Thursday 08 December 2022 02:03 PM IST

‘മനസിന്റെ സമനില തെറ്റുമെന്ന് തോന്നി, 37 വയസിൽ വേറെ ഏതു ജോലി കിട്ടും’: ഒറ്റയ്ക്കിരുന്ന് കരഞ്ഞ ദിവസങ്ങൾ: ഹൃദയം നീറി നിഷ

Binsha Muhammed

nisha-psc

കൊല്ലം ചവറ സ്വദേശിയായ നിഷയ്ക്ക് രണ്ട് കുഞ്ഞുങ്ങളാണ്. പതിനാലുകാരൻ സൂര്യ നാരായണനും പത്തു വയസുള്ള കാശിനാഥനും. അവർക്കൊപ്പം ഒരു കുഞ്ഞിനെപ്പോലെ കൊണ്ടു നടന്നതാണ് സർക്കാർ ജോലിയെന്ന സ്വപ്നം. ഇരുപത്തി മൂന്നാം വയസിൽ കല്യാണം, ഭർത്താവ്, രണ്ടു മക്കൾ. ജീവിതം ഉത്തരവാദിത്തങ്ങളുടെ കൂടായപ്പോഴും പൊടിപിടിക്കാത്ത ഫയലു പോലെ ജോലിയെന്ന സ്വപ്നം ചങ്കിൽ കൊണ്ടു നടന്നു ആ മുപ്പത്തിയേഴുകാരി. പ്രായപരിധിയുടെ കാര്യത്തിൽ പിഎസ്‍സി ലാസ്റ്റ് ബെൽ മുഴക്കാറായപ്പോഴും വിട്ടില്ല ആ നിശ്ചയ ദാർഢ്യം. അവസാന ശ്രമമെന്നോണം കഠിനമായി തന്നെ പരിശ്രമിച്ചു. കുഞ്ഞു കുട്ടി പരാധീനതകൾക്കിടയിലും കഠിനമായി തന്നെ ശ്രമിച്ചു. അധ്വാനത്തിന് ഫലമുണ്ടായി, ലക്ഷക്കക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നമായ എൽഡി ക്ലാർക്ക് പരീക്ഷയുടെ മെയിൻ ലിസ്റ്റിൽ നിഷയുടെ പേരും തെളിഞ്ഞു വന്നു. പക്ഷേ കഥ പിന്നീടാണ് മാറിമറിഞ്ഞത്.

റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോൾ കഥയിലൊരു വില്ലൻ അവതരിച്ചു. . കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവിനു വേണ്ടി കയറിയിറങ്ങിയ നിഷയുടെ ആവേശം തലസ്ഥാനത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന് അത്ര സുഖിച്ചില്ല. റാങ്ക് പട്ടികയുടെ കാലാവധി തീരും മുമ്പ് തങ്ങളുടെ ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന നിഷയുടെ ആവർത്തിച്ചുള്ള കേണപേക്ഷകൾ ആ ‘ഉദ്യോഗസ്ഥപ്രഭു’ സൗകര്യപൂർവം മറന്നു. പിന്നെയോ, കാലവധി തീരുന്നതിന്റെ പിറ്റേദിവസം പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്തു. ആഗ്രഹിച്ച ജോലി വെള്ളത്തിൽ വരച്ച വര പോലെയായി.

അന്നു തൊട്ടിന്നു വരെ ആ നിഷയെന്ന വീട്ടമ്മ അലച്ചിലിലാണ്. അർഹതപ്പെട്ട ജോലിക്കു വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ്. പതിനഞ്ചു വർഷം നീളുന്ന തന്റെ സ്വപ്നത്തെ എന്ത് ‘ഈഗോയുടെ’ പേരിലാണ് അയാൾ ഞെരിച്ചുടച്ചു കളഞ്ഞത്, എന്തു തെറ്റാണ് താൻ ചെയ്തത്? ആ ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ തുടരുമ്പോഴും കൊല്ലം ചവറ തെക്കും ഭാഗം സ്വദേശിയായ നിഷ പോരാട്ടം തുടരുകയാണ്, തന്റെ അവസ്ഥ പറയുകയാണ് വനിത ഓൺലൈനോട്.

സ്വപ്നമായിരുന്നു... പക്ഷേ...

നല്ല വീട്ടമ്മയായി, നല്ല ഭാര്യയായി, മക്കളെ നോക്കി ജീവിതം മുന്നോട്ടു തള്ളിനീക്കുമ്പോഴും ഒരു പെണ്ണിന്റെ മനസിൽ ഒരു ജോലിയെന്ന ഫയർ ഉണ്ടെങ്കിൽ അവൾ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും. ആ കൊതിയാണ്... സ്വപ്നമാണ് എന്നെ ഇപ്പോഴും ഈ ജോലിക്കു വേണ്ടി അലയാനും പോരാടാനും പ്രേരിപ്പിക്കുന്നത്. ഈ ജോലി എനിക്ക് വെറുമൊരു ടൈം പാസല്ല, പോക്കറ്റ് മണിക്കുള്ള മാർഗവുമല്ല, സ്വപ്നമാണ്, 15 വർഷം നീളുന്ന സ്വപ്നം. – നിഷ പറഞ്ഞു തുടങ്ങുകയാണ്.

ഇരുപത്തിമൂന്നാം വയസിലായിരുന്നു വിവാഹം. ഇന്നെനിക്ക് 37–ാം വയസ്. ഡിഗ്രി കഴിഞ്ഞ നാളുതൊട്ടേ ഒരു ജോലിക്കു വേണ്ടി പ്രയത്നിക്കുകയാണ്. കുഞ്ഞുങ്ങളുണ്ടായപ്പോഴും, അമ്മയുടെ ഉത്തരവാദിത്തങ്ങളിലേക്ക് കടന്നപ്പോഴുമൊക്കെ ജോലിയെന്ന സ്വപ്നം ചാരം മൂടിക്കിടന്നു. ഓരോ തവണയും നല്ല രീതിയിൽ പരീക്ഷയ്ക്ക് പ്രിപ്പയർ ചെയ്തപ്പോഴും പരീക്ഷയ്ക്ക് ഒരുങ്ങിയപ്പോഴുമൊക്കെ പ്രസവം, കുഞ്ഞുങ്ങൾ, കുടുംബം എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളിലേക്ക് പോയി. ജോലിക്കു വേണ്ടിയുള്ള ശ്രമവും കാത്തിരിപ്പുമൊക്കെ നീണ്ടുപോയതും അതൊക്കെ കൊണ്ടാണ്. ഒരിക്കൽ പോലും ജോലിക്കു വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചില്ല. ഇടവേളകളിൽ റാങ്ക് ഫയലുകൾ വാങ്ങിച്ചു വച്ച് പഠിച്ചു. സമയം കണ്ടെത്തി ക്ലാസുകൾ അറ്റൻഡ് ചെയ്തു. എന്റെ ആഗ്രഹങ്ങൾളിലും സ്വപ്നങ്ങളിലുമൊക്കെ അന്നേരം നിഴലായി ഭർത്താവ് പ്രവീൺ ഉണ്ടായിരുന്നു. ഇതിനിടയിൽ ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജോലിക്കുള്ള ലിസ്റ്റുകളിൽ പലപ്പോഴും വന്നുപോയി. പക്ഷേ ഭാഗ്യം മാത്രം അകന്നു നിന്നു. കാത്തിരിപ്പും കാലവും കടന്നു പോയി. എനിക്ക് വയസ് മുപ്പത്തിയേഴായി, അവസാന ചാൻസെന്നോണമാണ് എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് കഷ്ടപ്പെട്ട് പഠിച്ചതും പ്രിപ്പയർ ചെയ്തത്. ഭാഗ്യം കടാക്ഷിച്ചു, കഷ്ടപ്പാടും വെറുതെയായില്ല. റാങ്ക് പട്ടികയിൽ 696–ാംറാങ്കുകാരിയായിരുന്നു ഞാൻ. ഒത്തിരി സന്തോഷിച്ചു. പക്ഷേ ഭാഗ്യം മാത്രം പോരെന്നും നമ്മുടെ ജാതകം തിരുത്താൻ ശേഷിയുള്ള ഉദ്യോഗസ്ഥർ തലയ്ക്കു മുകളിലുണ്ടെന്നും കാലം തെളിയിച്ചു. അനാസ്ഥയാണോ, കൃത്യവിലോപമാണോ, പ്രതികാരമാണോ എന്താണെന്നെറിയില്ല. എനിക്ക് അർഹതപ്പെട്ട ജോലി കൺമുന്നിൽ തെറിച്ചു പോയി. തട്ടിത്തെറിപ്പിച്ചു എന്നു പറയുന്നതാകും കൂടുതൽ ശരി.

