Wednesday 03 May 2023 10:31 AM IST : By സ്വന്തം ലേഖകൻ

അന്നു രാത്രിയിലും എല്ലാവരും അവളെ സമാധാനിപ്പിച്ചു, പിറ്റേന്ന് രാവിലെ ആതിര സ്വയം അവസാനിപ്പിച്ചു: വേദനയായി വിയോഗം

athira

സമൂഹമാധ്യമങ്ങളിലൂടെ സൈബർ അധിക്ഷേപം നേരിട്ട യുവതി ജീവനൊടുക്കി

കോതനല്ലൂർ (കോട്ടയം) ∙ സമൂഹമാധ്യമങ്ങളിലൂടെ സൈബർ അധിക്ഷേപം നേരിട്ട യുവതി ജീവനൊടുക്കി. കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരനെ (26) തിങ്കളാഴ്ച രാവിലെയാണു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെയ്സ്ബുക്കിൽ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നതായി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെതിരെ (32) ആതിര ഞായറാഴ്ച കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു.

അരുണുമായുള്ള സൗഹൃദം രണ്ടുവർഷം മുൻപു പെൺകുട്ടി ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഇതറിഞ്ഞ അരുൺ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തിൽ നിന്നു വരന്റെ വീട്ടുകാർ പിന്മാറിയതായും പറയുന്നു.

ഞായറാഴ്ച സന്ധ്യയ്ക്ക് ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അരുണിനോട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നും അരുൺ ഫെയ്സ്ബുക്കിൽ കുറിപ്പുകളും ചിത്രങ്ങളും ഇടുകയും ഭീഷണി മുഴക്കുകയും ചെയ്തെന്നാണു പരാതി. ആതിരയുടെ സഹോദരിയുടെ ഭർത്താവും മണിപ്പുരിൽ സബ് കലക്ടറുമായ ആശിഷ് ദാസിന് എതിരെയും പോസ്റ്റുകളിട്ടു.

ഞായറാഴ്ച ഉച്ച മുതൽ ആതിരയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. അന്നു രാത്രിയിലും കുടുംബാംഗങ്ങൾ എല്ലാവരും ആതിരയെ സമാധാനിപ്പിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് എല്ലാവരുമായും സംസാരിച്ച ശേഷമാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. ഞായറാഴ്ച രാത്രി ആതിര, അരുണിനെ ഫോണിൽ വിളിക്കുകയും ഫോട്ടോകളും മറ്റും നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസിൽ പരാതി കൊടുത്തതോടെ എനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായി. ഇനിയും ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.

ആശിഷ് ദാസ് (ആതിരയുടെ സഹോദരീഭർത്താവ്, സബ് കലക്ടർ, മണിപ്പുർ ടെക്നോപാൽ ജില്ല, മച്ചി സബ് ഡിവിഷൻ)

ആതിരയുടെ പരാതി ലഭിച്ചയുടനെ നടപടിയെടുത്തെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അരുണിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ് എടുത്തെന്നും പ്രതി ഒളിവിലാണെന്നും കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാൻ പറഞ്ഞു. മുരളീധരനും ജയയുമാണ് ആതിരയുടെ മാതാപിതാക്കൾ. സംസ്കാരം നടത്തി. നീതി കിട്ടുംവരെ പോരാടുക

കോട്ടയം ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ (സൈബർ ബുള്ളിയിങ്) കരുതലോടെ പ്രതിരോധിക്കുകയാണു വേണ്ടതെന്നും അതിനെ പേടിച്ചോടരുതെന്നും വിദഗ്ധരും കൗൺസലിങ് വിദഗ്ധരും പറയുന്നു.

പരാതി നൽകാം

തെളിവുകളായി സ്ക്രീൻ ഷോട്ട്, ശബ്ദ റിക്കോർഡ് തുടങ്ങിയവ സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. വെബ്സൈറ്റുകളിലൂടെയും പരാതി നൽകാം: https://cyberdome.kerala.gov.in, https://cybercrime.gov.in.സൈബർ‌ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ: 112

ശിക്ഷ ഇങ്ങനെ

വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെപ്പറ്റി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്നുവർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആവർത്തിക്കുന്നവർക്ക് 5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും.

ആദ്യമൊക്കെ ബന്ധങ്ങൾ നല്ല രീതിയിലായിരിക്കും. നമ്മുടെ നിയന്ത്രണം മറ്റൊരാളുടെ കൈയിൽ അകപ്പെടുന്നത് പെട്ടെന്ന് മനസ്സിലാകില്ല. അതിൽനിന്നു മാറാൻ ശ്രമിക്കുമ്പോഴാകും ഭീഷണി തുടങ്ങുന്നത്. ആരോടും പറയില്ലെന്ന ധൈര്യമാണ് അവർ മുതലെടുക്കുന്നത്. നിങ്ങൾ ഒരു ഭർത്താവോ, ഭാര്യയോ, മകനോ, മകളോ ആരുമാകട്ടെ; ധൈര്യം സംഭരിച്ച് പ്രശ്നങ്ങൾ തുറന്നു പറയണം. അതുപോലെ കൂടെയുള്ളവർ, ഇരയെ കുറ്റപ്പെടുത്തുന്ന സമീപനത്തിലും മാറ്റം വരണം. മാനസികനിലയെ പഴയ നിലയിലേക്ക് മടക്കി കൊണ്ടു വരാൻ മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും തേടാം.

ഡോ. വർഗീസ് പുന്നൂസ് (മാനസികാരോഗ്യ വിഭാഗം വകുപ്പ് മേധാവി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി)