Wednesday 22 March 2023 03:25 PM IST : By സ്വന്തം ലേഖകൻ

ജഡം പൂര്‍ണമായും അഴുകി, അനുമോളുടെ മൃതദേഹത്തിനു അഞ്ച് ദിവസത്തെ പഴക്കം; ബിജേഷിന്റെ ആത്മഹത്യാ വാര്‍ത്ത വ്യാജമെന്ന് പൊലീസ്

anumol886689g

ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ബിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജഡം പൂര്‍ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ്കലക്ടര്‍ അരുണ്‍ എസ്.നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Tags:
  • Spotlight