Friday 20 January 2023 12:22 PM IST : By സ്വന്തം ലേഖകൻ

ദേവികയുടെ സ്കോളർഷിപ് തുക പോയത് മറ്റൊരാളുടെ അക്കൗണ്ടിലേക്ക്; അധികൃതരുടെ അനാസ്ഥ, ആറു മാസം പിന്നിട്ടിട്ടും പണം തിരികെ ലഭിച്ചില്ല!

girlchildscholar

എംഎസ്‌സി ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ പെൺകുട്ടിക്ക്, ഒറ്റപ്പെൺ‌കുട്ടി പദ്ധതിയിൽ കേന്ദ്ര സർക്കാർ അനുവദിച്ച തുക പോയത് മറ്റൊരാളുടെ അക്കൗണ്ടിലേക്ക്. ആറു മാസം പിന്നിട്ടിട്ടും തുക തിരികെ ലഭിക്കാനുള്ള നടപടിയായില്ല. ഒറ്റപ്പിലാവ് മണ്ഡകത്തിങ്കൽ ജയകൃഷ്ണന്റെയും കാഞ്ചനയുടെയും മകൾ ദേവികയ്ക്ക് അനുവദിച്ച 36,000 രൂപയാണ് അധികൃതരുടെ അനാസ്ഥ മൂലം മറ്റൊരു അക്കൗണ്ടിലേക്ക് പോയത്. ആദ്യ വർഷത്തെ തുക കൃത്യമായി ലഭിച്ചിരുന്നു.

രണ്ടാം വർഷം ലഭിക്കേണ്ട തുകയാണു നഷ്ടമായത്. എസ്ബിഐ ചാലിശേരി ശാഖയിലാണ് ദേവികയുടെ അക്കൗണ്ട്. തുക അയച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ബാങ്കിൽ എത്തിയപ്പോൾ പണം എത്തിയിട്ടില്ലെന്നു മനസ്സിലായി. സന്ദേശം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അനങ്ങനടി ശാഖയിലെ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇതേ തുക കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് വിഭാഗത്തിൽ നിന്ന് ക്രെഡിറ്റ് ആയിട്ടുണ്ടെന്നു മനസ്സിലായത്.

ആ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാതിരിക്കാനുള്ള നടപടി ബാങ്ക് ചെയ്തിട്ടുണ്ടെങ്കിലും ദേവികയുടെ അക്കൗണ്ടിലേക്ക്  ഈ തുക തിരികെ ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി ആവശ്യമാണ്. പലവട്ടം പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു ദേവിക പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ഈ വർഷമാണു ദേവിക വിജയിച്ചത്.

എസ്എസ്എൽസിക്ക് മുഴുവൻ എ പ്ലസും പ്ലസ്ടുവിന് 97 ശതമാനം മാർക്കും ബിഎസ്‌സിക്ക് മൂന്നാം റാങ്കും ലഭിച്ചിരുന്നു. ഇപ്പോൾ പിഎച്ച്ഡി പഠനത്തിനുള്ള തയാറെടുപ്പിലാണ്. നഷ്ടപ്പെട്ട സ്കോളർഷിപ് തുക തിരികെ ലഭിച്ചാൽ തുടർപഠനത്തിനു സഹായകരമാകുമെന്ന പ്രതീക്ഷയിലാണു ദേവികയും വീട്ടുകാരും.

Tags:
  • Spotlight