Thursday 18 May 2023 04:32 PM IST : By സ്വന്തം ലേഖകൻ

‘മുൻപരിചയം പോലുമില്ലാത്ത ഒരുവനാൽ കൊല്ലപ്പെടാനുള്ള സാധ്യതയുടെ വരമ്പിലൂടെയാണ്‌ നമ്മുടെ യാത്ര’: കുറിപ്പ്

Dr-Vandana-death-fb

ലഹരിയെ തുടച്ചു നീക്കുമെന്ന് നാഴികയ്ക്ക് നാൽപതു വട്ടം പ്രഖ്യാപിക്കുന്നുണ്ട് നമ്മുടെ നിയമസംഹിതകൾ. പക്ഷേ സമൂഹത്തിൽ ലഹരിയുടെ പേരിൽ നടമാടുന്ന സംഭവങ്ങൾ ഇന്നും അറുതിയില്ലാതെ തുടരുന്നു. ഡോ. വന്ദന ദാസിന്റെ അരുംകൊല പോലും ലഹരി നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതിന്റെ തിക്തഫലമാണ്. ഡോ. വന്ദനയുടെ ദാരുണമായ മരണം മറ്റൊന്നു കൂടി ഓർമപ്പെടുത്തുന്നു. ലഹരിക്കടിമപ്പെട്ട നരാധമൻമാർ ക്രൂരതയുടെ ഏതറ്റം വരെയും പോകുമെന്ന സത്യം കൂടിയാണ് സമീപകാല സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സതീഷ് കുമാർ.

‘ഏത്‌ നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു അതി വിഹ്വല സാഹചര്യത്തിലൂടെയാണ്‌ നാം എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌ എന്ന് മനസിലാക്കാൻ സമയമായിരിക്കുന്നു.

നിങ്ങളുടേതായ യാതൊരു വിധ കാരണങ്ങളുമില്ലാതെ, "നിങ്ങളുടെ ശത്രു" എന്നത്‌ പോകട്ടെ നിങ്ങൾക്ക്‌ മുൻപരിചയം പോലുമില്ലാത്ത ഒരുവനാൽ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യതയുടെ വരമ്പിലൂടെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും യാത്ര.’– സതീഷ് കുമാർ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഏത്‌ നിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന ഒരു അതി വിഹ്വല സാഹചര്യത്തിലൂടെയാണ്‌ നാം എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌ എന്ന് മനസിലാക്കാൻ സമയമായിരിക്കുന്നു.
നിങ്ങളുടേതായ യാതൊരു വിധ കാരണങ്ങളുമില്ലാതെ, "നിങ്ങളുടെ ശത്രു" എന്നത്‌ പോകട്ടെ നിങ്ങൾക്ക്‌ മുൻപരിചയം പോലുമില്ലാത്ത ഒരുവനാൽ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യതയുടെ വരമ്പിലൂടെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും യാത്ര.കൊലയാളി ആരുമാകാം!

കോടതിയിൽ കത്തിവീശിയ ആ പതിനഞ്ചുകാരനേപ്പോലെ ഒരു ബാലനോ,
അത്യധികം അവശൻ എന്ന് കാഴ്ചയിൽ തോന്നിക്കുന്ന വൃദ്ധനായ ഒരു ഭിക്ഷക്കാരനോ,
ഉല്ലാസ കേന്ദ്രത്തിൽ യാത്രയ്ക്ക്‌ വന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരുവനോ ആവാം..
ഒരു മുന്നറിയിപ്പുമില്ലാതെ അത്‌ ‌ എവിടെ വെച്ചും സംഭവിക്കാം..

