Wednesday 19 April 2023 05:04 PM IST

‘നിന്റെ അമ്മയാ മോനേ, ഞാൻ’: ഭർത്താവ് മരിച്ചു, നിവൃത്തിയില്ലാതെ മകനെ അനാഥാലയത്തിലാക്കി: മകനുവേണ്ടി ഒരമ്മയുടെ അലച്ചിൽ

V R Jyothish

Chief Sub Editor

pushpa-appoos

പതിനഞ്ചു വർഷം മുൻപുള്ള ഒരു വൈകുന്നേരം. സ്ഥലം ചങ്ങനാശ്ശേരി അൽഫോൻസ സ്നേഹ നിവാസ്. അനാഥരും അശരണരുമായ കുട്ടികൾക്കുള്ള ദൈവത്തിന്റെ ആലയം. അവിടുത്തെ അന്തേവാസികളിൽ ഒരാളാണു മൂന്നു വയസ്സുകാരൻ അപ്പു. വീട്ടിലെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതു കൊണ്ടാണ് അപ്പുവിനെ അമ്മ പുഷ്പ സ്നേഹനിവാസിൽ എത്തിക്കുന്നത്. ദൂരെയൊരു സ്ഥലത്തു വീട്ടുജോലിക്കാരിയായി പോയ അമ്മ വല്ലപ്പോഴും മകനെ കാണാൻ വരും. അന്ന് അമ്മ മകനെ കാണാൻ വന്നപ്പോൾ സ്നേഹനിവാസിലെ സിസ്റ്റർക്ക് ഒരു കുസൃതി തോന്നി. അമ്മയുടെയും മകന്റെയും ഒരു ഫോട്ടോയെടുത്തു.

––––––

കോട്ടയം കിടങ്ങൂർ സ്വദേശികളായ ദാമോദരൻ–ജാനകി ദമ്പതികൾക്കു പത്തു മക്കൾ. അതിലൊരാളാണ് പുഷ്പ.

അഞ്ചാംക്ലാസ്സിൽ പുഷ്പയുടെ പഠനം മുടങ്ങി. തുടർന്നു പഠിക്കാൻ സാധിച്ചില്ല. വീടിനടുത്തുള്ള ബിജു എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പു കാര്യമാക്കാതെ പതിനെട്ടാം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങി. പിന്നീട് പാലാ താലൂക്ക് ആശുപത്രിയിൽ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അന്ന് അമ്മജാനകിയായിരുന്നു പുഷ്പയോടൊപ്പം ആ ശുപത്രിയിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ രഞ്ജിത് എന്നാണു അമ്മ പേരു പറഞ്ഞുകൊടുത്തത്.

സന്തോഷജീവിതമായിരുന്നില്ല പിന്നീടു പുഷ്പയെ കാത്തിരുന്നത്. പ്രണയവിവാഹമെന്ന കാട്ടുതീ അപ്പോഴും കുടുംബത്തിൽ അണഞ്ഞിരുന്നില്ല. ഭർത്താവിന്റെ വീട്ടിലും സ്വസ്ഥത കിട്ടിയില്ല.

‘‘കുടുംബപ്രശ്നങ്ങൾ കാരണം ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു പോരേണ്ടി വന്നു. അമ്മ മരിക്കുന്ന കാലത്തോളം സ്വന്തം വീട്ടിൽ നിന്നു. പിന്നെ, ഞങ്ങൾ അവിടെ അധികപ്പറ്റായി. പിന്നെയും വന്നു ദുർവിധി. ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചു.’’ അപ്പൂസിനെ ചേർത്തുനിർത്തി ജീവിതാനുഭവങ്ങൾ പറയുമ്പോൾ പുഷ്പയുടെ കണ്ണിൽ മഴ പെയ്യുകയായിരുന്നു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ മകന്‍ തുടച്ചു.

കടലിരമ്പം പോലെ ഒരു തീവണ്ടി

ഒടുവിൽ പുഷ്പ കുഞ്ഞിനെയും കൊണ്ടു വീട്ടിൽ നിന്നിറങ്ങി. സുഹൃത്തിന്റെ സഹായത്തോെട കാസർകോടുള്ള വീട്ടിൽ ഹോം നഴ്സായി ജോലി കിട്ടി. പക്ഷേ, വീട്ടുകാർ തീർത്തു പറഞ്ഞു; ‘കുഞ്ഞിനെ ഇവിടെ പറ്റില്ല.’ കുഞ്ഞിനെ വളർത്തണമെങ്കിൽ ജോലി ചെയ്തേ പറ്റൂ. ആ അന്വേഷണം ചെന്നെത്തിയതു ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഫാത്തിമാപുരം അൽഫോൻസ സ്നേഹനിവാസിലാണ്.

