Wednesday 07 June 2023 03:31 PM IST : By സ്വന്തം ലേഖകൻ

‘ആ മുഴ കാൻസറാണെന്ന് എനിക്കറിയാം ഡോക്ടർ... അതു പുറത്തറിഞ്ഞാൽ എന്റെ മക്കളെ ആര് വിവാഹം കഴിക്കും?’

breast-cancer-drt-jithu

തന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ കാൻസറിന്റെ വേരുകളെ മറച്ചുവച്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കിയ പോരാളിയായ ഒരമ്മ. സ്തനാർബുദം പിടിപ്പെടുകയാണ് എന്ന് ഉറപ്പിച്ചിട്ടും മക്കളെ സുരക്ഷിതമായി വിവാഹം കഴിപ്പിച്ചയക്കാൻ വേണ്ടി ആ വേദനയെ ആരുമറിയാതെ ഉള്ളിന്റെയുള്ളിൽ അവർ കുഴിച്ചുമൂടി. കാർസിനോമ റൈറ്റ് ബ്രെസ്റ്റ് എന്ന കാൻസർ രോഗാവസ്ഥ എന്തിനു മറച്ചുവച്ചുവെന്ന ഡോക്ടറുടെ ചോദ്യത്തിന് ഹൃദയം തൊടുന്ന മറുപടിയാണ് ആ രോഗിയായ അമ്മ നൽകിയത്. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് നടന്നടുത്ത ത്യാഗിയും പോരാളിയുമായ ആ അമ്മയുടെ കഥ ഡോ. ജിത്തു ടി.ജിയാണ് വനിത ഓൺലൈനുമായി പങ്കുവച്ചത്.

ഡോക്ടർ പങ്കുവച്ച കുറിപ്പ് ചുവടെ വായിക്കാം:

നഷ്ടപ്പെട്ട മാതൃത്വം - ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

എന്റെ ബിരുദാനന്തര ബിരുദ കാലത്ത് ഞാൻ കടന്നുപോയ ഒരു യഥാർത്ഥ സംഭവത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്, ഞങ്ങളുടെ ഒപിഡിക്കും വാർഡിനും ക്ലിനിക്കുകൾക്കുമപ്പുറം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ച ഒരു അനുഭവം. ഇതെക്കുറിച്ച് എഴുതണമെന്ന് ഞാൻ ചിന്തിച്ചിരുന്നു. അതേസമയം എന്റെ എഴുത്തിലൂടെ എന്താണ് നിറവേറ്റാൻ സാധിക്കുക എന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ എന്റെ വീക്ഷണങ്ങളിലൂടെ വായനക്കാരിൽ ഒരാളിലെങ്കിലും ഒരു ചിന്തയ്ക്കു തുടക്കമിടാൻ കഴിയുമെങ്കിൽ എന്റെ ഉദ്ദേശം സഫലമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

വലത് സ്തനത്തിൽ ഒരു മുഴയുണ്ടെന്നു പറഞ്ഞു തിരുവനന്തപുരം കിംസ്ഹെൽത്തിലെ സർജറി ഒപിഡിയിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ വ്യക്തിയെക്കുറിച്ചാണിത്. പ്രാഥമിക പരിശോധനയിൽ ഏകദേശം 8 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമറും, നെഞ്ച് ഭാഗത്തെ ഭിത്തിയിൽ കല്ലിപ്പും ഉള്ളതായി കണ്ടെത്തി. കാർസിനോമ റൈറ്റ് ബ്രെസ്റ്റ് എന്ന അവസ്ഥയുടെ മൂർച്ഛിച്ച ഘട്ടത്തിലെത്തിയിരുന്നു. സ്വന്തം ശരീരത്തോട് ഇത്രയധികം അജ്ഞത പുലർത്തിയതിൽ ആ വ്യക്തിയോട് എനിക്ക് നന്നായി ദേഷ്യം തോന്നി. ഒരുപക്ഷേ അവർ ആ ഘട്ടത്തിൻറെ പ്രാധാന്യം അറിഞ്ഞിട്ടുണ്ടാവില്ല. എനിക്കറിയാവുന്ന കുറച്ചു തമിഴ് പദങ്ങൾ ഉപയോഗിച്ച് ഞാൻ ദേഷ്യത്തോടു കൂടി ആ വ്യക്തിയോട് ചോദിച്ചു - ‘എന്തുകൊണ്ടാണ് നിങ്ങൾ ഇതുവരെ ഒരു ഡോക്ടറെ സമീപിക്കാതിരുന്നത്?’

