Saturday 20 May 2023 04:57 PM IST : By സ്വന്തം ലേഖകൻ

അവൻ ഉറങ്ങുകയാണ്, ജീവന്റെ ജീവനായ ജഴ്സിയും ബൂട്ടും ധരിച്ച്: 6 പേർക്ക് പുതുജീവന്‍ നൽകിയ പൊന്നുമോന് വിടനല്‍കി നാട്

sarang--aplus പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിന് കീഴടങ്ങിയ സാരംഗിന്റെ മൃതശരീരം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ ജഴ്സി അണിയിച്ചു പൊതുദർശനത്തിനു വച്ചപ്പോൾ വിതുമ്പുന്ന അധ്യാപികമാർ.

അവയവങ്ങളിലൂടെ ആറു പേർക്കു പുതുജീവൻ നൽകിയ സാരംഗിന് ഫുൾ എ പ്ലസ്. ഇന്നലെ വൈകിട്ട് മന്ത്രി വി.ശിവൻകുട്ടി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമ്പോൾ, ആറ്റിങ്ങൽ ഗവ.ബോയ്സ് സ്കൂളിൽ‍ തന്റെ പ്രിയപ്പെട്ട സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണീരിനു മുന്നിലായിരുന്നു സാരംഗിന്റെ മൃതദേഹം. അന്യർക്ക് ഉപയോഗിക്കാൻ കഴിയുന്ന അവയവങ്ങളെല്ലാം ദാനം ചെയ്തു മടങ്ങിയ സാരംഗിനെ, ഡോക്ടർമാർ മുതൽ സുരക്ഷാ ജീവനക്കാർ വരെ എല്ലാ ജീവനക്കാരും ചേർന്ന് വീരനായകർക്കു നൽകുന്ന ‘ഹീറോ ഫെയർവെൽ’ നൽകിയാണ് കിംസ് ആശുപത്രിയിൽ നിന്നു യാത്രയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഒറിജിനൽ ജഴ്സിയും അടുത്ത ബന്ധു സമ്മാനിച്ച ബൂട്ടും ധരിപ്പിച്ച്, പ്രിയപ്പെട്ട ഫുട്ബോൾ അരികിൽ ചേർത്തു വച്ചാണ് സാരംഗിനെ അന്ത്യയാത്രയ്ക്കൊരുക്കിയത്.

ഫലപ്രഖ്യാപന വേളയിൽ, ഗ്രേസ് മാർക്ക് ഇല്ലാതെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സാരംഗിന്റെ പേര് എടുത്തു പറഞ്ഞപ്പോൾ മന്ത്രി വി.ശിവൻകുട്ടിയുടെ വാക്കുകളും ഇടറി. ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തിയ ശേഷം എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോൾ മന്ത്രിമാർ ഏതെങ്കിലും കുട്ടിയുടെ പേര് എടുത്തു പറയുന്നത് അപൂർവമാണ്. മേയ് 6ന് അമ്മയോടൊപ്പം സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് അരികു കൊടുക്കുന്നതിനിടയിൽ പോസ്റ്റിലിടിച്ച് മറിഞ്ഞാണ് സാരംഗിനു പരുക്കേറ്റത്. 17നു രാവിലെ മരിച്ചു.

സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ കണ്ണുകൾ, കൈകൾ, ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കളായ കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ്കുമാറും രജനിയും സമ്മതം നൽകുകയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി വി.ശിവൻകുട്ടി സാരംഗിന്റെ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിച്ചു. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടു വന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു. 

മന്ത്രി വി.ശിവൻകുട്ടി (എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ പറഞ്ഞത്)

വലിയ ഫുട്ബോൾ താരമായിരുന്നു സാരംഗ്. ദുഃഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധമായി. മാതൃകാപരമാണ് ഈ തീരുമാനം.  6 പേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തെ അഭിനന്ദിക്കുന്നു, അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സാരംഗ് നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ദാനം െചയ്ത അവയവങ്ങളിലൂടെ ജീവന്റെ തുടിപ്പുകൾ ഈ ലോകത്ത് ഉണ്ടാകും. സങ്കടക്കടലിനിടയിലും സാരംഗി‍ന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം കാണിച്ച സന്നദ്ധതയെ ഹൃദയം കൊണ്ട് തിരിച്ചറിയുന്നു. സാരംഗിന്റെ പരീക്ഷാഫലം ഞാൻ ഇവിടെ പ്രഖ്യാപിക്കുകയാണ്’– നിറകണ്ണുകളോടെ മന്ത്രി പറഞ്ഞു. സാരംഗിനെക്കുറിച്ച് പരാമർശിച്ചപ്പോൾ രണ്ടു തവണ മന്ത്രി കണ്ണു തുടച്ചു.

ബനീഷ്കുമാർ, സാരംഗിന്റെ അച്ഛൻ.

ഞങ്ങളുടെ കുഞ്ഞ് ഞങ്ങൾക്കു നഷ്ടമായി. മറ്റുള്ളവർക്ക് അവന്റെ ശരീരം പുതുജീവൻ നൽകുമെങ്കിൽ അതു തന്നെ പുണ്യം. ഞങ്ങളുടെ തീരുമാനത്തിൽ സാരംഗും സന്തോഷിക്കുന്നുണ്ടാകും.’