Thursday 01 December 2022 03:52 PM IST : By സ്വന്തം ലേഖകൻ

‘പെട്ടെന്ന് എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടാൻ തുടങ്ങി’: ഫൊട്ടോഷൂട്ടിനിടെ ആന ഇടഞ്ഞ സംഭവം: വിഡിയോ പുറത്ത്

elephant-guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയുടെ ആക്രമണത്തിൽനിന്ന് പാപ്പാൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് ദാമോദ ദാസൻ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. നടന്നുവരുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ ആന പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. 

ആനയുടെ വശത്തുകൂടി നടക്കുകയായിരുന്ന രാധാകൃഷ്ണനെ പെട്ടെന്നു വെട്ടിത്തിരിഞ്ഞ ആന തുമ്പിക്കൈയിൽ ചുറ്റിയെടുക്കാൻ ശ്രമിച്ചു. ഓടിമാറുന്നതിനിടെ രാധാകൃഷ്ണൻ നിലത്തു വീണെങ്കിലും ആനയ്ക്ക് മുണ്ടിലാണു പിടിത്തംകിട്ടിയത്. ആന മുണ്ട് വലിച്ചെടുക്കുന്നതിനിടെ രാധാകൃഷ്ണൻ എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ട് ചുരുട്ടിയെറിഞ്ഞ ശേഷം ആന ശാന്തനാകുകയും ചെയ്തു.

ആന ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിനു സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകർത്തുകയായിരുന്ന ഫൊട്ടോഗ്രഫർമാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്.

ഇപ്പോഴിതാ ആ പേടിപ്പിക്കുന്ന ആ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി വെഡ്ഡിങ് ഹൈലൈറ്റ്സ് പുറത്തു വന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ഈ വെഡിങ് ഹൈലൈറ്റിനെക്കുറിച്ച് വരൻ ഓർത്തെടുക്കുന്നതും വിഡിയോയിൽ കാണാം. വരന്റെ വാക്കുകൾ ഇങ്ങനെ; "ഞങ്ങൾ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു, പെട്ടെന്ന് എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടാൻ തുടങ്ങി. തിരിഞ്ഞുനോക്കിയപ്പോഴാണ് ആന ഇടഞ്ഞത് മനസിലായത്". വെഡിങ് മൊജിറ്റോ എന്ന പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏഴുദിവസം മുൻപ് പോസ്റ്റ് ചെയ്ത വിഡിയോ നിരവധിപ്പേർ കണ്ടു.