ഡോക്ടർ, ‘ഞാൻ ശ്രദ്ധിച്ചില്ല’ അല്ലെങ്കിൽ ‘ഞാൻ അറിഞ്ഞില്ല’ അതുമല്ലെങ്കിൽ ‘ഞാൻ പാരമ്പര്യവൈദ്യം പരീക്ഷിച്ചു’; അത്തരത്തിലൊരു ഉത്തരമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, 'ഏകദേശം 3 വർഷം മുമ്പ് സ്തനത്തിലെ ഈ വീക്കം ഞാൻ ശ്രദ്ധിച്ചിരുന്നു, ഡോക്ടർ ഇത് കാൻസർ തന്നെയല്ലേ?' തമിഴ് സംസാരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇംഗ്ലീഷിൽ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു (ഓഹ് അവർക്കറിയാമായിരുന്നു ഇത് കാൻസറാണെന്ന്). 'നിങ്ങൾ ജോലി ചെയ്യുകയാണോ?' ഞാൻ അന്വേഷിച്ചു. 'അതെ, ഞാൻ സർക്കാർ സ്കൂളിൽ ഹയർസെക്കൻഡറി ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്യുന്നു.' അവർ മറുപടി പറഞ്ഞു. ഇത്രയും വിദ്യാസമ്പന്നയായ ഒരു വ്യക്തി 3 വർഷമായി ഈ മുഴയെ എങ്ങനെ അവഗണിച്ചുവെന്നത് എന്റെ ദേഷ്യവും നിരാശയും ഇരട്ടിയാക്കി. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് വൈദ്യോപദേശം തേടാത്ത അവരുടെ മനോഭാവത്തിന് പിന്നിലെ കാരണം അറിയാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു. എന്റെ ചോദ്യങ്ങൾക്കു അവർ നൽകിയ മറുപടി എന്റെ മനസ്സിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

അവർ 2 പെൺമക്കളുടെ അമ്മയാണെന്ന് കണ്ണീരോടെ എന്നോട് പറഞ്ഞു. 3 വർഷം മുമ്പ് സ്തനത്തിലെ ഈ മുഴ ശ്രദ്ധയിൽപ്പെട്ടപ്പോൾ (അവരുടെ ഇന്റർനെറ്റ് പരിജ്ഞാനത്തിലൂടെയും വായനാശീലത്തിലൂടെയും), ഇത് കാൻസർ തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു. അന്ന് അവരുടെ പെൺമക്കൾക്ക് യഥാക്രമം 23 ഉം 21 ഉം വയസ്സായിരുന്നു. സ്തനാർബുദമുള്ള അമ്മയുടെ പെൺമക്കളെ ആരാണ് വിവാഹം കഴിക്കുക എന്ന ചിന്ത അവരുടെ മനസ്സിനെ ആഴത്തിൽ വേവലാതിപ്പെടുത്തി. അങ്ങനെ അവർ ഇത് രഹസ്യമായി സൂക്ഷിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

മുഴ ശ്രദ്ധയിൽപ്പെട്ട് ആറുമാസത്തിനുള്ളിൽ അവരുടെ ആദ്യ മകളുടെ വിവാഹം നടത്തി. 1 ആഴ്ച മുമ്പ് അവരുടെ രണ്ടാമത്തെ മകളുടെ വിവാഹമായിരുന്നു. ഇപ്പോൾ അമ്മയെന്ന നിലയിൽ രണ്ട് പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കി തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മുക്തയായ അവർ, വൈദ്യസഹായം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചാണ് ഒപിഡിയിൽ വന്നത്. ഞാൻ ഞെട്ടിത്തരിച്ചുപോയി. തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി സ്വന്തം ജീവിതം വച്ച് കളിച്ച അമ്മ ചെയ്ത (തീർച്ചയായും ഒരു അമ്മയ്ക്ക് മാത്രമേ ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയൂ) ത്യാഗത്തെ ഞാൻ ബഹുമാനിക്കണമോ അതോ കാൻസർ അതിജീവിതയുടെ മകൾക്കും അത് പിടിപെടും അതിനാൽ അവളെ വിവാഹം കഴിക്കാൻ പാടില്ല എന്ന അന്ധവിശ്വാസം കൊണ്ട് നടക്കുന്ന സമൂഹത്തെ കുറ്റപ്പെടുത്തണോ?

കാൻസർ ബോധവൽക്കരണത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നമ്മൾ സംസാരിക്കുമ്പോൾ, മനുഷ്യരാശിക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിൽ നാം എത്രത്തോളം മുന്നേറി എന്നത് സംശയം ജനിപ്പിക്കുന്നു. ഇതെല്ലാം ആലോചിച്ച് ഞാൻ മുഴുകിയിരിക്കുമ്പോൾ, പെട്ടെന്ന് 'ഡോക്ടർ, ഇത് അൽപ്പം വൈകിയല്ലേ?' എന്ന് എന്നോട് അവർ ചോദിച്ചു. ഞാൻ അവരെ സമാധാനിപ്പിക്കുകയും എന്റെ സീനിയർ കൺസൾട്ടന്റുമായി കൂടിയാലോചിച്ച്‌ ആവശ്യമായ വിലയിരുത്തലുകൾക്കു ശേഷം ഞങ്ങൾ അവരെ കിംസ് ഹെൽത്തിലെ ഓങ്കോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

