Saturday 04 February 2023 10:14 AM IST : By സ്വന്തം ലേഖകൻ

ഡ്രൈവിങ് സീറ്റിലെ ദ്രാവകം അടങ്ങിയ പ്ലാസ്റ്റിക് കുപ്പി, ഉരുകി വീണ മിശ്രിതം എന്ത്? കണ്ണൂരിൽ കത്തിയ കാറിൽ പരിശോധന

kannur-accident ചിത്രം: മനോരമ

പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് യുവതിയും ഭർത്താവും പൊള്ളലേറ്റു മരിക്കാനിടയായ സംഭവത്തിൽ വിശദമായ പരിശോധന. കത്തിയമർന്ന കാർ മോട്ടർ വാഹന വകുപ്പും ഫൊറൻസിക് ഉദ്യോഗസ്ഥരും ഇന്നലെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കി.

വിശദമായ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് അൽപം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഫൊറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ദ്രാവകം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ദ്രാവകവുമായി ചേർന്ന് കത്തിപ്പടർന്നതാണോ എന്ന് അന്വേഷിക്കും. കുപ്പിയിലെ ദ്രാവകമെന്തെന്നും ഇതു തീപടരാൻ സഹായിച്ചിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധനയിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  

മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്, ഭാര്യ റീഷ എന്നിവരാണു അപകടത്തിൽ മരിച്ചത്.  സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

അതേസമയം കാറിനകത്ത് ഉണ്ടായിരുന്നത് പെട്രോൾ ആണെന്ന പ്രചാരണം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും നിഷേധിച്ചു. പെട്രോൾ ആയിരുന്നെങ്കിൽ കാർ പൂർണമായി കത്തുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാറിനകത്ത് 3 കുപ്പി വെള്ളം ഉണ്ടായിരുന്നുവെന്ന് മരിച്ച റീഷയുടെ പിതാവ് കെ.കെ.വിശ്വനാഥൻ പറഞ്ഞു. നേരത്തെ കാറിലെ എക്സ്ട്രാ ഫിറ്റിങ്ങ്സുകളാണ് അപകടത്തിലേക്ക് നയിച്ചതെന്ന തരത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാസപരിശോധനാ ഫലം വരും മുൻപ് ഇത്തരം നിഗമനങ്ങളിൽ എത്തരുതെന്ന് കുടുംബാംഗങ്ങളും ഉദ്യോസ്ഥരും പറഞ്ഞു.

സ്റ്റീയറിങ്ങിന്റെ അടിഭാഗത്ത് ഷോർട് സർക്യൂട്ടിൽ നിന്നുണ്ടായ തീപ്പൊരിയാണു തീ പിടിക്കാനിടയാക്കിയതെന്നു മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഡ്രൈവിങ്ങിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. റിവേഴ്സ് ക്യാമറയും ഇതിന്റെ ഭാഗമായ ഇൻഫോടെയ്മെന്റ് സിസ്റ്റവും പുതിയതായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വയറിങ്ങിൽ നിന്നാകാം ഷോർട് സർക്യൂട്ടുണ്ടായതെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 

ആർടിഒമാരായ ഇ. ഉണ്ണിക്കൃഷ്ണൻ, എ.സി.ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കെ.കെ.വിശ്വനാഥൻ, സഹോദര ഭാര്യ സജിന എന്നിവരിൽ നിന്ന് ഇന്നലെ സിറ്റി പൊലീസ് ഇൻസ്പെക്ടർ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെയും ദൃക്സാക്ഷികളുടെയും മൊഴികളും രേഖപ്പെടുത്തി.