Monday 29 May 2023 03:00 PM IST : By സ്വന്തം ലേഖകൻ

വിദേശത്ത് പോകാനുള്ള ഒരുക്കത്തിലാണോ? പറക്കുംമുമ്പ് പാസ്സാകണം ചില പരീക്ഷകൾ

study-abroad-1

വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാർഥികൾ നടത്തേണ്ട ചില തയാറെടുപ്പുകളെക്കുറിച്ചാണ് ഇനി പറയുന്നത്. വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ അയയ്ക്കുന്ന സമയത്ത്‌ പലവിധ ഡോക്യുമെന്റ്സ് ആവശ്യമായി വരാം. വിവിധ പരീക്ഷകളുടെ സ്‌കോർ, അഭിരുചി അളക്കാനുള്ള പരീക്ഷകൾ, നിങ്ങൾ മുൻപ് പഠിച്ച യൂണിവേഴ്സിറ്റിയിൽനിന്നുള്ള അക്കാദമിക് ട്രാൻസ്ക്രിപ്റ്റ്, എസ്ഒപി എന്നറിയപ്പെടുന്ന സ്റ്റേറ്റ്മെന്‍റ് ഓഫ് പര്‍പസ്, റഫറ ൻസ് ലെറ്ററുകൾ തുടങ്ങിയ രേഖകളാണ് അവ.

അറിഞ്ഞിരിക്കണം വിവിധ ടെസ്റ്റുകൾ

ഓരോ യൂണിവേഴ്സിറ്റിക്കും ഓരോ പ്രവേശന പരീക്ഷ എന്ന ഇന്ത്യയിലെ രീതിയല്ല ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും നിലവിലുള്ളത്. പ്രത്യേകിച്ചും അ ന്യരാജ്യത്തു നിന്ന് പഠിക്കാൻ വരുന്നവർക്ക്. ഓരോ രാജ്യത്തേക്കും പൊതുവായി ചില പരീക്ഷകളുണ്ട്. ഈ പരീക്ഷയിലെ റാങ്കല്ല അഡ്മിഷന്റെ മാനദണ്ഡം. അഡ്മിഷന് വേണ്ട പല നിബന്ധനകളിൽ ഒന്നു മാത്രമാണ് ഈ പരീക്ഷകൾ. ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള പരീക്ഷ, പൊതുവിൽ ഉപരിപഠനത്തിനുള്ള കഴിവും അഭിരുചിയും അളക്കാനുള്ള പരീക്ഷ, പ്രത്യേക വിഷയങ്ങളിലെ അറിവും അഭിരുചിയും അളക്കാനുള്ള പരീക്ഷ എന്നിങ്ങനെ പ്രധാനമായും മൂന്നു തരം പരീക്ഷകളാണ് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരോട് എഴുതാൻ ആവശ്യപ്പെടുന്നത്.

നമ്മൾ പോകുന്ന രാജ്യമേതാണെന്നുള്ളതിനനുസരിച്ചാണ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടത്. ഇന്ത്യയിൽ നിന്നുപോകുന്നവരില്‍ കൂടുതലും ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കായതിനാൽ ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യമളക്കുന്ന പരീക്ഷകളാണ് കൂടുതൽ. ജര്‍മനി പോലെ ഇംഗ്ലിഷ് അടിസ്ഥാനഭാഷയല്ലാത്ത രാജ്യങ്ങളും അവിടെ ഇംഗ്ലിഷ് ഭാഷയിൽ കോഴ്സുകൾ നടത്തുമ്പോൾ ഇംഗ്ലിഷിലുള്ള പ്രാവീണ്യം തെളിയിക്കാനാവശ്യപ്പെടാറുണ്ട്.

െഎഇഎല്‍ടിഎസ്

വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നവർ ഒരുപക്ഷേ, ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ടെസ്റ്റാകും ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം എന്നു പൂര്‍ണരൂപമുള്ള െഎഇഎല്‍ടിഎസ് (IELTS). ഇംഗ്ലിഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങൾക്കോ, ജോലിക്കായോ പോകാനുദ്ദേശിക്കുന്നവർക്കാണ് ഈ െടസ്റ്റ് പ്രയോജനപ്പെടുന്നത്. ഇംഗ്ലിഷ് ഭാഷയിലുള്ള പ്രാവീണ്യം അളക്കുക എന്നതാണ് ടെസ്റ്റിന്റെ ഉദ്ദേശം. ഒന്നു മുതൽ (നോൺ-യൂസർ 1) ഒൻപതു വരെ (എക്സ്പെർട്ട് യൂസർ 9) സ്കോറുകൾ ലഭിക്കാവുന്ന ഒരു 9-ബാൻഡ് സ്കെയിൽ സിസ്റ്റമാണ് ഈ പരീക്ഷയ്ക്ക് ഉള്ളത്.