മൂന്നു വയസ്സുള്ള മകനെ അനാഥാലയത്തിലാക്കാൻ ജീവിതത്തിലാദ്യമായി പുഷ്പ തീവണ്ടിയിൽ കയറി. ചങ്ങനാശ്ശേരി അടുക്കുന്തോറും പുഷ്പ മകനെ മുറുകെപ്പിടിച്ചു. ഏതാനും മണിക്കൂർ കൂടി കഴിഞ്ഞാൽ മകനോടു യാത്ര പറയണം; ഹൃദയം പറിച്ചുകൊടുക്കുന്ന വേദനയോടെ ആ പെറ്റമ്മ മകനെ അൽഫോൻസ സ്നേഹനിവാസിലെ സിസ്റ്റർമാർക്കു കൈമാറി. അമ്മ വിളിച്ചിരുന്ന പോലെ അവരും അവനെ അപ്പൂസേ എന്നു വിളിച്ചു.

പിന്നെ, മാസത്തിൽ ഒരു ദിവസമെങ്കിലും മകനെക്കാണാൻ ആ അമ്മ മധുരപലഹാരങ്ങളുമായി ഓടിവന്നു. അ മ്മയെ കാണാൻ മകനും കാത്തിരുന്നു. അങ്ങനെ അപ്പൂസിന് അമ്മ മാസത്തിലൊരിക്കൽ കിട്ടുന്ന മധുരമായി മാറി.

അതിനിടയിൽ പുഷ്പ ജോലിക്കു നിന്നിരുന്ന വീട്ടിലെ വല്യമ്മയ്ക്കു സുഖമില്ലാതെ കിടപ്പിലായി. ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രകൾ മുടങ്ങി. മാസങ്ങൾ കഴിഞ്ഞു വല്യമ്മയുടെ മരണശേഷമാണു പുഷ്പ സ്നേഹനിവാസിൽ എത്തുന്നത്. അതു ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു. സ്നേഹനിവാസ് ഉണ്ടായിരുന്ന സ്ഥലത്ത് കൂടെ റെയിൽവേ ട്രാക്. പുഷ്പയ്ക്കു കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. പലരോടും തിരക്കി. ആർക്കും കാര്യമായ ഒരു വിവരവും നൽകാൻ കഴിഞ്ഞില്ല. കരഞ്ഞു തളർന്നൊടുവിൽ മധുരപലഹാരങ്ങൾ റെയിൽവേസ്റ്റേഷനിൽ ഉ പേക്ഷിച്ച് പുഷ്പ കാസർകോട്ടേക്ക് തീവണ്ടി കയറി.

അമ്പലമുറ്റത്തെ ആശ്രയം

അന്നു മുതൽ മകനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ആ അമ്മ. കാസർകോടു നിന്നു തിരിച്ച് നാട്ടിലെത്തി. ചില ബന്ധുക്കളുടെ സഹായത്തോടെ ചെറിയ ജോലികൾ ചെയ്തു. കുറച്ചു വർഷങ്ങൾ അങ്ങനെ കടന്നുപോയി. ഇതിനിടയിൽ പുഷ്പ ഭക്തിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പറ്റാവുന്ന ദിവസങ്ങളിലെല്ലാം ക്ഷേത്രങ്ങളിൽ പോയി. മകനു വേണ്ടിയുള്ള പ്രാർഥന തുടർന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ പതിവായി പോകുമായിരുന്നു. മകനെ തിരിച്ചുതരണേ എന്നു കരഞ്ഞു പ്രാർഥിച്ചിറങ്ങിയൊരു ദിവസമാണ് ലോട്ടറി കച്ചവടം നടത്തുന്ന കുഞ്ഞപ്പനെ പരിചയപ്പെടുന്നത്. മകനെ കണ്ടുപിടിക്കാൻ സഹായിക്കാമെന്നു കുഞ്ഞപ്പൻ വാക്കു നൽകി. ഭാര്യയെ നഷ്ടപ്പെട്ട കുഞ്ഞപ്പനു രണ്ട് ആൺമക്കളായിരുന്നു. ഒരു ദിവസം കുഞ്ഞപ്പൻ പുഷ്പയെ ജീവിതത്തിലേക്ക് ക്ഷണിച്ചു.

