Wednesday 01 February 2023 04:01 PM IST

‘നീ എങ്ങനെ പ്രസവിക്കും, മുലയൂട്ടുന്നതെങ്ങനെ?: നൂറായിരം ചോദ്യങ്ങൾ: ഒടുവിൽ കൺമണിയുടെ മിടിപ്പ്: സിയയും സഹദും പറയുന്നു

Binsha Muhammed

ziya-zahad

‘നിങ്ങളൊക്കെ ആണാണോ അതോ പെണ്ണാണോ...’

പുച്ഛവും പരിഹാസവും കലർത്തി ആദ്യം അവർ ചോദിച്ചത് അങ്ങനെയാണ്. എതിർപ്പുകളുടെ ഭൂകമ്പങ്ങളും കൊടുങ്കാറ്റും കഴിഞ്ഞ് ഒന്നിച്ചു ജീവിച്ചു തുടങ്ങിയപ്പോഴും അവസാനിച്ചിരുന്നില്ല പരിഹാസക്കൂട്ടത്തിന്റെ പൊള്ളുന്ന ചോദ്യങ്ങൾ.

‘കലികാലം...! എത്രയൊക്കെ ഒന്നിച്ചു ജീവിച്ചെന്നു പറഞ്ഞാലും നിങ്ങൾക്കൊരു കുഞ്ഞിനെ ഉണ്ടാക്കാൻ പറ്റുമോ.’

വൈദ്യശാസ്ത്രം അദ്ഭുതങ്ങൾ കാട്ടുന്ന കാലത്ത് സഹദെന്ന പ്രിയപ്പെട്ടവന്റെ നിറവയറിൽ സ്നേഹത്തോടെ തലോടി എല്ലാ ചോദ്യത്തിനും സിയ മറുപടി പറഞ്ഞു തുടങ്ങുമ്പോഴേക്കും അടുത്ത ചോദ്യമെത്തി.

‘എങ്ങനെയെങ്കിലുമൊക്കെ പെറ്റെന്നു കരുതി, ആ കുഞ്ഞിനെ വളർത്താൻ നിങ്ങൾക്ക് സാധിക്കുമോ, ആ കുഞ്ഞിന് ഒന്ന് പാലൂട്ടാനൊക്കുമോ?’

അപ്പോഴും സിയയും സഹദും പുഞ്ചിരിക്കുന്നതേയുള്ളൂ. എല്ലാ പ്രതിബന്ധങ്ങളും താണ്ടിയവരല്ലേ ഞങ്ങൾ, അടുത്ത ചോദ്യത്തിനുള്ള മറുപടി കാലം തിരികെ നൽകുമെന്ന മട്ടിൽ.

സിയയും സഹദും ഉടലുകൾ കൊണ്ട് പ്രണയത്തെ നിർവചിക്കുന്ന പ്രളയനദിയിൽ കാലത്ത് കുറുകേ നീന്തിക്കയറി ഒന്നായവർ. അവൻ അവളായും അവൾ അവനായും മാറിയ മാറ്റങ്ങളുടെ ഈ ലോകത്ത് ജീവിതം കരുപ്പിടിപ്പിച്ചവർ. ട്രാൻസ് ജെൻഡറുകളെന്ന വേർതിരിവുകളെ മനുഷ്യരെന്ന മറു പദം കൊണ്ട് നിർവചിച്ച ഈ ഇണക്കിളികൾ ഇന്നൊരു വിപ്ലവത്തിന്റെ പടിവാതിൽക്കലാണ്. സഹദിന്റെ ഉദരത്തില്‍ മിടിക്കുന്ന ജീവൻ വലിയ മാറ്റങ്ങളുടെ നാന്ദി കുറിക്കലാകുമെന്നുറപ്പ്. സോഷ്യൽ മീഡിയ അതിശയത്തോടും അദ്ഭുതത്തോടും നോക്കി കാണുന്ന ഇന്ത്യയിലെ ‘ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസിയെന്ന’ ചരിത്ര നേട്ടത്തിനരികിലിരുന്ന് അവർ ആ തുടിക്കുന്ന ജീവന്റെ കഥ ‘വനിത ഓൺലൈനോട്’ പറയുന്നു. എങ്ങനെ സാധ്യമായി ഈ അദ്ഭുതം, സിയ സാഹിദ് ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നു.

