലോകത്തു നിന്നു മടങ്ങിയെന്ന സത്യം ഉൾക്കൊണ്ട് അച്ഛനും സഹോദരിമാരും തകർന്ന മനസുമായി ആ ചുമരുകൾക്കുള്ളിലുണ്ട്.

ആതിരയുടെ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരന്റെ ഫെയ്സ്ബുക്ക് അധിക്ഷേപം പരിധി വിട്ടതോടെ സഹോദരിയുടെ ഭര്‍ത്താവും മണിപ്പൂര്‍ സബ്കലക്ടറുമയ ആശിഷ് ദാസിനെ ആതിര വിളിച്ചിരുന്നു. പ്രശ്‌നം പറയുകയും ചെയ്തു. അരുണിനെ വിളിച്ചു കാര്യം സംസാരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ആശിഷ് ദാസ് കൂടി ഇടപെട്ട് പൊലീസിൽ പരാതി നൽകിയതുമാണ്. പക്ഷേ ഫലംകണ്ടില്ല. ആതിരയുടെ സന്ദേശങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അരുൺ ആ മനസിനെ കുത്തിനോവിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ നീതിക്കു കാത്തു നിൽക്കാതെ ആതിര മരണത്തിന്റെ വഴി തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു ആതിരയെ പെണ്ണ് കാണാന്‍ ഒരു കൂട്ടരെത്തിയത്. കല്യാണം ഉറച്ചു എന്നു കണ്ടതോടെയാണ് അരുണിന്റെ സ്വഭാവം മാറിയതും ഭീഷണി തുടങ്ങിയതും. അരുണിന്റെ സ്വഭാവ വൈകല്യങ്ങള്‍ മനസ്സിലാക്കിയ ആതിര ബന്ധത്തില്‍ നിന്നും നേരത്തെ പിന്തിരിഞ്ഞു. അരുണിന്റെ വാശിയും വൈരാഗ്യവുമാവാം ആതിരയെ ഒരു മുഴം തുണിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബം പറയുന്നു.

‘‘ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. വിവാഹാലോചനയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടർന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞു. പിന്നീട് ഇരുവർക്കും തമ്മിലും പ്രശ്നങ്ങളുണ്ടായി. മുന്നോട്ടുപോകാൻ കഴിയില്ലെന്നു ആയതോടെ തമ്മിൽ പിരിഞ്ഞു. അവന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാൽ, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. അന്ന് രാത്രി ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു’’. – ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് പറയുന്നു.

‘‘ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് അയാൾ. വിഡിയോ കോളിന്റെ സ്ക്രീൻഷോട്ടുൾപ്പെടെ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസിൽ പരാതി നൽകി. പൊലീസുൾപ്പെടെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഞാൻ ആണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയുൾപ്പെടെ പോസ്റ്റ് ചെയ്തു’’– അദ്ദേഹം പറഞ്ഞു.