Saturday 21 January 2023 11:30 AM IST : By സ്വന്തം ലേഖകൻ

‘അത് അനുമതിയില്ലാത്ത കടന്നു കയറ്റം, ഒരു തരത്തിലും ന്യായീകരിക്കാൻ നിൽക്കേണ്ട’: വേണ്ടത് അടിസ്ഥാന മര്യാദ: കുറിപ്പ്

aparna-bala-murali-devika Aparna Balamurali/Photoshoot for Manorama

മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും ഉളുപ്പില്ലാതെ ഇടിച്ചു കയറുന്നവർ. അങ്ങനെ ചെയ്ത ശേഷവും ആ പ്രവർത്തിയെ ന്യായീകരിക്കുന്ന ചിലർ... ലോ കോളജിൽ അപർണ മുരളി നേരിട്ട ബുദ്ധിമുട്ട് നാം കണ്ടതാണ്. എന്നാൽ സംഭവ ശേഷം അപർണയോട് മോശമായി പെരുമാറിയ യുവാവിനെ അനുകൂലിച്ച് ചില സ്വരങ്ങളുയർന്നു. ആ പയ്യൻ അപർണയെ ലൈംഗികമായോ ശാരീരികമായോ മുതലെടുക്കാൻ ശ്രമിച്ചതല്ല എന്ന ന്യായീകരണവും ചിലർ ഉയർത്തി. അത്തരം ഭിന്നസ്വരങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയാണ് ദേവിക എംഎ.

‘ആ വിദ്യാർത്ഥി സെക്ഷ്വലി ഒരു സ്ത്രീയെ കടന്നു പിടിച്ചെന്നോ, ഫിസിക്കലി മുതലാക്കാൻ ശ്രമിച്ചെന്നോ, മദ്യപിച്ചെന്നോ ലഹരിയുപയോഗിച്ചുവെന്നോ അതുകണ്ട ഒരു മനുഷ്യനോ അപർണ ബാലമുരളിക്ക് പോലുമോ തോന്നിയിട്ടുണ്ടാവില്ല. പ്രശ്നം ഒട്ടും കംഫർട്ടബിളല്ലാത്ത സ്പർശനവും, ഒരാളുടെ വ്യക്തിപരമായ ബൗണ്ടറിയിലേക്കുള്ള കൺസെന്റില്ലാത്ത കടന്നു കയറ്റവുമാണ്.’– ദേവിക കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മറ്റൊരാളുടെ സ്വാതന്ത്ര്യം, സൗകര്യം, സന്ദർഭം, സംഘർഷം അയാളുടെ സ്വകാര്യത സമ്മർദം "സമ്മതം" - എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു സാമാന്യ ബോധം ഇല്ലാത്തവരാണ് ഇവിടെ ഭൂരിപക്ഷം പേരും. ഉണ്ടായിരുന്നെങ്കിൽ അനുവാദം ഇല്ലാതെ തന്റെ ശരീരത്തിൽ സ്പർശിച്ച് സെൽഫിയെടുക്കാൻ വന്ന വിദ്യാർത്ഥിയുടെ കൈപ്പിടിയിൽ നിന്നും അത്രക്ക് അസ്വസ്ഥതയോടെ കുതറിമാറുന്ന അപർണ ബാലമുരളിയുടെ വീഡിയോയ്ക്ക് താഴെ ജണ്ടർ ഇക്വാലിറ്റി, സെലിബ്രിറ്റി ജാഡ, നിറത്തിന്റെ രാഷ്ട്രീയം, പുതു തലമുറയുടെ തുറന്ന മനോഭാവം - തുടങ്ങിയ നിഷ്കളങ്ക പ്രസംഗമോ സ്ലട്ട് ഷേമിങ്, സെക്സിയസ്റ്റ് തമാശകൾ, ബോഡി ഷേമിങ്, ജഡ്ജ്മെന്റൽ പരാമർശങ്ങൾ, തുടങ്ങിയ ടോക്സിക്ക് ന്യായവാദങ്ങളോ നിറഞ്ഞു കവിയില്ലായിരുന്നു. ആ പയ്യൻ അപർണയെ ലൈംഗികമായോ ശാരീരികമായോ മുതലെടുക്കാൻ ശ്രമിച്ചതല്ല എന്ന പ്രബന്ധവും ശേഷം നൈസായി ചെക്കനൊരു ഐക്യദാർഢ്യവും കൊടുത്തു കൊണ്ടുള്ള വ്യത്യസ്തമായ നിലവിളി ശബ്ദങ്ങളും കാണാനിടയായി.

