Monday 06 February 2023 03:35 PM IST : By സ്വന്തം ലേഖകൻ

ആ നാല് മൃതദേഹങ്ങളിൽ സയനൈഡ് സാന്നിദ്ധ്യം ഇല്ല: ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മൃതദേഹത്തിൽ മാത്രം വിഷ സാന്നിദ്ധ്യം

jolly-koodathayi

കൂടത്തായി കൊലപാതക പരമ്പരയിൽ കൊലപ്പെട്ട ആറു പേരിൽ നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധന ഫലം. 2020 ൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തൽ ഉണ്ടായിരുന്നു. 

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്.

റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു. കൂടത്തായിയിൽ കൊല്ലപ്പെട്ടവരിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

മറ്റ് 5 പേരുടെ  മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ   മൃതദേഹ സാംപിളിൽ മാത്രമാണു  സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.തുടർന്ന് മറ്റു 4 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

more