എളുപ്പമായിരുന്നില്ല ആ യാത്ര

ഒരേ ദിശയിൽ അലച്ചു തല്ലിയൊഴുകുന്ന നദിയാണ് നമ്മുടെ സമൂഹം. അതിനെതിരെ നീന്തിയവരാണ് ഞാനും സഹദും. ഞാൻ പെണ്ണായും സഹദ് ആണായും ഉള്ള യാത്രക്കിടെയായിരുന്നു അവഗണനയും പരിഹാസങ്ങളുമൊക്കെ ലഭിച്ചിരുന്നത്. ഇപ്പോഴും അതിന് മാറ്റമില്ല. കടന്നു പോയ എല്ലാ വേദനകൾക്കുമുള്ള മുറിവുണക്കാനാണ് ഞങ്ങളുടെ കൺമണി എത്തുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നത്. ആ വിശ്വാസമാണ് മുന്നോട്ടു നയിക്കുന്നതും.– സിയ പറഞ്ഞു തുടങ്ങുകയാണ്.

ഞാൻ മലപ്പുറം സ്വദേശിയാണ്, സഹദ് തിരുവനന്തപുരം സ്വദേശിയും. ജന്മം അടിസ്ഥാനമാക്കി ലിംഗം നിർവചിച്ച ഒരു പോയകാലം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ആ പേരുകൾ വിടെ പരാമർശിക്കുന്നില്ല. ആദ്യം എന്റെ കാര്യം പറയാം. ഉമ്മയ്ക്കും വാപ്പയ്ക്കും ഞങ്ങൾ എട്ട് മക്കൾ. അതിൽ ‘ആൺതരികളിലൊരാളായി’ ഞാനും. അന്നൊക്കെ ട്രാൻസ്ജെൻഡർ എന്ന വിശാല അർഥം എന്തെന്ന് നമ്മുടെ സമൂഹം മനസിലാക്കി വരുന്നതേയുള്ളൂ. എന്റെ സ്വഭാവത്തിലും നടപ്പിലും പെരുമാറ്റത്തിലുമൊക്കെ ഒരു പെൺമയുണ്ടെന്ന് പറഞ്ഞ് കൂടപ്പിറപ്പുകളും കുടുംബാംഗങ്ങളും എപ്പോഴും കളിയാക്കുമായിരുന്നു. ഫോണിലെ എന്റെ സ്വരം കേട്ട് നീയെന്താ പെണ്ണുങ്ങളെപ്പോലെ സംസാരിക്കുന്നതെന്ന് പരിഹാസത്തോടെ ചോദിക്കും. സാരി ഉടുക്കാനും അണിഞ്ഞൊരുങ്ങാനുമൊക്കെ ശ്രമിക്കുന്നത് കണ്ട് ഉമ്മയുൾപ്പെടെ ചോദിക്കും നീയെന്താ ഇങ്ങനെയെന്ന്? അതെല്ലാം എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന പെൺമയുടെ അടയാളങ്ങളായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.

ziya-1

വീട്ടുകാർ അറിയാതെ നൃത്തത്തിലും നാടകത്തിലുമൊക്കെ പങ്കെടുക്കുന്നത് പതിവായിരുന്നു. പക്ഷേ തികച്ചു യാഥാസ്ഥിതിക ചുറ്റുപാടിലുള്ള വീട്ടുകാർ അതിനെയെല്ലാം കണ്ണുംപൂട്ടി എതിർക്കും. സമ്മാനങ്ങളും ട്രോഫികളുമായി വീട്ടിലെത്തുമ്പോഴേക്കും വീട്ടിലാകെ ഭൂകമ്പമായിരിക്കും.

