Friday 02 December 2022 01:29 PM IST : By സ്വന്തം ലേഖകൻ

‘മിസ്റ്റർ ഹിഗ്വിറ്റാ...നിങ്ങളറിയുന്നുണ്ടോ, താങ്കളുടെ പേര് ഇവിടെ കോടതി കയറാനൊരുങ്ങുകയാണ്....’: ‘ഹിഗ്വിറ്റ’ വിവാദം കൊഴുക്കുമ്പോൾ...

Higuita

സമീപകാലത്ത് മലയാള സിനിമ കണ്ട പലതരം വിവാദങ്ങളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് ‘ഹിഗ്വിറ്റ’യുമായി ബന്ധപ്പെട്ട് കൊഴുക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനെയും ധ്യാൻ ശ്രീനിവാസനെയും നായകൻമാരാക്കി ഹേമന്ത്.ജി.നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായതോടെയാണ് വിവാദങ്ങളുടെയും ചർച്ചകളുടെയും തുടക്കം. ചിത്രത്തിന്റെ പേര് എൻ.എസ് മാധവന്റെ പ്രശസ്ത ചെറുകഥയുടേതാണെന്നും മാധവന്റെ അനുമതിയോടെയാണോ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്നു പേരിട്ടത് ? എന്നുമായിരുന്നു ചിലരുടെ ചോദ്യം. തൊട്ടു പിന്നാലെ പരാതിയുമായി മാധവനും രംഗത്തെത്തി.

‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’ എന്നായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

ഇതോടെ വിവാദം കത്തിത്തുടങ്ങി. മാധവനെ അനുകൂലിച്ച് കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ കെ.സച്ചിദാനന്ദനുൾ‌പ്പടെയുള്ളവരും എതിർത്ത് മറ്റൊരു പക്ഷവും രംഗത്തെത്തി.

higuita-2

ലോകപ്രശസ്ത കൊളംബിയൻ ഫുട്ബോളർ റെനെ ഹിഗ്വിറ്റയുടെ പേരാണ് മാധവൻ കഥയുടെ പേരാക്കിയത്. അതിനു മാധവൻ ഹിഗ്വിറ്റയുടെ അനുമതി വാങ്ങിയിരുന്നോ എന്നാണ് മാധവനെ എതിർക്കുന്നവരുടെ ചോദ്യം. മാത്രമല്ല, ഈ പേര് മാധവന്റെ കണ്ടെത്തലല്ലെന്നും ആയതിനാൽ മാധവൻ എങ്ങനെയാണ് ഇതിൽ അധികാരം അവകാശപ്പെടുന്നതെന്നുമാണ് ഇക്കൂട്ടരുടെ ചോദ്യം.

അതേസമയം, ‘ഹ്വിഗിറ്റ’ എന്ന സിനിമയ്ക്ക് എൻ.എസ് മാധവന്റെ കഥയുമായി ഒരു ബന്ധവുമില്ലെന്നും പൊളിറ്റിക്കൽ ത്രില്ലറായ സിനിമയ്ക്ക് പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടതെന്നും ചിത്രത്തിന്റെ സംവിധായകൻ ഹേമന്ത്.ജി.നായർ പറഞ്ഞു. അതുകൊണ്ടൊന്നും മാധവൻ വഴങ്ങിയില്ല. ‍അദ്ദേഹത്തിന്റെ പരാതിയിൽ, സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിടുന്നതു ഫിലിം ചേംബർ വിലക്കി. എൻ.എസ് മാധവനിൽ നിന്നു അനുമതി വാങ്ങാനും സിനിമയുടെ അണിയറപ്രവർത്തകര്‍ക്കു ചേംബർ നിർദേശം നൽകി. ഇതേത്തുടർന്ന്, നിയമനടപടിക്കൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ടെന്നാണ് ഇവരുടെ നിലപാട്.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എഴുത്തിലേക്കുള്ള എൻ.എസ് മാധവന്റെ തിരിച്ചു വരവായിരുന്നു 1992 ല്‍ വാരികയിൽ പ്രസിദ്ധീകരിച്ച ‘ഹിഗ്വിറ്റ’ എന്ന ചെറുകഥ. മലയാള കഥയില്‍, ഭാവുകത്വപരമായ നവീകരണം സാധ്യമാക്കിയ സൃഷ്ടി.