nisha.jpg.image.845.440

നിഷയ്ക്ക് സംഭവിച്ചത്

റാങ്ക് ലിസ്റ്റിൽ മോശമല്ലാത്ത ഇടത്തുണ്ടായിരുന്നെങ്കിലും ആശങ്കകൾ ഒരുപാടുണ്ടായിരുന്നു. ആഗ്രഹിച്ച ജോലി കിട്ടുമോ, ലിസ്റ്റിന്റെ കാലാവധി തീരുമോ എന്നിങ്ങനെയുള്ള ടെൻഷൻ. പ്രായമാണെങ്കിൽ കടന്നും പോകുന്നു. അതുകൊണ്ടു തന്നെ ഈ ജോലിക്കു വേണ്ടി തുനിഞ്ഞിറങ്ങി. പിഎസ്‍സി അറിയിപ്പുകളും നിയമനങ്ങളും കൃത്യമായി ഫോളോ ചെയ്തു. കൊച്ചി കോർപറേഷൻ ഓഫിസിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കാണ് നിയമനം വരാനുള്ളത്. അവിടെ ഒഴിവുണ്ടെന്ന കാര്യം ഞാനും സുഹൃത്തുക്കളും പലതവണ കയറിയിറങ്ങി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സി‌യെ അറിയിക്കണമെന്നും അപേക്ഷിച്ചു.

റാങ്ക് പട്ടിക തീരാൻ മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ എന്നോർക്കണേ. മാർച്ച് 29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. എല്ലാം ഓകെയാണ് ചെയ്തോളാം മറക്കില്ല എന്നൊക്കെ വാക്കു പറഞ്ഞതാണ്. അന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ അത് റിപ്പോർട്ട് ചെയ്യുമെന്ന് കരുതി. അതുംപോട്ടെ, അന്നേ ദിവസം അർധരാത്രി 12 മണിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്താലും മതിയായിരുന്നു. പക്ഷേ, അദ്ദേഹം ചെയ്തത് എന്താണെന്ന് അറിയുമോ, എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പിഎസ്‌സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു.

കടുത്ത അവഗണനയും നീതി നിഷേധവുമാണ് നടന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുവരെ സംഭവിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിവരാവകാശ രേഖയുമായി ആ മനുഷ്യനെ കാണാൻ‌ ഞാന്‍ പോയി. ഡയറക്ടർ ഒപ്പിടാൻ താമസിച്ചു എന്ന ന്യായമാണ് അയാൾ പറഞ്ഞത്. ഞാൻ ഒരക്ഷരം മിണ്ടിയില്ല, ഒന്നും സംഭവിക്കാത്ത മട്ടിൽ കൂളായി ന്യായം പറഞ്ഞ അദ്ദേഹത്തോട് എന്ത് പറയാനാണ്. ഭർത്താവിനേയും കൂട്ടി അവിടുന്ന് പോയി. ഒരു പക്ഷേ അവിടെ നിന്നിരുന്നെങ്കിൽ ഞാൻ പൊട്ടിത്തെറിച്ചു പോയേനെ. വിവരാവകാശ രേഖയിൽ ഒഴിവ് റിപ്പോർട്ട് ചെയ്ത സമയം, ഫയല്‍ ഹാൻഡോവർ ചെയ്ത സമയം എല്ലാം കൃത്യമായി പറയുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് മോശമായി സംസാരിച്ചിട്ടു കൂടിയില്ല. എന്നിട്ടും എന്നോടെന്തേ ഇങ്ങനെ ചെയ്തു.