തിരക്കുള്ള ഷെഡ്യൂളുകളിൽ പെട്ട് ഒരുവിധം എന്റെ ജീവിതം മുന്നോട്ടു നീങ്ങി. ഈ സംഭവത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം, വീൽചെയറിൽ ഇരിക്കുന്ന ഒരു വ്യക്തി എന്നെ കണ്ടു, 'ഡോക്ടർ, ഡോക്ടർ' എന്ന് വിളിച്ചു. അവർ എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചു. അവരെ തിരിച്ചറിയാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. എല്ലും തോലും മാത്രമുള്ള ഒരു സ്ത്രീ. അവരുടെ തലയിലോ പുരികത്തിലോ രോമത്തിന്റെ അംശം പോലുമില്ല. ഞാൻ അവരെ അഭിവാദ്യം ചെയ്തു. നന്ദിയുടെ സ്വരത്തിൽ അവർ ചോദിച്ചു - ‘നിങ്ങൾക്ക് എന്നെ മനസ്സിലായോ?’ അവരെ മനസ്സിലായില്ല എന്ന് പറയാൻ എനിക്ക് ലജ്ജ തോന്നി. അവരെ നിരാശപ്പെടുത്താതിരിക്കാൻ, ഞാൻ അവരുടെ പേഷ്യന്റ് ഐഡി നമ്പർ എടുത്ത് അവരുടെ ക്ലിനിക്കൽ ഹിസ്റ്ററി തിരഞ്ഞു. ആ വ്യക്തി തന്നെയായിരുന്നു അത്. കീമോതെറാപ്പിയുടെ ഫലങ്ങൾ അവരുടെ ശരീരത്തിൽ വളരെ പ്രകടമായിരുന്നു. ഞാൻ അവരെ ഉന്മേഷവതിയാക്കാൻ ശ്രമിച്ചു നോക്കി. എന്നാൽ അടുത്തിടെ നടത്തിയ PET സ്കാൻ വെളിപ്പെടുത്തിയ കരളിന്റെയും സുഷുമ്‌നയുടെയും മെറ്റാസ്റ്റസിസ് അവരെ അത്രമേൽ തളർത്തിയിരുന്നു.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. അവരെ അവസാനമായി കണ്ടതിനു ഏകദേശം 2 മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ ഈ ലോകം വിട്ടുപോയി എന്ന് ഞാൻ അറിഞ്ഞു, മെറ്റാസ്റ്റസിസുകളുള്ള കാൻസർ ഇങ്ങനെ അവസാനിക്കുന്നു. എന്നാൽ ഇവിടെ ബാക്കി നിൽക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്.

ഒരു അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടു..

2 പെൺമക്കൾക്ക് അമ്മയെ നഷ്ടപ്പെട്ടു..

ഒരു പോരാളി അവരുടെ ജീവൻ ബലി കൊടുത്തു..

എല്ലാത്തിനും ഒരേയൊരു കാരണം. കാൻസർ രോഗിയെ കുറിച്ച് നമ്മുടെ സമൂഹം പുലർത്തുന്ന മുൻവിധിയും തെറ്റിദ്ധാരണകളും. പ്രാരംഭഘട്ടത്തിൽ പൂർണ്ണമായും സുഖപ്പെടുത്താവുന്ന ഒരു അവസ്ഥയ്ക്ക് വൈദ്യസഹായം തേടുന്നതിൽ നിന്ന് സ്നേഹമയിയായ ഒരു അമ്മയെ നമ്മുടെ സാമൂഹിക മിഥ്യകൾ തടഞ്ഞു. ഇത് ഒരു അമ്മയുടെ മാത്രം കഥയായിരിക്കില്ല, ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരക്കണക്കിന് അമ്മമാർ നമുക്കിടയിൽ ഉണ്ടായിരിക്കാം.

പല രോഗങ്ങളുമായും പ്രത്യേകിച്ച് കാൻസറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന എല്ലാ മിഥ്യാധാരണകളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമായ ഇന്ത്യയ്ക്കായാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. വിദ്യാഭ്യാസം എന്നാൽ കേവലം ബിരുദങ്ങളല്ല, മറിച്ച് ശാക്തീകരിക്കപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള പാത എന്നാണ് അർത്ഥമാക്കേണ്ടത്.ആ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജിത്തു റ്റി ജി,

അസ്സോസിയേറ്റ് കൺസൾറ്റൻറ്,

ജനറൽ ആൻഡ് മിനിമൽ അക്സസ്സ് സർജറി,

കിംസ് ഹെൽത്ത്,

തിരുവനന്തപുരം