അക്കാദമിക്, ജനറൽ ട്രെയ്നിങ് എന്നിങ്ങനെ IELTS രണ്ടു തരമുണ്ട്. വിദേശത്ത് പ്രഫഷനൽ റജിസ്ട്രേഷനു വേണ്ടിയോ ഹയർ സ്റ്റഡീസിനോ പോകാനുദ്ദേശിക്കുന്നവർ IELTS ‘അക്കാദമിക് സ്ട്രീം’ തിരഞ്ഞെടുക്കണം. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കോ ഇംഗ്ലിഷ് പ്രധാന ഭാഷയായുള്ള ഒരു രാജ്യത്ത് സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിനോ, ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനോ, ജോലിക്കായോ ‘ജനറൽ ട്രെയ്നിങ്’ ആവശ്യമാണ്.

അേമരിക്കയില്‍ പഠിക്കാന്‍

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിന് ഇംഗ്ലിഷിലുള്ള പ്രാവീണ്യം അളക്കുന്ന ടെസ്റ്റ് ആണ് ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് അസ് എ ഫോറിൻ ലാംഗ്വേജ് (TOEFL)

പ്രധാനമായും യൂണിവേഴ്സിറ്റി അഡ്മിഷനും സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും ഈ ടെസ്റ്റിന്‍റെ സ്കോര്‍ ആവശ്യമായി വരാം. TOEFL iBT എന്ന ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റ് ആണ് ലോകത്ത് കൂടുതൽ പ്രചാരത്തിലുള്ളത്. പേപ്പർ ബേസ്ഡ് ടെസ്റ്റും (TOEFL PBT) ലഭ്യമാണ്. ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റിൽ റീഡിങ്, ലിസണിങ്, സ്പീക്കിങ്, റൈറ്റിങ് എന്നിങ്ങനെ നാല് വിഭാഗങ്ങളാണുള്ളത്. നാലുമണിക്കൂറാണ് ടെസ്റ്റ് സമയം. പൂജ്യം മുതൽ 120 വരെയാണ് (0 to 120) സ്കോർ സ്കെയിൽ. നാലു വിഭാഗങ്ങൾക്കും 0 മുതൽ 30 വരെ സ്കോറുകളാണുള്ളത്. ഓരോന്നിനും ലഭിച്ച സ്കോറുകൾ കൂട്ടി ആകെ കിട്ടിയ മാർക്കാണ് ഫൈനൽ സ്കോർ ആയി കണക്കാക്കുന്നത്.

മറ്റു ഭാഷകളിലും പരീക്ഷ

സാധാരണയായി മലയാളികൾ പോകുന്ന രാജ്യങ്ങളിൽ ജർമനിയും ഫ്രാൻസുമാണ് അവരുടെ ഭാഷകളിൽ അടിസ്ഥാന പരീക്ഷ പാസാകാൻ നിബന്ധന വയ്ക്കാറുള്ളത്. റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പരീക്ഷ മുൻകൂർ പാസാകണമെന്ന് നിർബന്ധിക്കാതെ പഠനത്തിന്റെ ആദ്യവർഷം ഭാഷാപഠനത്തിന് ഉപയോഗിക്കുന്നു.

രാജ്യാന്തര തലത്തിൽ വിദ്യാർഥികളെ ആകർഷിക്കാനുള്ള മത്സരം കടുത്തതോടെ പല രാജ്യങ്ങളും അവരുടെ രാജ്യത്ത് തന്നെ രാജ്യാന്തര വിദ്യാർഥികൾക്കായി ഇംഗ്ലിഷിൽ കോഴ്സുകൾ നടത്തുന്ന രീതി തുടങ്ങിയിട്ടുണ്ട്. എന്നാലും ജർമനോ ഫ്രഞ്ചോ ജാപ്പനീസൊ ചൈനീസൊ അറിയാമെങ്കിൽ നമുക്ക് പ്രാപ്യമായ യൂണിവേഴ്സിറ്റികളുടെ എണ്ണം വർധിക്കും, മത്സരം കുറയുകയും ചെയ്യും. പഠനശേഷം തൊഴിൽ നേടാനും ഇത് നമ്മെ വളരെയധികം സഹായിക്കും.

