Friday 02 December 2022 11:17 AM IST : By സ്വന്തം ലേഖകൻ

ഇൻസ്റ്റാഗ്രാമിൽ വന്ന് ‘ടീ തടിച്ചീ’ എന്നു വിളിച്ചു... കമന്റ് സ്ക്രീൻ ഷോട്ട് എടുത്തതോടെ കരച്ചിലായി: ശീതൾ സക്കറിയ പറയുന്നു

jaya-he-movie

നല്ല കുടുംബ സിനിമ എന്ന ലേബൽ കണ്ട് ഭാര്യയെയും മക്കളേയും കൂട്ടി ‘ജയ ജയ ജയ ജയ ഹേ’ കാണാനിറങ്ങിയതാണ് പലരും. പക്ഷേ, സിനിമ ചുരുൾ നിവർന്നതും കുടുംബത്തിലെ ആണുങ്ങൾ സ്തംഭിച്ചിരിക്കുകയും പെണ്ണുങ്ങൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറിയത്.

വിവാഹശേഷം ജയയുടെ ഇഷ്ടങ്ങൾ, പദവികൾ, തീരുമാനങ്ങൾ എല്ലാം ഭർത്താവായ രാജേഷിന്റേതായി മാറുകയാണ്. ഇതെല്ലാം ഭാര്യയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്, താൻ വളരെ ‘കെയറിങ്’ ആയ ഭർത്താവാണ് എന്നാണ് രാജേഷിന്റെ ഭാവം. അധീശത്വവും കാപട്യവും കഥയുടെ വളവിലും തിരിവിലും ചിരിയുടെ തിരിയിട്ട് നിന്നു കത്തുന്നുണ്ട്.

പല സ്ത്രീകൾക്കും ജയയുെട സങ്കടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുമായി ‘റിലേറ്റ്’ ചെയ്യാൻ കഴിയുന്നു. അതുകൊണ്ടാകാം രാജേഷിനെതിരേയുള്ള ജയയുടെ ഒാരോ ‘കിക്കി’നും അവർ ആവേശത്തോടെ കയ്യടിച്ചത്.

ഒരൊറ്റ കിക്കിൽ സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരം അപ്പാടെ മാറില്ലായിരിക്കാം. ചിലരെങ്കിലും ചെയ്യുന്നത് തെറ്റാണെന്നു മനസ്സിലാക്കാതെ കണ്ടു വളർന്ന ശീലങ്ങൾ തുടരുന്നവരാണ്.

നമുക്കറിയാം, കുടുംബത്തിൽ സ്ത്രീ–പുരുഷ സമത്വം ഇന്നും വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ വെറും വാക്ക് മാത്രം. അതിൽ നിന്ന് മാറാനുള്ള ചിന്ത ഇനിയുമുണ്ടായില്ലെങ്കിൽ ആത്മാഭിമാനമുള്ള ‘പെൺകാലം ’ നിങ്ങളെ ചവിട്ടിത്തെറിപ്പിക്കുക തന്നെ ചെയ്യും.

അഡ്വ. രശ്മിത രാമചന്ദ്രൻ, ഡോ. ആര്യാ ഗോപി, ശീതൾ സക്കറിയ, ആര്യൻ രമണി ഗിരിജാവല്ലഭൻ, ഡോ. അമല ആനി ജോൺ, രജിത്ത് ലീല രവീന്ദ്രൻ എന്നിവർ സിനിമയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്ന ചിന്തകൾ.

ഷോർ‌ട്ട് കിക്ക് എങ്കിലും കൊടുക്കണം–ശീതൾ സക്കറിയ–അഭിനേത്രി

വ്യക്തി ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്ന പ്രധാന പ്രശ്നം ബോഡി ഷെയിമിങ്ങാണ്. തടിയുള്ളതുകൊണ്ട്, ചെറുപ്പത്തിലേ തുടങ്ങി ‘ഫുട്ബോൾ, റോഡ് റോളർ, ഗുണ്ടുമണി’ എന്നിങ്ങനെ ഒരുപാട് ഓമനപേരുകളുണ്ടായിരുന്നു. ഞാൻ എന്നെ തിരിച്ചറിഞ്ഞിരുന്നതുകൊണ്ട് അത്ര സങ്കടം തോന്നിയിട്ടില്ല. എങ്കിലും കളിയാക്കലുകൾ എല്ലാവർക്കും സങ്കടകരമാണ്.