ഒന്നുറപ്പാണ് അദ്ദേഹം ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയതിൽ എന്തോ ശക്തമായ കാരണമുണ്ട്. ഒന്നുകിൽ ഇവൾ രക്ഷപ്പെടേണ്ട എന്ന ദുഷ്ട ചിന്ത, അല്ലെങ്കിൽ ഞങ്ങളെ തഴഞ്ഞിട്ട് വേറെ ആരെയെങ്കിലും മുന്നിൽ കണ്ടു കൊണ്ടുള്ള ബോധപൂർവമായ ഇടപെടൽ. അല്ലെങ്കിൽ എന്തിനിങ്ങനെ ചെയ്യണം. ഏതൊരു ഉദ്യോഗസ്ഥനായാലും എങ്ങനെയെങ്കിലും രക്ഷപ്പെടട്ടേ എന്നേ വിചാരിക്കുകയുള്ളൂ. മാത്രമല്ല, ഉണ്ടാകുന്ന ഒഴിവുകൾ ഒട്ടും താമസിയാതെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന 1971 മുതലുള്ള വിവിധ ഉത്തരവുകളും ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങളും നമ്മുടെകൺമുന്നിലുണ്ട്. എന്തു ചെയ്യാം ഇതെന്റെ വിധി..

തുടരുന്ന പോരാട്ടം

ഒരാളുടെ ജോലി എന്നാൽ അതിന് ജീവിതമെന്ന് കൂടി അർഥമുണ്ടെന്ന് എന്തേ ഇവർ ഓർക്കാത്തത്. എന്നെ ഒഴിവാക്കിയ നിമിഷം തൊട്ട് ഇതുവരെ ഞാൻ കടന്നുപോയൊരു അവസ്ഥയുണ്ട്. പുറമേ ചിരിക്കുന്നുവെന്നേയുള്ളൂ ആരുമറിയാതെ ഞാൻ കരയുന്നുണ്ട്. തഴയപ്പെട്ട നിമിഷം തൊട്ട് അങ്ങോട്ട് മനസിന്റെ സമനില തെറ്റുമെന്നു വരെ തോന്നി. ഭർത്താവ് കൂടെ ഉള്ളതുകൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കുന്നത്. എന്റെ സ്ഥാനത്ത് ഒരാൺകുട്ടി ആയിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ആത്മഹത്യ ചെയ്തേനെ. ജോലി, വിവാഹം, ബാധ്യതകൾ എല്ലാം തുലാസിലാലേനെ. സർക്കാർ ജോലി വ്രതം പോലെ മനസിൽ കൊണ്ടു നടക്കുന്ന കുറച്ചു പേരുണ്ട്. അവരെ ഇനിയെങ്കിലും ഇങ്ങനെ ദ്രോഹിക്കരുത്.

ഒന്നും അവസാനിച്ചിട്ടില്ല, അർഹതപ്പെട്ട ജോലിക്കായി എന്റെപോരാട്ടം തുടരുകയാണ്. ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്. വിഷയം വനിത കമ്മീഷന്റെ മുന്നിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സാറിനെ കണ്ട് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിവേദനം നൽകി. ഒന്നും വെറുതെയാകില്ല എന്ന പ്രതീക്ഷയുണ്ട്.– നിഷ പറഞ്ഞു നിർത്തി.