ട്യൂഷൻ ഫീസ് ഇല്ലാതെ മികച്ച പബ്ലിക് യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ സാധിക്കുമെന്നതിനാൽ ജർമനിയിലേക്ക് ഇപ്പോൾ ധാരാളം വിദ്യാർഥികൾ കേരളത്തിൽ നിന്ന് ഉന്നത പഠനത്തിനായി പോകുന്നുണ്ട്. എൻജിനീയറിങ്, സയൻസ്, ആർട്സ് മേഖലകളിൽ മാസ്റ്റേഴ്സ്, തലത്തിലും റിസർച്ചിനുമാണ് അധികമാളുകളും പോകുന്നത്. എന്നാൽ നഴ്സിങ് കോഴ്സുകളും അവിടെ പഠിക്കാവുന്നതാണ്. പക്ഷേ, ജർമനിയിൽ നഴ്സിങ് പഠിപ്പിക്കുന്നതുതന്നെ ജർമൻ ഭാഷയിലാണ്. അതിനാൽ ജർമൻ ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

അഭിരുചി പരീക്ഷകൾ

സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്

study-abroad-3

അമേരിക്കൻ നോൺ-പ്രോഫിറ്റ് സംഘടനയായ കോളജ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള അസസ്മെന്റ് ടെസ്റ്റാണ് എസ്എടി. യുഎസ്, കാനഡ എന്നിവിടങ്ങളിൽ ബിരുദ പഠനത്തിനായി അഡ്മിഷൻ നേടാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്.

യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളും ചില ഇന്ത്യൻ യൂണിവേഴ്സിറ്റികളും ഇപ്പോൾ സ്കോളാസ്റ്റിക് അസസ്സ്മെൻറ് ടെസ്റ്റ് അംഗീകരിക്കുന്നുണ്ട്. SAT 1, SAT 2 എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് പരീക്ഷ. എഴുതാനും വായിക്കാനും സംസാരിക്കാനും ഉള്ള കഴിവുകൾ, ഗണിത പരിജ്ഞാനം എന്നിവ പരിശോധിക്കുവാനുള്ള ജനറൽ ടെസ്റ്റ് ആണ് SAT 1. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ നിങ്ങൾക്കുള്ള അറിവ് പരിശോധിക്കപ്പെടുന്ന െടസ്റ്റ് ആണ് SAT 2. സയൻസ്, ലിറ്ററേച്ചർ, ഹിസ്റ്ററി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ജർമൻ, മോഡേൺ ഹീബ്രൂ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷൻ (GRE)

യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ഗ്രാജുവേറ്റ് അഡ്മിഷനുവേണ്ടി ശ്രമിക്കുന്ന വിദേശ വിദ്യാർഥികൾക്കുള്ള ടെസ്റ്റാണ് GRE. മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾക്കായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ബിരുദ പ്രോഗ്രാമുകളിൽ GRE സ്കോർ ആവശ്യമാണ്. ഇതിലും ജനറൽ ടെസ്റ്റും സബ്ജക്റ്റ് ടെസ്റ്റുമുണ്ട്. അനലറ്റിക്കൽ റൈറ്റിങ്, വെർബൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ കഴിവുകളാണ് GRE ജനറൽ ടെസ്റ്റിൽ പരിശോധിക്കുന്നത്. കംപ്യൂട്ടർ അടിസ്ഥാനമായ പരീക്ഷയും പേപ്പര്‍ അടിസ്ഥാനമായ പരീക്ഷയും സാധ്യമാണ്. ഏതെങ്കിലും പ്രത്യേക മേഖലയിലുള്ള വിദ്യാർഥികളുടെ കഴിവുകൾ അളക്കുന്നതിനാണ് സബ്ജക്റ്റ് ടെസ്റ്റുകൾ. ബയോളജി, കെമിസ്ട്രി, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ സബ്ജക്റ്റ് ടെസ്റ്റുകൾ സാധ്യമാണ്. ഇവ പേപ്പർ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.

ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്മിഷൻ ടെസ്റ്റ് (GMAT)

ഗ്രാജുവേറ്റ് മാനേജ്മന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ നേടുന്നതിനുള്ള കംപ്യൂട്ടർ അടിസ്ഥാനമാക്കിയ ടെസ്റ്റാണ് ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്മിഷൻ ടെസ്റ്റ്. ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം ബിസിനസ് സ്കൂളുകളിൽ എംബിഎ, മാസ്റ്റർ ഓഫ് ഫിനാൻസ്, അക്കൗണ്ടൻസി തുടങ്ങി വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ മാനദണ്ഡങ്ങളിലൊന്നാണ് GMAT. അനലറ്റിക്കൽ റൈറ്റിങ് അസസ്മെന്‍റ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, വെർബൽ റീസണിങ്, ഇന്റഗ്രേറ്റഡ് റീസണിങ് എന്നിങ്ങനെ മാനേജ്മന്റ് വിദ്യാർഥികൾക്കാവശ്യമായ നാല് വ്യത്യസ്ത സ്കിൽസ് ആണ് GMAT ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആവശ്യമായ മറ്റു രേഖകള്‍

