Thursday 05 January 2023 04:58 PM IST : By സ്വന്തം ലേഖകൻ

നയനയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായ സൂചനകൾ: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

nayana-directr

യുവസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന വ്യക്തമായ സൂചനകൾ പുറത്തു വരികയാണ്. നയന പ്രത്യേക മാനസികാവസ്ഥയിൽ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റേത്. എന്നാൽ, നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടു.

സംശയങ്ങളെയും പുതിയ വെളിപ്പെടുത്തലുകളേയും ഗൗരവമായി എടുത്തുകൊണ്ട് നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി: ജെ.കെ.ദിനിൽ കമ്മിഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. എഡിജിപി എം.ആർ. അജിത് കുമാർ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശം നൽകിയത്. വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും.

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനയെ മൂന്നു വർഷം മുമ്പ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടക വീട്ടിൽ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടിച്ചിട്ട മുറിയിൽ ഒരാൾ മരിക്കണമെങ്കിൽ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ സ്വാഭാവിക മരണം. നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചതു സ്വയം പീഡനമേൽപ്പിച്ചതിനെത്തുടർന്നു പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്.

എന്നാൽ, സാഹചര്യ തെളിവുകൾ അങ്ങനെ വിശ്വസിക്കാൻ ഉതകുന്നതല്ലെന്നു ചൂണ്ടിക്കാട്ടി നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിനെ എതിർക്കുന്നു. വിദഗ്ധ സംഘത്തിന്റെ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്. കഴുത്തിൽ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാൻക്രിയാസിന്റെയും മുകൾഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലായിരുന്നു ആശയക്കുഴപ്പം.

അകത്തുനിന്ന് പൂട്ടിയ മുറിയിൽ നടന്ന മരണം ആയതിനാൽ കൊലപാതക സാധ്യത പൊലീസ് ആദ്യമേ തള്ളിക്കളയുകയായിരുന്നു. കഴുത്തിലെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്ഷതത്തിന്റെ കാരണം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമത്തിലാണ് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയെന്നു കാരണം കണ്ടെത്തിയത്.

അതേസമയം പഴയ രേഖകളും മൊഴികളുമാണ് എസിപി: ജെ.കെ.ദിനിൽ പരിശോധിക്കുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ശശികലയുമായി ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യം നടന്ന അന്വേഷണത്തിൽ വീഴ്ചകളുണ്ടായോ എന്നും അന്വേഷിക്കേണ്ടിവരും. വിശദമായ അന്വേഷണം ഉണ്ടാകുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.