Saturday 17 December 2022 02:25 PM IST : By സ്വന്തം ലേഖകൻ

കല കയ്യിലുണ്ടായിട്ടും ഇരുളടഞ്ഞ ലോകത്തിരിക്കേണ്ടി വന്ന പെണ്ണുങ്ങൾ, അവർക്കായി തെളിഞ്ഞ ‘കളേഴ്സ് ഓഫ് വെനീസ്’

colors-of-venice ‘കളേഴ്സ് ഒാഫ് വെനീസിലെ അംഗങ്ങൾ ഒത്തുചേർന്നപ്പോൾ

സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞുവിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺകൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

കിഴക്കിന്റെ വെനീസ് എന്നു പേരുകേട്ട കായൽപട്ടണം ആലപ്പുഴയിൽ, ചിത്രകാരി സുഹൃത്തുക്കളുടെ കൂട്ടായ്മയുണ്ട്. ‘കളേഴ്സ് ഓഫ് വെനീസ്’. ചിത്രംവരച്ചും സ്വപ്നങ്ങൾ പങ്കുവച്ചും നാളെയുടെ നിറക്കൂട്ടുകളാകാൻ ഇടം തേടിയിറങ്ങിയവർ.

‘‘ചിത്രകലാപ്രദർശനം എന്ന സംവിധാനത്തെക്കുറിച്ചു കേൾക്കാത്തവരും വരയ്ക്കാനുള്ള കാൻവാസിനെപ്പറ്റി അറിയാത്തവരും ഞ ങ്ങൾക്കിടയിലുണ്ടായിരുന്നു. പക്ഷേ, ഇന്നു ഞ ങ്ങൾക്കെല്ലാം ഒരേ സ്വപ്നമാണ്. ഓരോരുത്തരും സ്വന്തമായി ചിത്രപ്രദർശനം നടത്തണം.’’ കൂട്ടായ്മയെ ഒരുമിപ്പിച്ചു നിർത്തുന്ന മിനു മോഹനാണ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

‘‘പതിനെട്ടു മുതൽ അറുപതിലധികം പ്രായമ‌ുള്ള, ജോലിക്കാരും വീട്ടമ്മമാരും വിദ്യാർഥികളുമെല്ലാം ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നുണ്ട്. വിശേഷ ദിവസങ്ങളിൽ ഫോർവേഡഡ് മെസേജുകൾക്കു പകരം ഓരോ അംഗങ്ങളും വരച്ച ചിത്രങ്ങളാണ് ആശംസകളായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. എന്തു മനോഹര ചിത്രങ്ങളായിരിക്കുമെന്നോ?

വരയ്ക്കാൻ അക്കാദമിക്കായി പഠിച്ചവരും അല്ലാത്തവരുമുണ്ട്. ചിത്രങ്ങൾ നിരത്തി വ ച്ചാൽ വര ശാസ്ത്രീയമായി പഠിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാനേ സാധിക്കില്ല. അത്രയ്ക്ക് സുന്ദരം. പോർട്രയ്റ്റുകൾ വരച്ച് നൽകുന്നവരും ഞങ്ങൾക്കിടയിലുണ്ട്.

അന്വേഷിച്ചു കണ്ടെത്തി

കേരള ചിത്രകലാപരിഷത്ത് 2022 ലെ വനിതാദിനത്തിനു ഓൺലൈൻ ചിത്രരചനാ ക്യാംപ് സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലെയും ചിത്രകാരികളെ ഒരുമിച്ചു കൂട്ടലായിരുന്നു ഉദ്ദേശം. രണ്ടാഴ്ച കാത്തിരുന്നിട്ടും ആലപ്പുഴ ജില്ലയിൽ ഞാൻ മാത്രമാണ് റജിസ്റ്റർ ചെയ്തത്.’’ മിനു കൂട്ടായ്മയുടെ ഉത്ഭവം പറഞ്ഞു.

‘‘ആലപ്പുഴയിൽ നിന്നു കുറച്ചുപേരെ കണ്ടെത്താമോ എന്നു സംഘാടകർ എന്നോടു ചോദിച്ചു. അങ്ങനെ ഒരുമിച്ചു കൂടിയതാണ് ഞങ്ങൾ. പിന്നീട് അകന്നു പോയില്ല. തുടക്കത്തിൽ 12 പേരായിരുന്നു. ഇപ്പോൾ 35 പേരുണ്ട്.

പലരും വരയ്ക്കുമെന്ന കാര്യം വീട്ടുകാർക്കു പോലും അറിയില്ലായിരുന്നു. ദൈവദത്തമായ കല കയ്യിലുണ്ടായിട്ടും ഇരുളടഞ്ഞ ലോകത്തിരിക്കേണ്ടി വന്ന പെണ്ണുങ്ങൾ വെളിച്ചം കാണുകയാണ്.

ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനങ്ങളും ചിത്രരചനാ ക്യാംപും നടത്തി. പ്രദർശനങ്ങളിൽ പലരുടെയും ചിത്രങ്ങൾ വിറ്റു പോകാറുണ്ട്. അതു കാണുമ്പോൾ എല്ലാവർക്കും ഉത്സാഹമാണ്.

ചെലവ് പങ്കിട്ടാണ് ഓരോ പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. കൂട്ടായ്മയിലെത്തിയതോടെ എല്ലാവരുടെ മുഖത്തും പ്രത്യേക തെളിച്ചമുണ്ട്.

റിട്ടയേഡ് ചിത്രകലാ അധ്യാപിക വിജയകുമാരി ടീച്ചറാണ് ഞങ്ങളുടെ കൂട്ടത്തിലെ സീനിയർ. പല പ്രതിസന്ധികളെ അതിജീവിച്ച് കല ഒ പ്പം കൊണ്ടു നടക്കുന്ന ടീച്ചറാണ് ഞങ്ങളെ പ്രചോദിപ്പിക്കുന്നതും. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് കിട്ടിയ ആളുകളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്.