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴേക്കും എന്റെ ഉമ്മ എന്നെ വിട്ടു പോയി. ഉപ്പ വേറെ വിവാഹം കഴിച്ചു. പ്ലസ് വണ്ണിൽ വച്ച് പഠനം മുടങ്ങി. എന്റെ മൂത്ത സഹോദരിയുടെ വീട്ടിൽ നിന്നാണ് പിന്നീട് ഞാൻ വളർന്നത്. അവിടം തൊട്ട് ജീവിതത്തിന്റെ കഷ്ടകാലം തുടങ്ങി. ഞാൻ മുടിയൊക്കെ നീട്ടി വളർത്തുന്നുണ്ടായിരുന്നു. നീയെന്താ പെണ്ണാണോ എന്ന് ചോദിച്ച് അതെല്ലാം ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ വെട്ടി വൃത്തികേടാക്കും. ഒരു ദിവസം ഞാൻ നൃത്തം പഠിപ്പിക്കുന്ന ഒരു സ്കൂളിൽ നിന്ന് എന്നെ ക്ലാസെടുക്കാൻ എന്നെ വിളിച്ചു. ക്ലാസുണ്ടെന്ന് കള്ളം പറഞ്ഞാണ് അന്ന് വല്ല വിധേനയും അവിടെ നിന്ന് പുറത്തിറങ്ങിയത്. അതിൽ പിന്നെ ആ വീട്ടിലേക്ക് തിരിച്ചു പോകാൻ എനിക്കു തോന്നിയില്ല. കാരണം വീണ്ടും അവിടേക്ക് ചെന്നാൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമെന്ന്.

കോഴിക്കോടുള്ള ഒരു ട്രാൻസ് കമ്മ്യൂണിറ്റി ഷെൽട്ടർ ഹോമിലാണ് പിന്നീട് അഭയം പ്രാപിച്ചത്. കമ്മ്യൂണിറ്റിയിലേക്കെത്തുന്ന ഓരോ ട്രാൻസ് വ്യക്തിക്കും സ്നേഹവും സംരക്ഷണവും നൽകുന്ന ഒരമ്മയുണ്ടാകും. ദിവ്യാറാണി എന്ന അമ്മയുടെ തണലിലാണ് ഞാൻ വളർന്നത്. സഹദിന്റെ അമ്മയുടെ പേര് അഷിത. കമ്മ്യൂണിറ്റിയുടെ ഇവന്റകളിൽ പങ്കെടുക്കുന്ന ചുള്ളനായ സഹദിനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞു കേട്ടു. കക്ഷി ആരാണെന്നറിയാനുള്ള താത്പര്യമായി പിന്നീട്. അങ്ങനെ ഒരു ഇവന്റിൽ വച്ചാണ് ഞാനെന്റെ സഹദിനെ കാണുന്നത്, അടുത്തറിയുന്നത്. സഹദിന്റെ ജീവിതത്തിലുമുണ്ട് എന്റേതു പോലെയുള്ള ഉണങ്ങാത്ത മുറിവുകളുടെ കഥ. സുനാമിയിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട കുടുംബമാണ് സഹദിന്റേത്. ഹോസ്റ്റലിൽ നിന്നാണ് സഹദ് വളർന്നത്. ആണുങ്ങളെപ്പോലെ നടക്കാൻ ആഗ്രഹിച്ച സഹദിന്റെ ഉള്ളിലെ ആൺമയെ കാലം ഒരിക്കൽ പുറത്തു കൊണ്ടു വന്നു. എല്ലാ പ്രതിബന്ധങ്ങളേയും താണ്ടി സഹദും പെണ്ണുടലിൽ നിന്ന് ആണുടലിലേക്ക് മാറി.