സ്‌കൂളിലെ പി.ടി മാഷുടെ മകനായ ഗീവറുഗീസ് എന്ന ഗീവറുഗീസ് അച്ചനാണ് കഥയിലെ നായകന്‍. സെവന്‍സ് ഫുട്‌ബോളിലെ താരമായിരുന്ന ഗീവറുഗീസ്, മൈതാനത്ത് ഹിഗ്വിറ്റ നടത്തുന്നതിനു സമാനമായി, ജീവിതത്തിൽ ഒരിടപെടൽ നടത്തുന്നു. ഈ കഥയാണ് ഹിഗ്വിറ്റ. എന്നാൽ സിനിമ അതല്ല, അതൊരു രാഷ്ട്രീയ നേതാവിന്റെയും അയാളുടെ ഗൺമാന്റെയും കഥയാണത്രേ പറയുക.

higuita-4

കഥയും സിനിമയുമൊക്കെ വരുന്നതിനും എത്രയോ മുൻപേ സാക്ഷാൽ റെനെ ഹിഗ്വിറ്റ കേരളത്തിലും സുപരിചിതനാണ്. കൊളംബിയയുടെ ഈ വ്യത്യസ്തനായ ഗോൾകീപ്പർ രൂപത്തിലൂടെയും സാഹസികമായ കളിശൈലിയിലൂടെയുമൊക്കെ മലയാളികളുടെയും മനസ്സ് കീഴടക്കിയ താരമാണ്.

മൈതാനത്ത് ‘സ്കോർ‌പിയൺ കിക്ക്’ എന്ന ‘മരണക്കളി’ കളിച്ചിരുന്ന ഹിഗ്വിറ്റ കളത്തിനു പുറത്തും അതിസാഹസികനായിരുന്നു. ആ സാഹസികത അയാളെ ജയിലിലും എത്തിച്ചിട്ടുണ്ട്.

higuita-3

മയക്ക് മരുന്നും മാഫിയ സംഘങ്ങളുമായുമൊക്കെയുള്ള ഹിഗ്വിറ്റയുടെ സഹവാസം കുപ്രസിദ്ധമാണ്.

പാബ്ലോ എസ്‌കോബാര്‍ എന്ന കുപ്രസിദ്ധനായ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍ കാര്‍ലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മധ്യസ്ഥനായത് ഹിഗ്വിറ്റയാണെന്ന വാർത്ത വന്നതോടെയാണ് ടിയാൻ 1993 ല്‍ ജയിലിലായത്. ഏഴ് മാസത്തെ തടവ്. ഈ ജയിൽവാസം 1994 ലെ ലോകകപ്പ് ആയിരുന്നു ഹിഗ്വിറ്റയ്ക്ക് നഷ്ടമാക്കിയത്.

2005 ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ക്ലബ് ഫുട്ബോളില്‍ നിന്നു ഹിഗ്വിറ്റ വിരമിച്ചെങ്കിലും 2007ല്‍ തീരുമാനം മാറ്റി തിരിച്ചു വന്നു. മൂന്നു വര്‍ഷത്തിനു ശേഷം 2010 ല്‍ കരിയർ അവസാനിപ്പിക്കുകയായിരുന്നു.

higuita-5

ഒരു ഗോൾ കീപ്പർക്ക് അയാളുടെ കൈകളും ചെറുപറക്കലുകൾക്കു വഴങ്ങുന്ന ശരീരവുമാണ് ടൂൾ. അധികം അഭ്യാസങ്ങൾക്കൊന്നും ശ്രമിക്കാതെ, തന്റെ ഗോൾവല ചലിക്കാതെ പരിശ്രമിക്കുകയാണ് ഓരോ ഗോളിയുടെയും നയം. എന്നാൽ ഹിഗ്വിറ്റ അതായിരുന്നില്ല, സ്വന്തം പോസ്റ്റിനു നേരേ പാഞ്ഞു വരുന്ന പന്തിനെ വായുവിലുയർന്നു ചാടി, രണ്ടു കാലുകളും നീട്ടി, ഒരു പ്രത്യേക തരത്തിൽ അടിച്ചു പറത്തുകയായിരുന്നു അയാളുടെ ശൈലി. പലപ്പോഴും പാളിയിട്ടുണ്ടെങ്കിലും അതായിരുന്നു അയാളുടെ യു.എസ്.പി....അതൊക്കെ അവിടെ നിൽക്കട്ടേ, മിസ്റ്റർ ഹിഗ്വിറ്റാ...നിങ്ങളറിയുന്നുണ്ടോ, താങ്കളുടെ പേര് ഇവിടെ കോടതി കയറാനൊരുങ്ങുകയാണ്....