Thursday 23 March 2023 12:19 PM IST : By സ്വന്തം ലേഖകൻ

‘ജീവിതം മടുത്തു, ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണം’: അനുമോളുടെ അവസാന സന്ദേശം പിതൃസഹോദരിക്ക്

idukki8890985

‘‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണം. പറയുന്നവർക്ക് എന്തും പറയാം, അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവർക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ.’’– ഈ സന്ദേശത്തിനുശേഷം അനുമോളുടെ മരണവിവരമാണു ദിവസങ്ങൾക്കുശേഷം പുറത്തു വന്നത്.

ഇടുക്കി കാഞ്ചിയാറിൽ കൊല്ലപ്പെട്ട അധ്യാപിക അനുമോള്‍ (വത്സമ്മ –27) അവസാനമായി സന്ദേശമയച്ചത് മസ്‌ക്കത്തിലുള്ള പിതൃസഹോദരിക്ക്. പിതൃസഹോദരി സലോമിക്കു വാട്‌സാപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് അനുമോളുടേതായി അവസാനമായി ബന്ധുക്കൾക്കു ലഭിച്ച വിവരം. മാർച്ച് 17നു രാത്രി എട്ടോടെയായിരുന്നു ആ സന്ദേശം. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നായിരുന്നു സന്ദേശം.

വാട്സാപ്പിൽ സലോമി മറുപടി അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. 21ന് വൈകിട്ട് ആറരയോടെയാണ് വീടിന്റെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണ് മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. അനുമോളുടെ ഭർത്താവ് വിജേഷിനായി തിരച്ചിൽ തുടരുകയാണ്.

Tags:
  • Spotlight