അങ്ങനെ ഏറ്റുമാനൂരപ്പന്റെ സന്നിധിയിൽ പുഷ്പ കുഞ്ഞപ്പന്റെ കൈപിടിച്ചു. പുതിയൊരു ജീവിതത്തിലേക്കു കടന്നു. കുഞ്ഞപ്പൻ വാക്കു പാലിച്ചു. പുഷ്പയുടെ മകനെ തേടിയിറങ്ങി. അൽഫോൻസ സ്നേഹനിവാസ് വാകത്താനത്തേക്കു മാറ്റിയെന്ന് അറിഞ്ഞു. പക്ഷേ, ഇപ്പോൾ അതില്ല. കുട്ടികളെ നെടുംകുന്നത്തേക്ക് അയച്ചിരുന്നു. കുഞ്ഞപ്പനും പുഷ്പയും അവിടെയെത്തി. പക്ഷേ, എത്തിയ കുട്ടികളുടെ കൂട്ടത്തിൽ അപ്പൂസ് ഇല്ല. ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഡൽഹിയിലേക്ക് സ്ഥലം മാറിപ്പോയി. അവിടെയുള്ളവർക്ക് കുട്ടിയെ അറിയുകയുമില്ല.

12 വയസ്സു കഴിഞ്ഞ കുട്ടികളെ സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും എന്ന നടപടിക്രമം അറിയാൻ കഴിഞ്ഞു. കോട്ടയം ജില്ലയിൽ തിരുവഞ്ചൂരിൽ സർക്കാർ ചിൽഡ്രൻസ് ഹോം ഉണ്ട്. അങ്ങനെ കുഞ്ഞപ്പനും പുഷ്പയും തിരുവഞ്ചൂർ ചിൽഡ്രസ് ഹോമിലെത്തി. 2019– ലാണ് ഈ സംഭവം നടക്കുന്നത്.

pushpa-2 അപ്പൂസും അമ്മ പുഷ്പയും (ഫയലിൽ നിന്നു കിട്ടിയ ചിത്രം)

മകൻ എന്റെ മകൻ

‘‘ഞാൻ അവിടെയെത്തിയപ്പോൾ കുറച്ചു കുട്ടികൾ പടിയി റങ്ങി വരുന്നു. എന്റെ മകനെ ഒറ്റനോട്ടത്തിൽ എനിക്കു മനസ്സിലായി. പക്ഷേ, എന്നെ അവനു മനസ്സിലായില്ല. 13 വ ർഷത്തിനു ശേഷം കാണുന്നതല്ലേ. അവൻ ഏറെ വളർന്നു. നല്ല ഉയരം. എത്ര വളർന്നാലും മകന‌ല്ലേ. മുന്നിലെത്തുമ്പോൾ അമ്മയ്ക്കു മനസ്സിലാകാതിരിക്കുമോ? ’’

അന്നു ടി.ജി. ആന്റണിയായിരുന്നു ചിൽഡ്രൻസ് ഹോം സൂപ്രണ്ട്. അപ്പു മകനാണെന്നു തെളിയിക്കുന്ന രേഖക ളൊന്നും ഹാജരാക്കാൻ പുഷ്പയ്ക്കു കഴിഞ്ഞില്ല. മാത്രമല്ല, പുഷ്പയ്ക്കു പോലും അന്നു തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അപ്പൂസിന്റെ ജ നനസർട്ടിഫിക്കറ്റ് ആണ്. അതിൽ കുഞ്ഞിന്റെ പേര് രഞ്ജിത് ബിജു എന്നായിരുന്നു. മാത്രമല്ല മകൻ അമ്മയെ തിരിച്ചറിഞ്ഞുമില്ല. സൂപ്രണ്ട് നിസ്സഹായത വെളിപ്പെടുത്തി.

