Thursday 24 November 2022 12:52 PM IST : By സ്വന്തം ലേഖകൻ

‘ഒന്നു നീങ്ങണമെങ്കിൽ അറുപത്തിയൊന്നു കഴിഞ്ഞ ബാപ്പ ചാക്കിലിരുത്തി വലിക്കണം’; ദുരിതമറിഞ്ഞ് ഇലക്ട്രിക് വീൽചെയറുമായി ഗോപിനാഥ് മുതുകാടെത്തി

abdu-gopii799

എൻഡോസൾഫാൻ ഇരയായ ചെങ്കള ബെർകെയിലെ 32 വയസുകാരൻ അബ്ദുറഹ്മാന് വീടിനകത്ത് എവിടേക്കെങ്കിലും ഒന്നു നീങ്ങണമെങ്കിൽ പിതാവ് അബ്ദുല്ല തറയിലൂടെ ചാക്കിലിരുത്തി വലിച്ചു കൊണ്ടുപോകണമായിരുന്നു ഇന്നലെ വരെ. എന്നാൽ ഇനി അബ്ദുറഹ്മാന് ഇലക്ട്രിക് വീൽചെയറും ഇലക്ട്രിക് ക്രെയിനും സഹായത്തിനുണ്ടാവും. ഈ മകന്റെയും ബാപ്പയുടെയും ദുരിതമറിഞ്ഞ് മജിഷ്യൻ ഗോപിനാഥ് മുതുകാട് ഇടപെട്ടാണ് 2.5 ലക്ഷം രൂപ ചെലവിൽ സൗകര്യങ്ങളൊരുക്കി നൽകിയത്.

ജന്മനാ ചലനശേഷിയില്ലാത്ത ആളാണ് അബ്ദുറഹ്മാൻ. 61 കഴിഞ്ഞ പിതാവ് അബ്ദുല്ലയാകട്ടെ മകനെ താങ്ങാനുള്ള ആരോഗ്യാവസ്ഥയിലുമല്ല. ഇതോടെയാണു മനസ്സില്ലാ മനസോടെ പിതാവ് മകനെ ചാക്കിലിരുത്തി വീടിന്റെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയിരുന്നത്. ഇലക്ട്രിക് വീൽ ചെയറിന്റെയും ഇലക്ട്രിക് ക്രെയിനിന്റെയും പ്രവർത്തനം റിമോർട്ടിന്റെ സഹായത്തോടെയാണ്. ഇതിനു പുറമേ മുറ്റത്തേക്കു സഞ്ചരിക്കുന്നതിനുള്ള റാംപും പണിതു നൽകി. മുറ്റത്ത് ടൈൽ ഇടാനുള്ള നടപടിയും ആലോചനയിലുണ്ട്. 

ഭിന്നശേഷിക്കാർക്കായി കാസർകോട് പണിയാനിരിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ പ്രഖ്യാപനവും മുതുകാട് നടത്തി. പദ്ധതിയ്ക്കായി ഭൂമി നൽകുന്ന എം.കെ.ലൂക്ക, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ്യ, ജ്യോതി തേക്കിൻകാട്ടിൽ, രാധാകൃഷ്ണൻ, മനോജ് ഒറ്റപ്പാലം, ഫൊട്ടോഗ്രഫർ മധുരാജ്, രമേശൻ നായർ, മുനീസ അമ്പലത്തറ, മിസിരിയ ചെങ്കള., പി.ഷൈനി, കെ. ചന്ദ്രാവതി, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഗോപിനാഥ് മുതുകാട് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

അന്നും ഇന്നും...

കഴിഞ്ഞ മാസം 25 നാണ് കാസർകോട് ചെങ്ങള പഞ്ചായത്തിലെ അബ്ദുള്ളയെയും ഉമ്മയില്ലാത്ത 32 കാരൻ അബ്ദുൾ റഹ്മാനെയും കണ്ടത്. വാപ്പ, അവനെ നിലത്തിട്ടു വലിച്ചുകൊണ്ടുവരുന്ന ദൃശ്യം കണ്ട് താങ്ങാനാവാതെ തിരിച്ചുപോരുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.. അന്ന് ഉറപ്പിച്ചു... ഒരു മാസത്തിനുള്ളിൽ അവന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്. ഇന്ന് രാവിലെ ഒരിക്കൽ കൂടി ആ വീട്ടിലേക്ക്....

അവനായി വാങ്ങിയ ഇലക്ട്രോണിക് ക്രെയിനിൽ ഉയർത്തി ഇലക്ട്രോണിക് വീൽ ചെയറിലിരുത്തി കോൺക്രീറ്റ് റാമ്പിലൂടെ മുന്നോട്ട് കുതിക്കുമ്പോൾ ഒരിക്കൽകൂടി കണ്ണുകൾ നിറഞ്ഞൊഴുകി... പക്ഷേ .... അത് ആനന്ദാശ്രുക്കളായിരുന്നു.

25/10 ന് പോസ്റ്റ് ചെയ്ത കുറിപ്പ് ആവർത്തിക്കുന്നു....