അക്കാദമിക് ട്രാൻസ്ക്രിപ്റ്റ് ആണ് ആവശ്യമായ മറ്റൊരു രേഖ. മുൻപ് പൂർത്തിയാക്കിയ അക്കാദമിക് പ്രോഗ്രാമുകളിൽ പഠിച്ച വിഷയങ്ങളും വിശദമായ സ്കോറും അടങ്ങിയ റെക്കോർഡ് ആണ് ട്രാൻസ്‌ക്രിപ്റ്റ്. നാട്ടിലെ സര്‍വകലാശാലയുെട സീലോടും അതോറിറ്റിയുടെ ഒപ്പോടും കൂടിയ ഒഫീഷ്യൽ ട്രാൻസ്‌ക്രിപ്റ്റ് ആണ് വിദേശ യൂണിവേഴ്സിറ്റികള്‍ ആവശ്യപ്പെടാറ്. ഇവയോടൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റ്സ്, ജോലി ചെയ്തിട്ടുണ്ടെങ്കിൽ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളും മുൻകൂട്ടി തയാറാക്കി വയ്ക്കണം.

േവണം റഫറന്‍സ് െലറ്റർ

നിങ്ങൾ ഉപരിപഠനത്തിനോ ഗവേഷണത്തിനോ എത്രത്തോളം യോജിച്ചവരാണെന്നും സജ്ജരാണെന്നും തെളിയിക്കുന്ന ഒരു സാക്ഷ്യപത്രമാണ് അക്കാദമിക് റഫറൻസ് അല്ലെങ്കിൽ ലെറ്റര്‍ ഒഫ് െറക്കമെൻഡേഷന്‍. നിങ്ങളെ നേരിട്ടറിയുന്ന അധ്യാപകരോ അക്കാദമിക് വിദഗ്ധരോ ആണ് ഇതു നൽകേണ്ടത്. വിദേശ സര്‍വകലാശാലകള്‍ അപേക്ഷകള്‍ സ്വീകരിക്കുബോൾ കുറഞ്ഞത് രണ്ടു റഫറൻസ് എങ്കിലും നൽകാൻ ആവശ്യപ്പെടാറുണ്ട്. അഡ്മിഷൻ പ്രക്രിയയില്‍ നിങ്ങളുടെ പൂർവ/ നിലവിലുള്ള അധ്യാപകരിൽ നിന്നുള്ള ഒരു ‘ശുപാര്‍ശ കത്ത്’ (Letter of Recomendation ) ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

എസ്ഒപിയാണ് ആവശ്യമായ

മറ്റൊരു പ്രധാന രേഖ. അതെക്കുറിച്ചു വിശദമായി അടുത്ത ലക്കത്തില്‍ പറയുന്നുണ്ട്.

ഭാഷയോ, നൈപുണ്യമോ

അളക്കുന്ന ഏതു ടെസ്റ്റുകളായാലും ഓരോ യൂണിവേഴ്സിറ്റികൾക്കും ഓരോ സ്റ്റഡി പ്രോഗ്രാമുകൾക്കും ആവശ്യമായ സ്‌കോറുകൾ വ്യത്യസ്തമായിരിക്കും. അതിനാൽ അതതു യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റുകളിൽ നൽകിയിട്ടുള്ള റിക്വയർമെൻറ് അറിഞ്ഞതിനു ശേഷം വേണം തയാറെടുപ്പുകൾ

നടത്താൻ. അതുപോലെതന്നെ ആവശ്യമായ മറ്റു രേഖകളെക്കുറിച്ചും അവർ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. ഓർക്കുക, ഓരോ യൂണിവേഴ്സിറ്റികൾക്കും പ്രവേശനത്തിനായുള്ള നിബന്ധനകൾ വ്യത്യസ്തമാണ്. അതേക്കുറിച്ചു കൃത്യമായി മനസിലാക്കി ആവശ്യമായവയുടെ

ലിസ്റ്റ് തയാറാക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിക്ക് കുറഞ്ഞത് ആറുമാസം മുൻപെങ്കിലും നിങ്ങള്‍ തയാറെടുപ്പ് തുടങ്ങണം.

വിവരങ്ങൾക്ക് കടപ്പാട്:

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. മുരളി തുമ്മാരുകുടി

യുെെണറ്റഡ് േനഷന്‍സ്, ബോണ്‍

2. നീരജ ജാനകി

കരിയര്‍ െമന്‍റര്‍,

Mentorz4u, ബെംഗളൂരു