‘നിന്റെ അമ്മയാ മോനേ, ഞാൻ’ മകനു മുന്നിൽ നിന്ന് ആർത്തലയ്ക്കുന്ന കണ്ണീരോടെ പുഷ്പ പറഞ്ഞു. പെട്ടെന്നുണ്ടായ സംഭ്രമത്തിൽ അപ്പൂസ് ഒന്നും മിണ്ടിയില്ല. പുഷ്പയുടെ കയ്യിൽ നിന്നു അപേക്ഷയും ജനനസർട്ടിഫിക്കറ്റിന്റെ കോപ്പിയും വാങ്ങിയാണു സൂപ്രണ്ട് ആന്റണി അവരെ യാത്രയാക്കിയത്.

ആരെങ്കിലും വരും, വരാതിരിക്കില്ല

ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്യുന്നവരെ അത്യന്തം വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. 18 വയസ്സുവരെയാണ് ചിൽഡ്രൻസ് ഹോമിലെ സംരക്ഷണം. ഇതിനകം ഉറ്റവർ തെളിവു സഹിതം വന്നാൽ ഒപ്പം വിടാം. അല്ലെങ്കിൽ ആ ഫ്റ്റർ കെയർ ഹോമിലേക്കു വിടണം. അഞ്ചു വർഷത്തേക്ക് കൂടിയാണ് ആ സർക്കാർ സംരക്ഷണം. ചിൽഡ്രൻസ് ഹോമിലെ ഓരോ കുട്ടിയുടെയും മനസ്സിലുണ്ടാകും അവസാന ദിവസം വരെ ആ പ്രതീക്ഷ. അമ്മയോ അച്ഛനോ പടി കയറി വരുമോന്നോർത്ത് അവർ കാത്തിരിക്കും. ഭൂരിപക്ഷം പേരെയും തേടി ആരും വരാറില്ല എന്നതാണു സത്യം. പക്ഷേ, ആ നിർണായക ദിവസങ്ങളിലാണ് അപ്പൂസിനെ തേടി അവന്റെ അമ്മ എത്തുന്നത്.

സ്േനഹനിവാസിലെ റജിസ്റ്റർ പ്രകാരം 12 വയസ്സുള്ളപ്പോഴാണ് അപ്പൂസിനെ തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിലാക്കുന്നത്. ആറു വർഷം തികയുന്നു. ആഫ്റ്റർകെയർ ഹോമിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. അപ്പൂസിനെ തേടി അമ്മയെത്തിയെന്ന വിവരമറിഞ്ഞ ഹോമിലെ കെയർടേക്കർ ബാബുരാജ് സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. ഇതിനിടയിൽ സ്ഥലം മാറ്റം വന്നു. പുതിയ സൂപ്രണ്ടായി എത്തിയ ബിനു കുര്യനോട് ബാബുരാജ് കാര്യങ്ങൾ പറഞ്ഞു.

എങ്ങനെയും ആ അമ്മയുടെ സങ്കടം മാറ്റണം എന്ന അ ഭിപ്രായമായിരുന്നു ബിനുവിനും. അങ്ങനെ പുഷ്പയെ വിളിപ്പിച്ചു. പോകാൻ സമയം പുഷ്പ ഒരാഗ്രഹം പറഞ്ഞു. മകനെ ഒന്നുകൂടി കാണണം. അമ്മയും മകനും ഒത്തിരിനേരം ഒരുമിച്ചിരുന്നു സംസാരിച്ചു. ആ രംഗം ബാബുരാജ് ദൂരെയിരുന്ന് കണ്ടു. പുഷ്പയെന്ന അമ്മയുടെ വേദനകൾ ബാബുരാജിനു ബോധ്യപ്പെട്ടു. അങ്ങനെയാണ് ചൈൽഡ് വെൽ ഫയർ കമ്മിറ്റിയിൽ പുഷ്പയുടെ പരാതിയെത്തുന്നത്.

കോട്ടയം ജില്ലയുടെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. അരുൺ കുര്യന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ചൈൽഡ് ഹോം പ്രവർത്തകർ ഈ കുട്ടിയുടെ രക്ഷാകർത്തൃത്വം തേടിപ്പോകുന്നത്. ഡോ. അരുൺ കുര്യൻ ഹോമിലെ കെയർ ടേക്കർ ബാബുരാജിന് അപ്പൂസിന്റെ ഫയൽ കൈകാര്യം ചെയ്യാനുള്ള അനുവാദം കൊടുത്തു. അങ്ങനെയാണ് രേഖകളുടെ അഭാവത്തിലും അപ്പൂസ് അമ്മയ്ക്കു സ്വന്തമായത്.

pushpa-1

ദൈവം ഇടപെടുന്നു

പഴയ ഫയലും തേടി ബാബുരാജ് അന്വേഷണങ്ങളെല്ലാം നടത്തി. പക്ഷേ, കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഒടുവിൽ വീണ്ടും നെടുംകുന്നത്തെ അൽഫോൻസ ഭവനിലെത്തി.

