Friday 14 April 2023 03:29 PM IST

‘എനിക്ക് നല്ല ഉറപ്പുണ്ട്, അടുത്ത തവണ വിജയിക്കും’; രോഗത്തിനൊപ്പം സമ്പാദ്യവും ചോർന്നുപോയപ്പോൾ ജീവിതം തിരികെ പിടിക്കാൻ മണ്ണിലേക്കിറങ്ങിയ ജുമൈല ബാനു

Chaithra Lakshmi

Sub Editor

_I5A2041 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

രോഗ കാലത്തിനൊപ്പം സമ്പാദ്യവും ചോർന്നുപോയപ്പോൾ ജീവിതം തിരികെ പിടിക്കാൻ മണ്ണിലേക്കിറങ്ങിയ ജുമൈല ബാനു...

മോൾ പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ. കുഞ്ഞിനു പിന്നാലെ ഒാടിനടക്കേണ്ട കാലം. രോഗക്കിടക്കയിലെ നോവിൽ ഒഴുക്കിലെന്ന േപാലെ കടന്നു പോയ കണ്ണീരുറഞ്ഞ കാലത്തിനൊപ്പം സമ്പാദ്യവും ചോർന്നുപോയി. ജീവിതത്തിലേക്കു മെല്ലെ പിച്ചവച്ചു തുടങ്ങിയപ്പോൾ നഷ്ടപ്പെട്ട സമ്പാദ്യം തിരികെ പിടിക്കണമെന്ന സ്വപ്നമായിരുന്നു മനസ്സിൽ.

ആ മോഹവുമായാണ് അഞ്ച് ഏക്കറിൽ കൃഷി തുടങ്ങിയത്. അധ്വാനിച്ചതെല്ലാം വെറുതെയായി. കൃഷി സമ്പൂർണ പരാജയം. ഒരിക്കൽ പരാജയപ്പെട്ട കൃഷി വീണ്ടും പരീക്ഷിക്കാൻ ആരും മുതിരാറില്ല. പക്ഷേ, ജുമൈല ബാനുവിന് ഉറപ്പായിരുന്നു രോഗക്കിടക്കയിലെ ജീവിതത്തിൽ നിന്നു താൻ എഴുന്നേറ്റതു വിജയിക്കാനാണെന്ന്. അഞ്ച് ഏക്കറിലെ കൃഷിയുടെ പരാജയം നൽകിയ പാഠമാണ് ഇന്നു 240 ഏക്കറിലെ കൃഷിയുടെ വിജയഗാഥയിലേക്കു ജുമൈല ബാനുവിനു വഴികാട്ടിയത്.  

‘‘തോറ്റുവെന്നു തോന്നുന്ന നിമിഷങ്ങളുണ്ടാകാം ജീവിതത്തിൽ. വീണിടത്തു നിന്നെഴുന്നേറ്റു പൂർവാധികം ശക്തിയോടെ ജീവിതത്തെ ചേർത്തു പിടിക്കണം. തോൽവിയിൽ നിന്നുള്ള പാഠങ്ങളാണു വിജയത്തിലേക്കു വഴികാട്ടുക.’’ ജുമൈല ബാനുവിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

തോൽവി നൽകിയ പാഠം

‘‘കോഴിക്കോട് കുറ്റിക്കാട്ടൂരാണ് നാട്. പത്താം ക്ലാസ് കഴിഞ്ഞ് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ കാലത്തായിരുന്നു നാട്ടുകാരൻ കൂടിയായ മുസ്തഫയുമായുള്ള വിവാഹം. ഗൾഫിൽ ബിസിനസായിരുന്നു അദ്ദേഹത്തിന്. സന്തോഷത്തിനു തെളിച്ചമേകി കുഞ്ഞും പിറന്നു. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ വീഴ്ചയിൽ എന്റെ  നട്ടെല്ലിനു ക്ഷതമേറ്റു. ചികിത്സ ദിവസങ്ങളും മാസങ്ങളും കടന്നു. േരാഗക്കിടക്കയിൽ ചെലവഴിക്കേണ്ടി വന്നതു നീണ്ട പത്തു വർഷം.