ആ വിദ്യാർത്ഥി സെക്ഷ്വലി ഒരു സ്ത്രീയെ കടന്നു പിടിച്ചു എന്നോ , ഫിസിക്കലി മുതലാക്കാൻ ശ്രമിച്ചെന്നോ, മദ്യപിച്ചെന്നോ ലഹരിയുപയോഗിച്ചുവെന്നോ അതുകണ്ട ഒരു മനുഷ്യനോ അപർണ ബാലമുരളിക്ക് പോലുമോ തോന്നിയിട്ടുണ്ടാവില്ല. പ്രശ്നം ഒട്ടും കംഫർട്ടബിളല്ലാത്ത സ്പർശനവും, ഒരാളുടെ വ്യക്തിപരമായ ബൗണ്ടറിയിലേക്കുള്ള കൺസെന്റില്ലാത്ത കടന്നു കയറ്റവുമാണ്. അതൊരു നിസ്സാര പ്രശ്നമല്ല എന്ന ബോധമില്ലാത്തതാണ് , 'കൺസെന്റ്' എന്നാൽ സെലക്ടീവായ - കണ്ടീഷൻസ് അപ്ലെയിഡായ - എന്തോ സാധനം ആണെന്ന മിഥ്യാബോധമുള്ളതാണ്,

ഏറ്റവും ഗുരുതരമായ പ്രശ്നം.

പരിചിതരോ അപരിചിതരോ ആയി കൊളളട്ടെ നിങ്ങൾക്ക് യാതൊരു ഇൻഹിബിഷനും ഇല്ലാതെ വളരെ കംഫർട്ടബിളായി ഒരാളെ കെട്ടിപ്പിടിക്കാനോ ചേർത്ത് നിർത്താനോ ചുംബിക്കുവാനോ പോലും സാധിച്ചേക്കാം. അതു നിങ്ങളുടെ അവകാശവും വികാരവിനിമയമാർഗ്ഗവും കൂടിയാവാം. പക്ഷേ ഇതേറ്റു വാങ്ങുന്നവർക്കും ഇതേ ആനന്ദവും കംഫർട്ടും ഉണ്ട് എന്നത് ഉറപ്പ് വരുത്തുകയാണ് അടിസ്ഥാന മര്യാദ. മറ്റൊരാളെ ശാരീരികമോ മാനസികമോ ആയി അസ്വസ്ഥപ്പെടുത്തിയോ സംഘർഷത്തിലാഴ്ത്തിയോ നിസ്സഹായരാക്കിയോ അല്ല നിങ്ങളുടെ സ്ഥാനം എക്സ്റ്റാബ്ലിഷ് ചെയ്യേണ്ടത് (പട്ടി ഷോ കാണിക്കേണ്ടത്).

ഓ ഒരു കെട്ടിപിടിയിലൊക്കെ ഇതിനും മാത്രം എന്തിരിക്കുന്നു എന്ന് ഇപ്പോഴും തോന്നുന്നുണ്ട് എങ്കിൽ കെട്ടിപ്പിടിയിൽ മാത്രമല്ല, അനുവാദം വാങ്ങാതെ കണ്ടവന്റെ/ളുടെയൊക്കെ കൈത്തുമ്പിൽ ഒന്ന് തൊടാൻ പോലും നിനക്കൊന്നും യാതൊരു അവകാശവുമില്ല. പ്രത്യേകിച്ച് സെലിബ്രിറ്റികൾ എന്നാൽ പൊതുമുതലാണെന്ന വികലമായ ധാരണയുണ്ടെങ്കിൽ നിന്റെയൊക്കെ തലച്ചോറെടുത്ത് മ്യൂസിയത്തിൽ വെക്കാനുളള കാലം കൂടിയായിട്ടുണ്ട്.