Thursday 02 February 2023 10:37 AM IST : By സ്വന്തം ലേഖകൻ

4 ദിവസത്തെ സസ്പെൻസ് പൊളിച്ച് അവനെക്കിട്ടി, നായ്ക്കുട്ടിയെ കടത്തിയത് വിദ്യാർഥികൾ: കർണാടകയിൽ ട്വിസ്റ്റ്

dog-stolen

4 ദിവസത്തെ സസ്പെൻസ് പൊളിച്ച് അവനെ കിട്ടി. നെട്ടൂരിലെ പെറ്റ്സ് ഹൈവിൽ നിന്നു മോഷ്ടിക്കപ്പെട്ട 45 ദിവസം പ്രായമുള്ള സ്വിഫ്റ്റർ ഇനത്തിൽ പെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ കർണാടകയിലെ കർക്കലയിലാണ് കണ്ടെത്തിയത്. ഇവിടേക്ക് കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ ദൂരമുണ്ട്. നായ്ക്കുട്ടിയെ കടത്തിയ എൻജിനീയറിങ് വിദ്യാർഥികളായ ഇരുപത്തിമൂന്നുകാരായ നിഖിൽ, ശ്രേയ എന്നിവരും പിടിയിലായി. ഇരുവരും കർണാടക സ്വദേശികളാണ്.

കേരളത്തിൽ വാരാന്ത്യം ആഘോഷിച്ചു ബൈക്കിൽ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപ്പിൽ നിന്ന് 28ന് രാത്രി ഏഴോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്നു ചോദിച്ചാണ് എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാൽ സംശയം തോന്നിയില്ല. ജീവനക്കാരൻ പുറത്തേക്കു പോയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. നായ്ക്കുട്ടി ശബ്ദം ഉണ്ടാക്കാതിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കൂടു തുറന്നു പോയതായിരിക്കും എന്നാണു കരുതിയത്. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്.

ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്തു മുങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

ഹിന്ദിയിലുള്ള സംസാരം അന്വേഷണം കേരളത്തിനു പുറത്തേക്ക് നീളാൻ കാരണമായി.ഒരു രസത്തിനു ചെയ്തതെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. നായ്ക്കുട്ടിക്കു ക്ഷീണം ഇല്ലെന്നും കോടതിക്കു കൈമാറുമെന്നും അന്വേഷണത്തിനു നേതൃത്വം നൽകിയ പനങ്ങാട് പ്രിൻസിപ്പൽ എസ്ഐ ജിൻസൺ ഡൊമിനിക് പറഞ്ഞു. എസ്ഐ ജി. ഹരികുമാർ, സീനിയർ സിപിഒമാരായ എസ്. സുധീഷ്, എം. മഹേഷ്, ഷീബ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

More