Thursday 05 January 2023 04:59 PM IST : By സ്വന്തം ലേഖകൻ

റെയ്ഡ് നടത്തുന്നു, അടയ്ക്കുന്നു, തുറക്കുന്നു റിപ്പീറ്റ്... ആ ചിത കെട്ടടങ്ങും മുമ്പേ രാഷ്ട്രീയക്കളിയും: ജീവനാണ് മറക്കരുത്

reshmi-nurse-death

ഒരു ദുരന്തമോ, ദാരുണമായൊരു മരണമോ കൊണ്ട് പാഠംപഠിക്കാത്തവരാണ് മലയാളികളെന്ന് ഇതിനോടകം തന്നെ തെളിഞ്ഞു കഴിഞ്ഞതാണ്. കഴിക്കുന്ന ഭക്ഷണത്തിലെന്നു മാത്രമല്ല, ശ്വസിക്കുന്ന വായുവില്‍ പോലും വിഷം നിറയുന്ന കാലത്ത് ഇതാ മറ്റൊരു രക്തസാക്ഷി കൂടി. കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റു മരിച്ച രശ്മിയെന്ന നഴ്സിന്റെ ആത്മാവ് കെട്ടകാലത്തോട് വിരൽചൂണ്ടി നിൽപ്പാണ്. നാഴികയ്ക്ക് നാൽപ്പതു വട്ടം ഭക്ഷ്യസുരക്ഷ കൊട്ടിഘോഷിക്കുന്ന നാട്ടിൽ ഇഷ്ട ഭക്ഷണം കഴിച്ചിട്ടൊടുവിൽ മരിച്ചു മണ്ണടിഞ്ഞ രശ്മി പതിവു പോലെ വീണ്ടും ഓരോർമപ്പെടുത്തലാകുന്നു. പക്ഷേ ആ ഓർമപ്പെടുത്തലിന് എത്ര കാലത്തെ ആയുസുണ്ടെന്ന ചോദ്യം ബാക്കി.

‘പഴകിയ ഭക്ഷണം പിടികൂടി, മോശം സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് താഴ് വീണു.’ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡ് നാടകവും കട്ടിക്കെഴുതിയ വാർത്ത തലക്കെടുകളും നാം മുമ്പും കണ്ടിട്ടുണ്ട്. ഇനിമേൽ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഹോട്ടലുകൾക്കും ഹോട്ടൽ ഭക്ഷണങ്ങൾക്കും വൃത്തിയുണ്ടാകണമെന്ന അന്ത്യശാസനവും നാം കണ്ടു. പക്ഷേ നല്ല മാറ്റങ്ങളുടെ ചെറുലാഞ്ചന പോലും നമുക്ക് ചുറ്റുമുണ്ടായില്ല. എല്ലാം പഴയ പടി തന്നെ. പുഴുവരിച്ച ഭക്ഷണ സാധനങ്ങൾ, പാറ്റയും പെരുച്ചാഴിയും കയറി നിരങ്ങുന്ന ഹോട്ടൽ അടുക്കളകൾ, പഴകി ദ്രവിച്ച ‘ഫ്രഷ്’ ഭക്ഷണങ്ങൾ. ഈ നാട് നന്നാകില്ലെന്ന് പിന്നെയും പിന്നെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കാശ് കൊടുത്ത ഭക്ഷണം വാങ്ങിക്കഴിക്കുന്നവനോട് ചുരുങ്ങിയത് മനുഷ്യത്വം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രശ്മിയെന്ന മാലാഖ ഇന്നും നമുക്ക് ചുറ്റും ഉണ്ടായിരുന്നേനെ.

