Wednesday 22 March 2023 11:04 AM IST : By സ്വന്തം ലേഖകൻ

‘ആത്മവിശ്വാസത്തെക്കാൾ വലിയ മരുന്നില്ല’; രണ്ടുവട്ടം സ്തനാർബുദം വില്ലനായി! അതിജീവനത്തിന്റെ ‘ചുവടു’മായി ഡോക്ടർ കാർത്തിക

dr-karthika556

രണ്ടുവട്ടം സ്തനാർബുദം വില്ലനായി എത്തിയെങ്കിലും ഇഷ്ടങ്ങളെയും കൂടെ കൂട്ടി അതിജീവനം തുടരുകയാണ് ആയുർവേദ നേത്രരോഗ വിദഗ്ധയായ  ഡോക്ടർ കാർത്തിക. കുട്ടിക്കാലം മുതലേ കൂടെയുള്ള നൃത്തമാണ് ശ്രീ ശങ്കരാചാര്യ കോളജിൽ ഗസ്റ്റ് അധ്യാപികയും പാലാ സ്വദേശിനിയുമായ കാർത്തികയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത്. 

മനസിൽ തെളിച്ച വിളക്കിന് മുന്നിൽ പ്രാർത്ഥിച്ച് നെഞ്ചോട് ചേർത്ത ചിലങ്കയണിഞ്ഞ ചുവടുകൾക്കൊക്കെയും ആത്മവിശ്വാസമാണ്. കാർത്തികയുടെ ചുവടുകൾക്കൊക്കെയും അതിജീവനത്തിന്റെ ഭംഗിയാണ്. വിധിക്ക് മുന്നിൽ തോറ്റു കൊടുക്കണോ അതിജീവിക്കണോ എന്ന ചോദ്യത്തിന് കാർത്തികയ്ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ... 

2017 ൽ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പഠനം നിർത്തി ചികിത്സയ്ക്കായി ആർസിസിയിലേക്ക്.. തിരികെയെത്തി പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും രണ്ടാമതും അസുഖത്തിന്റെ ലക്ഷണങ്ങൾ തലപൊക്കി തുടങ്ങി.ഇന്നും ചികിത്സ തുടരുകയാണെങ്കിലും ആത്മവിശ്വാസത്തെക്കാൾ വലിയ മരുന്നൊന്നുമില്ലെന്ന് ഡോ കാർത്തിക. 

പാലായിൽ കലാത്മിക സ്കൂൾ ഓഫ് ഡാൻസ് നടത്തുന്ന സുഹൃത്ത് ലക്ഷ്മിയുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ഫെബ്രുവരിയിൽ അരങ്ങേറ്റവും നടത്തി. സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ ആയുർവേദ ഡിപ്പാർട്ടുമെന്റിൽ ഗസ്റ്റ് ലക്ച്ചറായാണ് കാർത്തികയുടെ ഔദ്യോഗിക ജീവിതം. ഔദ്യോഗിക ജീവിതത്തിനൊപ്പം ഇഷ്ടങ്ങളെയും ചേർത്തുപിടിച്ചുള്ള യാത്രയിൽ കാർത്തികയ്ക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്...  അതിജീവനത്തിന് പിന്നാലെയുള്ള ജീവിതത്തിൽ സന്തോഷങ്ങളിൽ വിട്ടുവീഴ്ച വേണ്ട...

Tags:
  • Spotlight
  • Inspirational Story