Saturday 04 February 2023 12:39 PM IST : By സ്വന്തം ലേഖകൻ

ഉമ്മയുടെ കൈപിടിച്ചു നടന്നുവന്നു, പൊടുന്നനെ സ്ലാബ് തകർന്നു... അമ്മയും കുട്ടിയും സെപ്റ്റിക് ടാങ്കിൽ വീണു

drainage-slab-collapse-vaipin-boat-jetty-mom-and-kid

എളങ്കുന്നപ്പുഴ റോറോയിൽ കയറാൻ വൈപ്പിൻ ജെട്ടിയിലെത്തിയ അമ്മയും കുട്ടിയും നടപ്പാതയിലെ സ്ലാബ് തകർന്നു സെപ്റ്റിക് ടാങ്കിൽ വീണു . നാട്ടുകാർ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. കുട്ടി പൂർണമായും അമ്മ കഴുത്തു വരെയും മലിന ജലത്തിൽ മുങ്ങി.    ചെങ്ങനാട് സ്വദേശികളായ നൗഫിയ (26), മകൻ മുഹമ്മദ് റസൂൽ (3) എന്നിവരാണ് അപകടത്തിൽ പെട്ടത്.

ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം. ഫോർട്ട് കൊച്ചി കൽവത്തിയിലുള്ള ഉമ്മയെ കാണാൻ പോകുകയായിരുന്നു നൗഫിയ. ടിക്കറ്റ് എടുക്കാനായി നടപ്പാതയിലൂടെ കുട്ടിയുടെ കൈപിടിച്ചു പോകുന്നതിനിടെയാണ് സ്ലാബ് തകർന്നത്. നൗഫിയയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. മട്ടാഞ്ചേരി സംഗീത ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ശേഷം ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി കോർപറേഷൻ വൈപ്പിൻ ബസ് സ്റ്റാൻഡിനായി 50 വർഷം മുൻപ് നിർമിച്ച കെട്ടിടത്തിലുളള സെപ്റ്റിക് ടാങ്കിന്റെ സ്ലാബാണ് തകർന്നു വീണത്. ഈ സ്ലാബുകൾക്കു മീതെ കൂടിയാണ് റോറോയിൽ കയറാനെത്തുന്നവർ ടിക്കറ്റ് എടുക്കാൻ പോകേണ്ടത്. സ്ലാബിനു മുകളിൽ ഈയിടെ സിമന്റ് ചാന്ത് തേച്ചിട്ടുള്ളതിനാൽ പെട്ടെന്നു തിരിച്ചറിയാനാകില്ല. അപകടത്തെത്തുടർന്നു കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി സ്ലാബ് തകർന്നയിടം അടച്ചു.

More