Wednesday 10 May 2023 11:24 AM IST : By സ്വന്തം ലേഖകൻ

സർജിക്കൽ ഉപകരണം കൈക്കലാക്കി മുതുകിൽ 6 കുത്തുകൾ, ആക്രമണം പൊലീസിന്റെ കൺമുന്നിൽ: അതിക്രൂരം

Vandana-death-14

ചോര മരവിക്കുന്നൊരു കൊലപാതക വാർത്ത കേട്ടു കൊണ്ടാണ് കേരളം ഉറക്കമുണർന്നത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അധ്യാപകനായിരുന്നെന്ന വിവരം അതിലേറെ ഞെട്ടിപ്പിക്കുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദനയാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമസംഭവം. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന.

കുണ്ടറ നെടുമ്പന ഗവ.യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് പ്രതി. ഇയാൾ എംഡിഎംഎ ഉപയോഗിച്ച കേസിൽ സസ്‌പെൻഷനിലാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ നാലരയോടെയാണ് പ്രതി അക്രമം നടത്തിയത്.

കിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഡോ. വന്ദനയുടെ മുതുകിൽ 6 ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു.

ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഡോക്ടറെ കുത്തിയത്. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.