തിരച്ചിലിനിടയിൽ അലമാരയിൽ നിന്നു മറിഞ്ഞു വീണ ഫയലുകളിൽ നിന്ന് അപ്പൂസിന്റെ ഫയൽ കിട്ടി. അതിൽ പ ക്ഷേ, അപ്പൂസിന്റെ അമ്മയുെട പേര് രാജിയെന്നും അച്ഛന്റെ പേരു ബിനു എന്നുമായിരുന്നു. പക്ഷേ, സ്നേഹനിവാസിലെ സിസ്റ്റർ എടുത്ത ഫോട്ടോ ആ ഫയലിൽ നിന്നു കിട്ടി. അതായിരുന്നു പുഷ്പയ്ക്കു വേണ്ടി ദൈവം കാത്തുവച്ച വെളിച്ചം. ഒറ്റനോട്ടത്തിൽ തന്നെ അപ്പുവിനെയും അമ്മയെയും തിരിച്ചറിയാൻ കഴിയുന്നതായിരുന്നു ആ ഫോട്ടോ.

ആ ഫോട്ടോ തെളിവായി സ്വീകരിച്ച് ഡോ. അരുൺ കുര്യ ൻ, അപ്പൂസിന്റെയും അമ്മയുടെയും ഡിഎൻഎ പരിശോധനയ്ക്ക് അനുവാദം കൊടുത്തു.

2023 ഫെബ്രുവരി 9

ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായിരുന്നു. മ കൻ അമ്മയ്ക്കു സ്വന്തമായ ദിവസം. ചിൽഡ്രൻസ് ഹോ മിലെ കൂട്ടുകാരോടു വേദനയോടെ വിട പറഞ്ഞ അപ്പൂസ് ഇപ്പോൾ പാലായ്ക്ക് അടുത്തു കടപ്ലാമറ്റത്ത് അമ്മയുടെ സംരക്ഷണയിലാണ്. കുഞ്ഞപ്പനും രണ്ട് ആൺമക്കളും ഇവരോടൊപ്പമുണ്ട്.

ചിൽഡ്രൻസ് ഹോമിൽ വച്ചു പത്താംക്ലാസ് പാസായ അപ്പൂസ് സർ‍ക്കാരിന്റെ ഫൂഡ് ക്രാഫ്റ്റ്സ് കോഴ്സ് പൂർത്തിയാക്കി. കെടിഡിസി ഹോട്ടലി‍ൽ ജോലിയുമായി. തിരിച്ചുകിട്ടില്ലെന്നു കരുതിയ മകന് ഇഷ്ടമുള്ള ആഹാരമുണ്ടാക്കിക്കൊടുത്തു സന്തോഷിക്കുന്നു അമ്മ.

പുതിയ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു എന്നു ചോദിച്ചപ്പോൾ അപ്പൂസ് പറഞ്ഞു; ‘‘അമ്മയുെടയും ബന്ധുക്കളുടെയും സ്നേഹം എന്തെന്നു ഞാനിപ്പോൾ അറിയുന്നു. ചിൽഡ്രൻസ് ഹോമിൽ സ്നേഹമുണ്ട്. എങ്കിലും ഇതു ഞങ്ങൾക്കു പുതിയതല്ലേ.’’ അപ്പൂസ് ഒരുനിമിഷം നിശബ്ദനായി. തന്റെ സുഹൃത്തുക്കളെ ഓർത്താവണം അവന്റെ ക ണ്ണുകൾ നിറഞ്ഞു. എന്നിട്ട് അമ്മയോടു ചോദിച്ചു. ‘മധുരപലഹാരങ്ങളുമായി വരാം എന്നു പറഞ്ഞ് അമ്മ ഇനിയും മുങ്ങുമോ?’

‘ഇല്ല അപ്പൂസേ... ഒരിക്കലുമില്ല...’

കരഞ്ഞു കൊണ്ടു ചിരിച്ച് അമ്മയുടെ മറുപടി.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