ഒരിക്കൽ ഇൻസ്റ്റാഗ്രാമിൽ ഒരാൾ വന്ന് ‘ടീ തടിച്ചീ’ എന്നു വിളിച്ചു. ഞാൻ ആ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് സ്േറ്റാറിയാക്കി പോസ്റ്റ് ചെയ്തു. അ‍ഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാൾ വന്നു കരച്ചിലായി.‘ ചേച്ചീ അതൊന്നു മാറ്റൂ. ഇനി ഞാൻ അങ്ങനെ ചെയ്യില്ല.’ നമ്മുടെ ആത്മാഭിമാനത്തെ ‘ഷോർട്ട് കിക്കു’കളിലൂടെയും നമുക്കു വീണ്ടെടുക്കാൻ കഴിയും.

ഒരുപാട് കാര്യങ്ങൾ ഈ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. പേരന്റിങ്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, എങ്ങനെ ആകണം സ്ത്രീകൾ, ബോഡി ഷെയിമിങ് എന്നിങ്ങനെ നിരവധി വിഷയങ്ങൾ. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിൽ രാജേഷിന്റെ പെങ്ങൾ രാജിയായി അഭിനയിച്ചത് ഞാനാണ്.

ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നതുകൊണ്ട് ശബ്ദമുയർത്താനുള്ള അവകാശമില്ല. ഭാര്യയോടുള്ള സഹോദരന്റെ ചെയ്തികളെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കെട്ടിച്ചു വിട്ടതല്ലേ. നിനക്കെന്താ ഇവിടെ കാര്യം.’ എന്നാണ് തിരികെ എറിഞ്ഞിടുന്ന ചോദ്യം.‘തടിച്ചി’ എന്നു വിളിച്ച് വിഷാദരോഗിയായ പെങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു.

ഒരുപാട് ജയമാരും രാജിമാരും നമ്മുടെ ചുറ്റുമുണ്ട്. ‘പ്രതികരിക്കൂ’ എന്നു മാത്രമാണ് എനിക്കു എല്ലാവരോ ടും പറയാനുള്ളത്.

jaya-he-movie ആര്യൻ രമണി ഗിരിജാവല്ലഭൻ,നടൻ, എഴുത്തുകാരൻ

അകത്തേക്ക് കടക്കാൻ മാത്രം വാതിലുള്ള കുടുംബം–അഡ്വ. രശ്മിത രാമചന്ദ്രൻ ഗവൺമെന്റ് പ്ലീഡർ

‘സ്ത്രീ ചീഞ്ഞായാലും കുടുംബത്തിനു വളമായി മാറണം’ എന്നതാണ് ശരാശരി മലയാളി സങ്കൽപം. ‘ഭർത്താവായാൽ ഒന്നു അടിച്ചെന്നിരിക്കും. അതിലെന്താ തെറ്റ്’ എന്നു സ്ത്രീകൾ പോലും വീടിനകത്തെ ആക്രമണങ്ങളെ നിസാരമാക്കുന്നു. അതുകൊണ്ടാകണം ഈ ഡിജിറ്റൽ കാലത്ത് സ്ത്രീ, പുരുഷനെ തിരിച്ചടിക്കുന്ന കാഴ്ചകൾ വൈറലാകുന്നത്.