കൊലപാതകത്തിൽ പോയിട്ട്‌ ഒരു കലഹത്തിൽ പോലും അവസാനിക്കാൻ കോപ്പില്ലാത്ത നിസ്സാരമായ സംഭവങ്ങളാൽ അത്‌ സംഭവിക്കാം.
കാറിന്‌ സൈഡ്‌ കൊടുത്തില്ല എന്നതിന്റെ പേരിൽ,
ഒന്ന് നീങ്ങി നിൽക്കൂ എന്ന് പറഞ്ഞതിന്റെ പേരിൽ,
"ഞങ്ങളല്ലേ ആദ്യം വന്നത്‌ !എന്നിട്ടും ആദ്യം അവർക്ക്‌ കൊടുത്തതെന്ത്‌ ?"എന്ന് ചോദിക്കുന്നതിന്റെ പേരിൽ,
"ഇവിടെ പുക വലിക്കരുത്"‌ എന്ന് പറഞ്ഞതിന്റെ പേരിൽ,
"ദയവായി ഒന്ന് ശബ്ദം കുറയ്ക്കൂ!"എന്ന് പറഞ്ഞതിന്റെ പേരിൽ ഒക്കെ അത്‌ സംഭവിച്ചേക്കാം.
റോഡിലോ മദ്യശാലയിലോ റെയിൽവേ സ്റ്റേഷനിലോ, ആശുപത്രിയിലോ ,കോളേജ്‌ കാന്റീനിലോ, അങ്ങാടിയിലോ,നിങ്ങളുടെ വീട്ടുമുറ്റത്തോ ഒക്കെ അത്‌ സംഭവിച്ചേക്കാം.
രംഗബോധമില്ലാത്ത ഒരുവനാണ്‌ മരണം എന്നതുപോലെ തന്നെയാണ്‌ നിലവിൽ അത്‌ ഒരു കൊലപാതകമാവാനുള്ള സാധ്യതയും.


സകലരേയും ,സകല സാഹചര്യങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ വിശാലമായ ഒരു ദുരന്ത പ്രവചനം നടത്തി അതിന്റെ ഫലപ്രാപ്തിയിൽ പുളകം കൊള്ളാൻ വേണ്ടിയല്ല,
കേരളത്തിന്റെ സാമൂഹ്യ പരിസരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചുള്ള കണ്ടറിവുകളിൽ നിന്നാണ്‌ എന്റെ ഈ ആശങ്ക.
പങ്കെടുക്കുന്നവർക്കൊക്കെ അവനവൻ ജയിച്ചു എന്ന് തോന്നുന്ന,
കേട്ടിരിക്കുന്നവർക്കൊക്കെ ഒരു കുന്തവും തിരിയാത്ത ശബ്ദാതിസാരമായി മാറിയിരിക്കുന്നു
നടപ്പുകാലത്തെ ചർച്ചകൾ ഒക്കെയും.

യഥാർത്ഥ കാരണം ഇനിയും പിടികിട്ടാത്ത ഒരു രോഗത്തിന്‌ പതിനായിരക്കണക്കായ വിദഗ്ധരുടെ വ്യത്യസ്ത ചികിത്സാ നിർദ്ദേശങ്ങൾക്ക്‌ വഴങ്ങി കഷ്ടപ്പെട്ട്‌ മരിച്ചു പോകുന്ന ഒരു രോഗിയുടെ അവസ്ഥയിലേക്ക്‌ വഴുതിയിരിക്കുന്നൂ നവസമൂഹം
'ഞാൻ അന്നേ പറഞ്ഞിരുന്നില്ലേ ഇയാൾ രക്ഷപ്പെടില്ല 'എന്ന് ആ മരണത്തെ കൂടി ഘോഷിക്കാൻ വിദഗ്ധരുണ്ടാവുമ്പോൾ ഒരു സമൂഹത്തിന്റെ ദുരന്തം പൂർണ്ണമാകുന്നു.
കൊല്ലപെട്ടത്‌ ഒരു ഡോക്ടർ ആണ്‌ എന്നതു കൊണ്ട്‌ മാത്രം ഡോകടർമാരുടെ തൊഴിൽ സാഹചര്യങ്ങളിലേക്കും. അവരുടെ അരക്ഷിത അവസ്ഥകളിലേക്കും ഫോക്കസ്‌ ചെയ്യപ്പെട്ട ഈ ദാരുണ കൊലപാതകം.

കൊലപാതകിയിലേക്കും കൊലപാതക സാഹചര്യത്തിലേക്കും ശ്രദ്ധ തിരിക്കാത്തത്‌ കഷ്ടമാണ്‌.
മോട്ടീവുകൾ ഇല്ലാത്ത കൊലപാതകങ്ങളേക്കാൾ ഒരു സമൂഹത്തിൽ അരക്ഷിതത്വം പരത്തുന്ന മറ്റെന്തുണ്ട്‌?
കൊല്ലുന്നതിന്റെ രസം അനുഭവിക്കുന്ന ഒരു സീരിയൽ കില്ലറുടെ പ്രസൻസിനേക്കാൾ അപകടകരമായ ഒരവസ്ഥ.
പ്രധാന വില്ലനായ മയക്കു മരുന്നിനെ മറവിൽ വെച്ചുകൊണ്ട്‌
മലയാളികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തേയും സമൂഹത്തിൽ അതിന്‌ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയേക്കുറിച്ചും വിസ്മരിച്ചു കൊണ്ട്‌
നമുക്ക്‌ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ കഴിയുമോ എന്ന് സംശയമാണ്‌.

