Thursday 08 December 2022 10:12 AM IST : By സ്വന്തം ലേഖകൻ

മകൾ പുലിയെങ്കിൽ അമ്മ പുപ്പുലി... പിഎസ്‍സി ഒന്നിച്ചെഴുതി, ജയിച്ച് ശ്രീജയും മേഘയും സർക്കാര്‍ ജോലിക്ക്

psc

ഒരേ സെന്ററിൽ ഒരേ ദിവസം പിഎസ്‌സി പരീക്ഷയെഴുതിയ അമ്മയും മകളും ഒരേ ദിവസം കായികക്ഷമതാ പരീക്ഷയും വിജയിച്ച് സർക്കാർ സർവീസിലേക്ക്. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും (40) മകൾ മേഘയും (21) വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കാണു യോഗ്യത നേടിയിരിക്കുന്നത്. അഭിമുഖത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ ഇവർക്കു നിയമനമാകും.

2015 മുതൽ 5 വർഷം ശ്രീജ അടിമാലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ ആശാ വർക്കറാണ്. മേഘ മൂന്നാർ എസ്ടി ഹോസ്റ്റലിൽ താൽക്കാലിക ജോലി ചെയ്യുന്നു. ശ്രീജയുടെ ഇളയ മകളും പത്താംക്ലാസ് വിദ്യാർഥിനിയുമായ അനഘയുടെ പിന്തുണയോടെയാണ് ഇരുവരും പിഎസ്‍‌സി പരീക്ഷയ്ക്കു തയാറെടുത്തത്. ശ്രീജ നേരത്തേ ഒരു പ്രാവശ്യം പിഎസ്‍സി പരീക്ഷയെഴുതിയിട്ടുണ്ട്.

ജോലിക്കായി മേഘയുടെ ആദ്യ പരീക്ഷയാണിത്. ഇന്നലെ കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ 100 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു കായികക്ഷമതാ പരീക്ഷ. ശ്രീജയുടെ 2 സഹോദരങ്ങളും സർക്കാർ ഉദ്യോഗസ്ഥരാണ്. സഹോദരൻ എം.കെ.സജി എംജി സർവകലാശാലയിൽ സബ് റജിസ്ട്രാറാണ്. സഹോദരി എം.കെ.സുജ മൂന്നാറിൽ അസിസ്റ്റന്റ് ലേബർ ഓഫിസറാണ്.

More