(കാസർകോട് നിന്ന് മടങ്ങുകയാണ്. രണ്ടു ദിനങ്ങൾ കൊണ്ട് കണ്ടത് എത്രയോ നീറുന്ന മുഖങ്ങളും തളർന്ന ശരീരങ്ങളുമാണ്. അന്നൊരിക്കൽ മാതൃഭൂമി ആഴ്ചപ്പതിൽ മകനെ നിലത്തിട്ട് വലിക്കുന്ന ചിത്രസഹിതം ഫോട്ടോഗ്രാഫർ മധുരാജ് എഴുതിയ വാക്കുകൾ ഇന്നും മനസ്സിന്റെ തറയിൽ മായാതെ കിടക്കുന്നുണ്ട്. 32 വയസ്സുള്ള അബ്ദുൾ റഹ്മാന്റെ ചിത്രം. ആദ്യം പോയത് ആ വീട്ടിലേക്കാണ്. ആ കാഴ്ച താങ്ങാനാവില്ല.... അന്ന് മധുരാജ് എഴുതിയ കുറിപ്പും ഫോട്ടോയും അനുവാദത്തോടെ താഴെ കൊടുക്കുന്നു.

"ആ വീട്ടിൽ രണ്ടു പേർ മാത്രം.

ബാപ്പയും മകനും.

മകനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുവരുന്നു.

ഇരിക്കാനും നിൽക്കാനും കഴിയാത്ത 32 വയസ്സുള്ള അബ്ദുൾ റഹ്മാൻ എന്ന മകനെ താങ്ങി നിർത്താൻ ആ പിതാവിനാകില്ല...

"ഓള് പോയ ശേഷം ഞാൻ ഈ വീട് വിട്ട് പുറത്ത് ഇറങ്ങിയിട്ടില്ല. കല്യാണ വീട്ടിലോ മരിച്ച വീട്ടിലോ പോലും... തനിച്ചാക്കിയത് എന്നെ മാത്രല്ല, ദാ ഇവനെക്കൂടിയാണ്." മുഖത്ത് വിടാതെ നിൽക്കുന്ന ചിരിയോടെ അയാൾ പറഞ്ഞു.

വേദനയിലും ഇവർക്ക് ചിരിക്കാനാകും. അറുപത്തി ഒന്ന് കഴിഞ്ഞ അബ്ദുള്ള തറയിൽ കിടക്കുന്ന മകനെ നോക്കി. അഞ്ചു വർഷം മുമ്പ് അവന്റെ ഉമ്മ വിട്ടു പോയി. എല്ലാം കേട്ട് ചിരിച്ച് മകൻ അബ്ദുൾ റഹ്മാൻ. പാന്റും ടീഷർട്ടും വേഷം. കയ്യിൽ ഒരു റിസ്റ്റ് വാച്ച്. വിരിഞ്ഞ മാറിടവും ഉയരവുമുള്ള ഒത്ത പുരുഷനാണ് തറയിൽ കിടക്കുന്നത്. ശരീരം അനക്കാൻ ആകാതെ... പ്രാഥമിക കാര്യങ്ങൾ മുതൽ ഭക്ഷണം കഴിക്കുന്നത് വരെ അവന് ഉപ്പയുടെ സഹായം വേണം. മകന്റെ ഭാരമേറിയ ശരീരം പൊക്കാനാകാതെ ആ വൃദ്ധപിതാവ് തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച്ച ആരേയും വേദനിപ്പിക്കുന്നതാണ്. "മറ്റെന്ത് ചെയ്യാനാ ? കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഒക്കത്ത് വെക്ക്വായിരുന്നു.. ". ചിരി വിടാത്ത ചുളിവുകൾ വീണ മുഖത്ത് വിഷാദം.

മകന്റെ കൈകളിൽ ആ വാപ്പ സ്നേഹപൂർവം ഒരു വാച്ച് കെട്ടി കൊടുത്തിട്ടുണ്ട്. ആ വാച്ചിന്റെ സൂചികൾ തിരിയുമ്പോൾ കാലം കടന്നു പോകുന്നത്, പക്ഷേ അവൻ അറിയുന്നില്ല.... കാലം അബ്ദുൾ റഹ്മാന് ഒരു തലകീഴായ കാഴ്ചയാണ്.... കിടക്കുന്ന തറയുടെ ചൂടും തണുപ്പുമാണ്. രാവിലെ ജാലകത്തിലൂടെ അരിച്ചു കടന്നുവരുന്ന സൂര്യന്റെ ചുവന്ന വെളിച്ചം. ഉച്ചക്ക് മുറിയിലൂടെ കടന്നുപോകുന്ന ഈർപ്പമില്ലാത്ത കാറ്റ്. ഒരു നിലാക്കീറ്. രാത്രിയുടെ ഏകാന്തയിൽ ഏകയായ് മറഞ്ഞിരുന്ന് അവൻ മാത്രം കേൾക്കുന്ന ഏതോ രാപക്ഷിയുടെ പാട്ട്...

കൈയ്യിൽ ഒരു പിടി മരുന്നുമായി ഞങ്ങളെ യാത്ര അയക്കുമ്പോൾ ആ വാപ്പയുടെ കണ്ണുകളിൽ ഒരു ചോദ്യം ഉച്ചരിക്കാതെ ബാക്കി നിന്നു. എനിക്ക് ശേഷം ..?")

Tags:
  • Spotlight
  • Inspirational Story