അമ്മമാരറിയാതെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നമ്പറെടുത്ത് സൗഹൃദം ആരംഭിച്ചു. ഒരുപാട് അടുത്തപ്പോഴും ഞങ്ങൾ പ്രണയം പരസ്പരം പറഞ്ഞിരുന്നില്ല. ട്രാൻസ്മാൻ അല്ലാത്ത ഒരു ആണിനെ വിവാഹം കഴിക്കാനായിരുന്നു എനിക്ക് ആഗ്രഹം. ഒരു പെണ്ണിനെ വിവാഹം കഴിക്കാനായിരുന്നു സഹദും ആഗ്രഹിച്ചത്. ചിന്തകളും ആഗ്രഹങ്ങളും ഒരേ ദിശയിൽ സഞ്ചരിച്ച നിമിഷങ്ങളിലെപ്പോഴോ ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചു. എന്നോട് ആദ്യമായി ഇഷ്ടം പറഞ്ഞത് സഹദാണ്. പ്രണയം അമ്മമാരും കമ്മ്യൂണിറ്റിയും അറിഞ്ഞപ്പോഴേക്കും വലിയ പ്രശ്നങ്ങളായി. പക്ഷേ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ യാത്രയാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

transman-surgery

കാത്തിരിക്കുന്നു കൺമണിയുടെ കാലൊച്ചയ്ക്കായി...

മനസു കൊണ്ട് ഞങ്ങൾ പൂർണമായി ട്രാൻസ് വ്യക്തികളായെങ്കിലും ശരീരം പാതിവഴിക്കു തന്നെയായിരുന്നു. പെണ്ണായി മാറാനുള്ള സർജറികളൊന്നും ഞാൻ ചെയ്തിട്ടില്ല. അതിന് ഇനിയും സമയം എടുക്കും. പക്ഷേ സഹദ് ഹോർമോൺ തെറപ്പിയും ബ്രെസ്റ്റ് റിമൂവല്‍ സർജറിയുമൊക്കെ ചെയ്ത് ആണായി മാറിത്തുടങ്ങിയിരുന്നു. ഗർഭപാത്രം റിമൂവ് ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ഒരു കുഞ്ഞെന്ന സ്വപ്നം ഉള്ളിൽ നാമ്പിട്ടത്. അതിന് പ്രചോദനവും പിന്തുണയും നൽകിയത് സമീറ ഷെമീറെന്ന എന്റെ ബന്ധുവാണ്. എന്നെ പിന്തുണയ്ക്കുന്നു എന്ന ഒറ്റക്കാരണത്താൽ സമീറയേയും ഭർത്താവ് ഷെമീറിനെയും വീട്ടുകാർ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്. പക്ഷേ പുള്ളിക്കാരി എന്റെ കൂടെ കട്ടയ്ക്ക് തന്നെയുണ്ട്.

‘എത്രയോ ട്രാൻസ് ജെൻഡറുകള്‍ ഈ ലോകത്തുണ്ട്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും അത് പുറത്തു പറയാനാകാത്തവര്‍ മുതൽ ചൂഷണങ്ങളുടെ പേരിൽ ജീവിതം അവസാനിപ്പിക്കുന്നവര്‍ വരെയുണ്ട്. അങ്ങനെയുള്ള ഈ ലോകത്ത് നിങ്ങളുടെ അടയാളമായി ഒരു കുഞ്ഞ് വേണ്ടേ’. സമീറ ചോദിച്ച ആ ചോദ്യം ഞങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു. ആഗ്രഹം സഹദിനോട് പറയുമ്പോൾ ശരിക്കും പുള്ളിക്കാരൻ ടെൻഷനായി. ഈ സമൂഹത്തെയായിരുന്നു ഭയം. പക്ഷേ ഉറച്ച പിന്തുണ നൽകി ഞാൻ പിന്നിൽ പാറപോലെ നിന്നു. എന്റെ ബീജത്തിൽ പിറവിയെടുക്കുന്ന, സഹദിന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞ്... അതായിരുന്നു സ്വപ്നം. അന്നു തൊട്ട് കുഞ്ഞിനായുള്ള ഞങ്ങളുടെ പോരാട്ടം തുടങ്ങുകയായിരുന്നു.