മലയാളികളുടെ വൈകുന്നേരങ്ങളെ ‘ഹെവിയാക്കുന്ന’ അൽഫാമും ഷവായിയും കുബ്ബൂസും കുഴിമന്തിയും വിളമ്പുന്ന എത്രയോ ഹോട്ടലുകളിൽ ഒന്നാണ് മലപ്പുറം കുഴിമന്തിയെന്ന് പേരിട്ടിരിക്കുന്ന സംക്രാന്തിയിലെ ഹോട്ടലും. പക്ഷേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഗതിയുണ്ട്. ഇതേ ഹോട്ടലിനെതിരെ കൃത്യം രണ്ടു മാസം മുൻപ് വ്യാപക പരാതി ഉയർന്നിരുവത്രേ. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി പൂട്ടുകയും ചെയ്തു. എന്നിട്ടും കൂസലില്ലാതെ അവർ പഴയപടി തുടർന്നിട്ടുണ്ടെങ്കിൽ നമുക്ക് ചുറ്റും നടക്കുന്നത് പ്രഹസനമാണെന്നത് സുവ്യക്തം. അതേ, ഇവിടെ ആര് ചോദിക്കാൻ?‘നിനക്ക് ഇഷ്ടമുള്ള ഭക്ഷണം തന്നെ നിന്നെ ചതിച്ചല്ലോ..’ രശ്മിയുടെ മൃതദേഹത്തിന് അടുത്തിരുന്നുള്ള അമ്മ അംബികയുടെ ചങ്കുനീറിയുള്ള കരച്ചിലിന് നിങ്ങൾ എന്ത് സമാധാനം പറയും ഉദ്യോഗസ്ഥരെ. . ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹോട്ടലുകളിൽ കർശന പരിശോധന വേണമെന്ന ശക്തമായ ആവശ്യം ഉയർന്നിടത്ത് ഒരു ചെറുവിരലെങ്കിലും നിങ്ങൾ അനക്കിയിരുന്നോ? ചോദ്യങ്ങൾ ഇങ്ങനെ ബാക്കിയാണ്.

ദാരുണമെന്നും ദയനീയമെന്നും കണ്ണീർ പൊഴിച്ച പച്ച മനുഷ്യർ വിഷയത്തിൽ നടപടിയുണ്ടായപ്പോൾ തനി രാഷ്ട്രീയക്കാരാകുന്ന കാഴ്ചയും നാടു കണ്ടു. സ്വന്തം കാര്യത്തിനും സ്വന്തം പാർട്ടിക്കും സിന്ദാബാദ് വിളിക്കുന്ന സർവീസ് സംഘടന നേതാക്കൻമാരും കളംമാറ്റിച്ചവിട്ടി.

ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരണപ്പെട്ട് നടപടികളിലേക്ക് നീങ്ങുമ്പോഴേക്കും തുടങ്ങി ‘നാടകമേ ഉലകം.’ സംഭവത്തെത്തുടർന്നു നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയതിന് പിന്നാലെ സംഭവം അതിന്റെ ഗൗരവമെല്ലാം വിട്ട് അടിമുടി രാഷ്ട്രീയമായി. സിപിഎം അനുഭാവ യൂണിയനായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ ജില്ലാ സെക്രട്ടറിയാണ് എം.ആർ. സാനു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനാലാണു നടപടിയെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറയുന്നു. എന്നാൽ നഗരസഭ സെക്രട്ടറിക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും. സൂപ്പർ വൈസറെ ഒറ്റപ്പെടുത്തി ശിക്ഷാനടപടി സ്വീകരിക്കുന്നതു ഉചിതമല്ലെന്നും എൽഡിഎഫ് വാദിക്കുന്നു. അനുശോചിച്ചവരും ആദരത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിച്ചവരും ഇപ്പോൾ കസേരയുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇവ്വിധം രാഷ്ട്രീയ കോലാഹലങ്ങളൊക്കെ നടക്കുമ്പോഴും രശ്മിയുടെ ചിതയിലെ തീ കെട്ടിട്ടുണ്ടായിരുന്നില്ല.

reshmi-nurse-36 ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനുവിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാരും സ്റ്റാഫ് യൂണിയനിൽപെട്ട ജീവനക്കാരും ചേർന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിക്കുന്നു. ചിത്രം: മനോരമ

തോന്നുംപടി ഹോട്ടൽ ലൈസൻസു നൽകിയും അനാസ്ഥ കണ്ട് കണ്ണടച്ചും മുന്നോട്ടു പോകുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ ഒന്നോർത്താൽ നന്ന്. നിങ്ങളെ വിശ്വസിക്കുന്ന ഒരു വിഭാഗം പുറത്തുണ്ട്. അവരുടെ ജീവൻ നിങ്ങളുടെ കൈകളിലാണ്. ഇഷ്ട ഭക്ഷണം വിശ്വസിച്ച് കഴിച്ചതിന്റെ പേരിൽ മരിച്ച് മണ്ണടിയേണ്ടി വരുന്ന മറ്റൊരു രശ്മി ഇനിയുണ്ടാകാതിരിക്കട്ടെ.