ഇന്നും പല സ്ത്രീകൾക്കും കുടുംബം അകത്തേക്ക് കടക്കാൻ മാത്രം വാതിലുള്ളതും പുറം കാഴ്ചകൾ കാണാൻ ജനാലകൾ പോലുമില്ലാത്ത ഒരു വീട് മാത്രമാണ്. ചെറുത്തു നിൽപും സ്വയംനിലനിൽപും സ്ത്രീകൾക്ക് ആവശ്യമാണ് എന്നാണ് ‘ജയ’ പറഞ്ഞു തരുന്നത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ‘ഡിവോഴ്സ്’ എന്ന് പാപബോധത്തോടു കൂടിയാണ് സ്ത്രീകൾ ഉച്ചരിച്ചിരുന്നത്. പക്ഷേ, ഇന്ന് എന്റെയടുത്തു വരുന്ന സ്ത്രീകൾ പ്രതീക്ഷയോടു കൂടിയാണ് ആ വാക്ക് പറയുന്നത്. ദുസ്സഹമായ അവസ്ഥ ജീവിതത്തിൽ വന്നുചേർന്നു, ഇതിൽ നിന്നു മോചനം വേണം എന്ന് അവർ ചിന്തിക്കുന്നു. കുട്ടികളുടെ ഭാവി, സമൂഹം എന്തു കരുതും എന്നൊക്കെ ചിന്തിച്ച് വൈകിയാണ് പലരും എത്തുന്നതെന്നു മാത്രം.

അവരെ പിന്തിരിപ്പിക്കുന്ന മറ്റൊന്ന് വിവാഹമോചനത്തിനെടുക്കുന്ന കാലതാമസമാണ്. ഫാസ്റ്റ്ട്രാക്ക് കോടതികൾ എത്രയും പെട്ടെന്നു നിലവിൽ വരട്ടെ. കുഞ്ഞുങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ നിയമങ്ങളും ഉരുത്തിരിഞ്ഞു വരട്ടെ.

കിക്കുകൾ പ്രാക്ടീസ് ചെയ്യുന്ന പെണ്ണുങ്ങൾ–ആര്യൻ രമണി ഗിരിജാവല്ലഭൻ,നടൻ, എഴുത്തുകാരൻ

സിനിമ കണ്ടിറങ്ങിയപ്പോൾ കൂടെയുള്ള സുഹൃത്ത് അഭിപ്രായം രേഖപ്പെടുത്തി. ‘ജയയ്ക്ക് രാജേഷിനോടൊപ്പം പോകാമായിരുന്നു’. സ്വന്തം കാലിൽ ഉറച്ചുനിന്ന് ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കുന്ന സ്ത്രീകളെ പരിചിതമല്ലാത്ത സമൂഹത്തിന്റെ പ്രശ്നമാണത്.

ജയയുടെ ജയം പൂർണതയിലേക്കെത്തിയത് ആ ചെറിയ കഷണം പേപ്പറിൽ ഒപ്പു വച്ചപ്പോഴാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ ഭാര്യ സൗമ്യ ഡിവോഴ്സ് കഴിഞ്ഞ വ്യക്തിയാണ്. നിൽക്കാൻ പറ്റാത്തിടത്തു നിന്നു സ്ത്രീകൾ ഇറങ്ങിപ്പോരുക തന്നെ വേണം. കല്യാണം തന്നെ കാലഹരണപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് എന്റെ അഭിപ്രായം.

‘ടോക്സിക് മസ്കുലിനാ’യ രാജേഷ് ‘രാജ് ഭവനി’ൽ മാത്രമല്ല, ഒരു പാട് ഭവനങ്ങളിലുണ്ട്. ടോക്സിസിറ്റി മനസിലാകാത്ത ഒരുപാട് സ്ത്രീകളും നമ്മുടെ ചുറ്റിലുണ്ട്. ‌

ഞങ്ങൾ മൂന്ന് ആൺമക്കളാണ്. ‘മേലേപറമ്പിൽ ആൺവീടി’ൽ നിന്ന് ഭാര്യയും മൂന്നു പെൺമക്കളുമുള്ള കുടുംബമായപ്പോൾ തന്നെ ഞാൻ ‘അൺലേണിങ് പ്രൊസസ്’ ആരംഭിച്ചതാണ്. എന്റെ നാലു പെണ്ണുങ്ങളുമായുള്ള ജീവിതം വീക്ഷണങ്ങളെ ഏറെ മാറ്റിയിട്ടുണ്ട്.

ഏഴു വയസ്സുകാരി മകളിപ്പോൾ കരാട്ടെ പഠിക്കുന്നു. പാർട്ണർ പിശകായാൽ ‘കിക്ക്’ വഴി തടയാം എ ന്നാണെന്നു തോന്നുന്നു അവൾ മനസിലാക്കിയത്.