ഇക്കയുടെ കയ്യിലെ സമ്പാദ്യത്തിലേറെയും ചികിത്സയ്ക്കു വേണ്ടി ചെലവാക്കി. സഹിക്കാനാകാത്ത വേദനയ്ക്കിടയിൽ സാമ്പത്തികബുദ്ധിമുട്ടും. രോഗം കുറച്ചു ഭേദമായെന്നു തോന്നിയതോടെ ഞാൻ ചിന്തിക്കാൻ തുടങ്ങി.

എങ്ങനെയാണു നഷ്ടപ്പെട്ട പണത്തിനു പകരം സമ്പാദിക്കുക? ചെറിയ മുതൽമുടക്കിൽ എന്തെങ്കിലും െചയ്യാനേ പറ്റൂ. ഒടുവിൽ മനസ്സു നൽകിയ ഉത്തരമാണു കൃഷി. ഉമ്മാന്റെ വല്യൂമ്മാന്റെ കാലത്തേ വീട്ടിൽ കൂവകൃഷിയുണ്ട്. അതേ കൃഷി വ്യാവസായികമായി ചെയ്താലോ എന്ന് ആലോചിച്ചു.  അന്വേഷിച്ചപ്പോൾ ആ കാലത്തു വ്യവസായികമായി കൂവകൃഷി ആരും ചെയ്യുന്നില്ല. ഇക്കയോടു ചോദിച്ചപ്പോ ‘അതു വേണോ? നിന്റെ ആരോഗ്യസ്ഥിതി ഇനിയും ശരിയായില്ലല്ലോ.’ എന്നായിരുന്നു മറുപടി. ‘എനിക്ക് നല്ല മോഹമുണ്ട്. ഞാൻ ചെയ്തോളാം.’ എന്ന് ഉറപ്പു പറഞ്ഞു. അങ്ങനെ അദ്ദേഹം കൃഷി തുടങ്ങാനുള്ള പണം നൽകി.

ഈ വിവരമറിഞ്ഞു പലരും കളിയാക്കി ‘വെറുതെ പറമ്പിൽ മുളയ്ക്കും എന്നല്ലാതെ ആരും കൂവ കൃഷി ചെയ്യാറില്ലല്ലോ.’ പക്ഷേ, ദൈവം കൂടെയുണ്ടായിരുന്നു.  കൂവ കയറ്റുമതി ചെയ്യുന്ന ഏജൻസിയുമായി സംസാരിച്ചു വിപണി സാധ്യത ഉറപ്പു വരുത്താൻ കഴിഞ്ഞു.   

വീട്ടിൽ നിന്നു മാറി ഒരിടത്ത് അഞ്ച് ഏക്കറിൽ കൂവ കൃ ഷി ചെയ്തു. വ്യവസായികമായി കൂവ എങ്ങനെ കൃഷി ചെയ്യണം, വിളവു കൂടുതൽ കിട്ടുന്നതിന് എന്തു ചെയ്യണം ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ല. കൃഷി പൂർണമായും പരാജയമായിരുന്നു.

മാസങ്ങൾ നീണ്ട അധ്വാനം, പണം എല്ലാം വെള്ളത്തിൽ വരച്ച വര പോലെ. എന്റെ സങ്കടം കണ്ട് ഇക്ക ആശ്വസിപ്പിച്ചു. ‘വിഷമിക്കേണ്ട. ചികിത്സയ്ക്കു വേണ്ടി കുറേ പണം ചെലവഴിച്ചില്ലേ. അതുപോലെ കണക്കാക്കിയാൽ മതി.’ ആ വാക്കുകൾ വലിയ പിന്തുണയായിരുന്നു.’’

വിജയമെന്ന സ്വപ്നം

‘‘കൃഷി പരാജയപ്പെട്ടാൽ സാധാരണ ആരും അതേ കൃഷി തുടരാറില്ല. എന്നാൽ എന്റെ അറിവില്ലായ്മ കാരണമാണു കൃഷി പരാജയമായതെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു.   എന്റേതായ രീതിയിൽ ചെയ്തു നോക്കിയതെല്ലാം തെറ്റായിരുന്നു എന്നു മനസ്സിലായി. വേനൽക്കാലത്തു നിരപ്പായ ഭൂമിയിൽ നിന്നു കൂവ പറിച്ചാൽ കിട്ടില്ല. ഉയരം കൂടിയ വരമ്പാക്കി മാറ്റണം. അങ്ങനെ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. തെറ്റുകൾ തിരുത്തി വീണ്ടും കൃഷി ചെയ്താൽ വിജയിക്കുമെന്ന്  മനസ്സു പറഞ്ഞു.