ziya-2

ഞാന്‍ ഡാൻസ് പഠിപ്പിക്കുന്ന ഒരു വിദ്യാർഥിയുടെ അമ്മയായിരുന്നു ഡോക്ടർ. കർശന നിർദ്ദേശങ്ങളാണ് ഡോക്ടർ ഞങ്ങൾക്ക് നൽകിയത്. ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന ഹോർമോൺ ചികിത്സ പൂർണമായും നിർത്തണം. അല്ലാത്തപക്ഷം കുഞ്ഞിന് വൈകല്യം ഉണ്ടകുമത്രേ. ബ്രെസ്റ്റ് റിമൂവ് ചെയ്തതു കൊണ്ടു തന്നെ ശരീരം ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിരുന്നു. കുഞ്ഞിന് എങ്ങനെ മുലയൂട്ടും എന്നതായിരുന്നു അടുത്ത ടെൻഷൻ. മിൽക്ക് ബാങ്കുകളിലൂടെ കുഞ്ഞിന് ഫീ‍ഡ് ചെയ്യാനാകുമെന്ന് ഡോക്ടർ അറിയിച്ചതോടെ ആ ടെൻഷനും അകന്നു.

ദിവസങ്ങൾ കടന്നു പോയി, നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ സന്തോഷ വാർത്തയെത്തി. ഞങ്ങളുടെ കുഞ്ഞാവ വരവറിയിച്ചു. ഞാനും സഹദും സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷം. ആദ്യത്തെ മൂന്ന് മാസം സഹദ് നന്നേ കഷ്ടപ്പെട്ടു. ഛർദ്ദിച്ച് അവശയായി. പക്ഷേ അവിടുന്നങ്ങോട്ടുള്ള ശാരീരിക മാറങ്ങൾ സന്തോഷത്തിന്റേയും പ്രതീക്ഷകളുടേതുമായി. കുഞ്ഞിന്റെ ഉള്ളിലെ അനക്കങ്ങളും മിടിപ്പുകളും ഇന്ന് തൊട്ടറിയുമ്പോഴുള്ള സന്തോഷമുണ്ടല്ലോ അത് ഞങ്ങൾ എങ്ങനെ പറഞ്ഞറിയിക്കും. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് സഹദ്. കുട്ടികളെ ‍ഡാൻസ് പഠിപ്പിച്ച് കിട്ടുന്ന വരുമാനമാണ് എനിക്കുള്ളത്. സഹദ് ഗർഭം ധരിച്ചതോടെ ജോലിക്ക് പോകാതായി. ഇപ്പോൾ എന്റെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. സഹദിന് ഒരുപാട് കെയറും നല്ല ഭക്ഷണങ്ങളും വേണ്ട സമയമാണ്. എന്നാൽ കഴിയുന്ന രീതിയില്‍ ഞാൻ കാശ് സ്വരുക്കൂട്ടുന്നുണ്ട്. ഞങ്ങളിപ്പോൾ രണ്ടു പേരല്ലല്ലോ, മൂന്ന് ജീവനുകളില്ലേ...?

കാത്തിരിപ്പുകൾക്ക് വേഗമേറുകയാണ്. 8 മാസം പ്രായമുള്ള ജീവൻ എന്റെ സഹദിന്റെ ഉദരത്തിൽ ചലിക്കുന്നു എന്ന സത്യത്തിന് വല്ലാത്തൊരു അവിശ്വസനീയതയുണ്ട്. ഒന്നും നടക്കില്ല എന്ന് പറഞ്ഞവർക്കു മുന്നിൽ ഞങ്ങൾ അഭിമാനത്തോടെ തലയയുർത്തി നിൽക്കുന്നില്ലേ. ഫെബ്രുവരി പകുതിയോടു കൂടി സഹദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകും. മാർച്ച് ആദ്യവാരം ഞങ്ങളുടെ കൺമണിയെത്തും. അവനെ വളർത്തണം നല്ല മനുഷ്യനായി, നാടിനും വീടിനും നല്ലവനായി. ആ കാത്തിരിപ്പിന്റെ സുഖത്തിലാണ് ഞങ്ങൾ. അങ്ങനെ സംഭവിക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പ്രെഗ്നൻസിയെന്ന നാഴിക്കല്ലുകൂടി പിറവിയെടുക്കും.– സിയ പറഞ്ഞു നിർത്തി.