Tuesday 31 January 2023 06:09 PM IST : By സ്വന്തം ലേഖകൻ

ട്യൂണയിൽ രുചിയുടെ മേളപ്പെരുക്കം: വനിത ടേസ്റ്റി നിബിൾസ് ക്യാൻഡ് ട്യൂണ പാചക മത്സരത്തിൽ സിമി ഫൈസൽ വിജയി

vanitha-tasty-nibbles

ക്യാൻഡ് ട്യൂണയില്‍ രുചിയുടെ മേളപ്പെരുക്കം. വനിത ടേസ്റ്റി നിബിൾസ് ക്യാൻഡ് ട്യൂണ പാചക മത്സരം രുചി വൈവിധ്യങ്ങളുടെ സംഗമ വേദിയായി. കൊച്ചിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ എറണാകുളം സ്വദേശി സിമി ഫൈസൽ വിജയിയായി. ട്യൂണയുടെ തനതു രുചിയിൽ അറേബ്യൻ സ്റ്റൈൽ കൂട്ടിയിണക്കിയ ട്യൂണ അറബിക് പർദ്ദ റൈസാണ്  സിമിയെ ഒന്നാം സമ്മാനത്തിന് അർഹയാക്കിയത്.  ഹെൽത്തി ട്യൂണ ബ്രെ‍ഡ് റോളിന്റെ രുചി വൈവിധ്യം പങ്കുവച്ച കണ്ണൂർ സ്വദേശി ജമുന കുമാർ രണ്ടാം സമ്മാനം നേടി. എറണാകുളം സ്വദേശി സോഫി ഹിജാസിനാണ് മൂന്നാം സ്ഥാനം. സ്പൈസി ട്യൂണ മസാല ബോൾസുമായെത്തിയ സോഫിയുടെ പരീക്ഷണവും  മത്സരത്തിൽ വേറിട്ടു നിന്നു.

പാചകവിദഗ്ധ ഡോ.ലക്ഷ്മി നായർ, ഷെഫ് റഷീദ് (റിട്ട. ഷെഫ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്), മുൻ വനിത പാചകറാണി ജേതാവ് മഹിമ സൈമൺ എന്നിവരായിരുന്നു വനിത ടേസ്റ്റി നിബിൾസ് ക്യാൻഡ് ട്യൂണ പാചക മത്സരത്തിന്റെ വിധികർത്താക്കൾ. പാചക പ്രേമികളുടെ വോട്ടിങ്ങും വിജയികളുടെ തിരഞ്ഞെടുപ്പില്‍ നിർണായകമായി.

വിജയികൾക്ക് ഡോ.ലക്ഷ്മി നായർ, ഷെഫ് റഷീദ് മുൻ വനിത പാചകറാണി ജേതാവ് മഹിമ സൈമൺ എന്നിവര്‍ ചേർന്ന് സമ്മാനം നല്‍കി. 50,000 രൂപയുടെ ക്യാഷ് പ്രൈസാണ് ഒന്നാം സ്ഥാനക്കാരിക്ക് ലഭിക്കുന്നത്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ ലഭിക്കും. ടേസ്റ്റി നിബിൾസ് സെയിൽസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുനിൽ പി കൃഷ്ണൻ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് അനീഷ് ചന്ദ്രൻ,

കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടന്ന ഫിനാലെയിൽ പങ്കെടുത്ത ഓരോ മത്സരാർഥിയും തങ്ങളുടെ ഏറ്റവും മികച്ച വിഭവമാണ് അവതരിപ്പിച്ചത്. മലയാളിയുടെ ഭക്ഷണപ്രേമത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ക്യാൻഡ് ടൂണയിൽ വേറിട്ട സ്വാദ് സമ്മാനിക്കുക എന്നതായിരുന്നു ഓരോ മത്സരാർഥികളുടെയും മുന്നിലുള്ള വെല്ലുവിളി.  കോംപ്രമൈസില്ലാത്ത രുചിയും പരിധികളില്ലാത്ത കൈപ്പുണ്യവും കൊണ്ട് ഓരോ മത്സരാർഥിയും വിധികർത്താക്കളെ വിസ്മയിപ്പിച്ചു. കാത്തിരിപ്പിനൊടുവിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി വിജയിയെ പ്രഖ്യാപിച്ചു.

tasty-nibbles

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ വച്ചാണ് ഫിനാലെ അരങ്ങേറിയത്. വനിതയും ടേസ്റ്റി നിബിൾസും ചേർന്ന് നടത്തിയ പാചകക്കുറിപ്പിന്റെ ഫിനാലെ വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ക്യാൻഡ് ട്യൂണ ഉപയോഗിച്ചു രുചികരവും വ്യത്യസ്തവുമായ വിഭവം തയാറാക്കുന്ന റസിപ്പികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 20 മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരം വനിത ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.