മദ്യത്തേയും,താരതമ്യേന നിരുപദ്രവകാരികളായ കഞ്ചാവ്‌ പോലുള്ള പ്രകൃതിജന്യ മയക്കുമരുന്നുകളേയും വിടൂ....
അവനവനേയും അതിനേക്കാൾ മാരകമായി അവന്‌ ചുറ്റുമുള്ളവരേയും ബാധിക്കുന്ന രാസലഹരികളുടേയും കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കൾ ആവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വയനാട്ടിലെ പത്രങ്ങളിലെ പ്രാദേശിക പേജുകളിൽ എം ഡി എം എ പോലുള്ള മാരക മയക്കുമരുന്നുകൾ പിടികൂടിയ വാർത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല.
അര ഗ്രാം, അഞ്ച്‌ ഗ്രാം എന്നീ അളവുകളൊക്കെ വിട്ട്‌ അത്‌ ഈയിടെയായി അത്‌ അൻപത്,‌ നൂറ്‌ ഗ്രാം എന്നൊക്കെയുള്ള വാണിജ്യ അളവുകളിലേക്ക്‌ അപകടകരമായി വളർന്നിരിക്കുന്നു.
ഉപയോഗിക്കുന്ന മനുഷ്യരുടെ തലച്ചോറിലും അതു വഴി അവന്റെ പ്രവൃത്തികളിലും രാസലഹരികൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്‌.
സ്നേഹം ,സുഖം ,ശാന്തി ,ട്രസ്റ്റ്‌,ലൈംഗിക ചോദനകൾ എന്നിങ്ങനെ അവന്റെ അഭീഷ്ട സിദ്ധികൾക്ക്‌ പുറമേ ഭീതി ,അരക്ഷിതത്വം,ഭ്രമാത്മകത,അതി ധൈര്യം,അക്രമാസക്തി എന്നിങ്ങനെ അവയുണ്ടാക്കുന്ന അനിഷ്ട ഫലങ്ങളും അവനും ചുറ്റുമുള്ളവരും അനുഭവിച്ചേ പറ്റൂ..
എവിടെയൊക്കെ രാസ മയക്കു മരുന്നുകളുടെ ഉപയോഗം കൂടി വന്നിട്ടുണ്ടോ അവിടെയൊക്കെ അതിനോടൊപ്പം കുറ്റകൃത്യങ്ങളും ഉയർന്നു വന്നിട്ടുണ്ട്‌ എന്നത്‌ ശാസ്ത്രീയമായ കണ്ടെത്തലാണ്‌.

മയക്കു മരുന്നുകൾ ,അതിന്റെ വിതരണ ശൃംഖലകൾ ,അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ധനശക്തികൾ, എന്നിവ നാം കരുതുന്നതിനേക്കാൾ എത്രയോ അധികം ശക്തിയുള്ളായാണ്‌ എന്ന് മനസിലാക്കുക.

രാഷ്ട്രീയ ,ഉദ്യോഗസ്ഥ ലോബിയും ചിലപ്പോഴൊക്കെ നിർഭാഗ്യ വശാൽ ഈ ഇരുണ്ട കൂട്ടുകെട്ടിന്റെ ഭാഗവുമാണ്‌.
എന്തിനുവേണ്ടി കൊന്നു എന്ന് കൊലപാതകിക്കുപോലും തിട്ടമില്ലാത്ത ഇത്തരം കൊലപാതകങ്ങളിൽ സത്യത്തിൽ നമ്മളൊക്കെയും കൂട്ടു പ്രതികളാണ്‌.
പ്രിയപ്പെട്ട നടന്റെ അസ്വാഭാവിക അഭിമുഖങ്ങളെ തമാശയായി കാണുമ്പോൾ
"ചെറുപ്പമല്ലേ!അങ്ങനെയൊക്കെയുണ്ടാവും"എന്ന് ചിലകാര്യങ്ങളെ ന്യായീകരിക്കുമ്പോൾ
"സ്വന്തം മോനായിപ്പോയില്ലേ സഹിക്കുക തന്നെ" എന്ന് ചുരുങ്ങുമ്പോൾ
"വേണ്ടപ്പെട്ട ഒരു കുട്ടിയാണ്‌"എന്ന് പോലീസിനെ സ്വധീനിക്കുമ്പോൾ ഒക്കെ നാം അതിന്റെ ഭാഗമാകുകയാണ്‌.

യാതൊരു രോഗവും പൂർണമായും ബാധിക്കുന്നതിന്‌ മുൻപ്‌ ചില സൂചനകൾ നൽകും.ഏറ്റവുമൊടുവിൽ ഡോ വന്ദനയുടെ കൊലപാതകമടക്കമുള്ള സംഗതികൾ സമൂഹശരീരത്തെ ബാധിച്ചു തുടങ്ങിയ ഒരു മഹാ രോഗത്തിന്റെ അടയാളങ്ങളാണ്‌.ആ അടയാളങ്ങളിലൂടെ രോഗത്തെ മുൻകൂട്ടിയറിഞ്ഞ്‌ അടിയന്തിര ചികിത്സ നൽകുക എന്നതാണ്‌ യുക്തമായ തീരുമാനം.
ചികിത്സക്ക്‌ മുൻപ്‌ രോഗകാരണം മനസിലാക്കുന്ന കൃത്യമായ ഡയഗ്നോസിസും അതീവ പ്രധാനമാണ്‌. കുരുമുളകുവള്ളികളെ വാട്ടിയിരുന്നത്‌ വേരിലെ നിമാ വിരകളാണ്‌ എന്ന് ആദ്യമറിഞ്ഞിരുന്നുവെങ്കിൽ ഇല വാടുന്നത്‌ ജലമില്ലാത്തതു കൊണ്ടാവും എന്ന ഉപരിപ്ലവമായ അറിവിൽ നിന്നുകൊണ്ട്‌ രാപകലില്ലാതെ വെള്ളം നനച്ച കർഷകരുടെ അദ്ധ്വാനം പാഴായിപ്പോകുമായിരുന്നില്ല ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിനേക്കാളും സർക്കാരിന്റെ ഭാഗത്തുനിന്നും ആദ്യം വേണ്ടിയിരുന്നത്‌ കേരളത്തിലെ മയക്ക്‌ മരുന്ന് ശൃംഖലക്കെതിരെയുള്ള ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു എന്ന് എനിക്ക്‌ തോന്നുന്നു.

പുതിയ നിയമങൾ ഒന്നും വേണ്ട
നിലവിലുള്ള നിയമങ്ങളുടെ ശക്തമായ ഒരു നടത്തിപ്പ്‌,
സ്വാധീനങ്ങൾക്കും സമ്മർദ്ധങ്ങൾക്കും വഴങ്ങാത്ത ഒരു നിയമ നിർവ്വഹണം,
രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ല എന്ന ഉറപ്പ്‌
ഓണത്തിനും കൃസ്തുമസിനും പ്രഖ്യാപിക്കുന്ന, വഴിപാട്‌ പോലെയല്ലാതെ ആത്മാർത്ഥവും ശക്തവുമായ ഒരു സ്പെഷൽ ഡ്രൈവ്‌..
അത്രയേ വേണ്ടതുള്ളൂ.

ബാധിച്ച ചിലതിനെ രക്ഷിക്കുക എന്നതിനേക്കാൾ ബാധിക്കാനിടയുള്ള അനവധിയുടെ രക്ഷയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു 'സർജ്ജിക്കൽ സ്റ്റ്രൈക്‌'
അത്‌ അനിവര്യമായിരിക്കുന്നു. സമൂഹത്തിന്റെ മനസാകെ ഇങ്ങനെ മുറിഞ്ഞ്നീറി നിൽക്കവേ അത്‌ സാധ്യമാവുമായിരുന്നു
ആ പ്രളയകാലത്തെന്ന പോലെ 'ഇറങ്ങുകയല്ലേ നമ്മൾ എന്ന ഒരു വാക്കിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. രാസ ലഹരിക്കെതിരെയുള്ള കണിശവും നിശിതവുമായ അത്തരം ഒരു പോരാട്ടത്തിനായിരുന്നു ആശുപത്രിവാർഡിനേക്കാൾ ഡോ വന്ദനയുടെ പേര്‌ കൂടുതൽ ചേരുക.