‘വീണ്ടും പരീക്ഷണം വേണോ?’ എന്ന് ഇക്ക സംശയിച്ചു. എന്റെ ആരോഗ്യസ്ഥിതിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ‘എനിക്ക് നല്ല ഉറപ്പുണ്ട്. അടുത്ത തവണ വിജയിക്കും.’ ഞാൻ വാക്കു നൽകി. അങ്ങനെ മലപ്പുറത്തെ വണ്ടൂരിൽ അഞ്ച് ഏക്കർ പാട്ടത്തിനെടുത്തു കൃഷി ചെയ്തു. വിശ്വാസം തെറ്റിയില്ല. അത്തവണ നൂറുമേനി വിളവ് കിട്ടി. നല്ല വരുമാനം കിട്ടിയതോടെ മുന്നോട്ടു നീങ്ങാനുള്ള ഊർജമായി. പിറ്റേ വർഷം പത്ത് ഏക്കർ സ്ഥലമെടുത്താണു കൃഷി ചെയ്തത്. അത്തവണയും നൂറുമേനി കിട്ടി. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോ വണ്ടൂർ 40 ഏക്കറിൽ കൂവയും മഞ്ഞളും കസ്തൂരിമഞ്ഞളും കൃഷി ചെയ്യുന്നു.

_I5A2069

ഇതിനിടെ  കർണാടകയിൽ 100 ഏക്കറിൽ കൃഷി തുടങ്ങി. അതു നന്നായി വന്നപ്പോഴാണു തമിഴ്നാട്ടിൽ 200 ഏക്കർ കിട്ടുമെന്നു മനസ്സിലായത്. തമിഴ്നാട്ടിലെ രാജപാളയത്തു 200 ഏക്കറിലാണ് ഇപ്പോൾ കൃഷി.

കൂവ മാത്രമല്ല, അത്തർ കമ്പനിക്കു വേണ്ടി മുല്ലപ്പൂ കൃ ഷി ചെയ്യുന്നുണ്ട്. ചുവന്നുള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കപ്പ തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്. ഫാം ടൂറിസം സാധ്യത മനസ്സിലാക്കി പശു, ആട്,  കോഴി, താറാവ്, അരയന്നം, പലതരം പക്ഷികൾ തുടങ്ങിയവയേയും വളര്‍ത്തുന്നുണ്ട്.

ആദ്യത്തെ അബദ്ധം ഒരിക്കലും ഉണ്ടാകാതിരിക്കാൻ വേണ്ടി എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും സ്വയം പുതുക്കാനും ശ്രമിക്കാറുണ്ട്. അറിവു നേടാൻ കൃഷി ഭവനും യുട്യൂബ് വിഡിയോയുമെല്ലാം പ്രയോജനപ്പെടുത്തും.

പലപ്പോഴും വിത്ത് എടുക്കുന്നതിനു വേണ്ടി ആന്ധ്രയിലും കർണാടകയിലും പോകാറുണ്ട്. യാത്രയ്ക്കിടെ പലതരം ശാരീരിക പ്രയാസങ്ങളുമുണ്ടാകും. മകളും മരുമകനും  ഒപ്പമുള്ളതു കൊണ്ട് ഈ ബുദ്ധിമുട്ടുകളെല്ലാം മറികടക്കാ ൻ കഴിയുന്നു.

മകൾ ഷിഫ എംബിബിഎസ് വിദ്യാർഥിയാണ്. എംബിഎ പഠനം കഴിഞ്ഞ മരുമകൻ മുബഷിർ ഷാ വിപണനസാധ്യതകൾക്ക് ഏറെ പിന്തുണ നൽകുന്നുണ്ട്. ‘ബാനൂസ് അഗ്രോ’ എന്ന പേരിലാണു ഞങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. നല്ല വരുമാനം കിട്ടിത്തുടങ്ങിയതോടെ ഇക്ക ഗൾഫ് ജീവിതം മതിയാക്കി എനിക്കൊപ്പമെത്തി. ഇഷ്ടമുള്ളതു ചെയ്തോളൂ എന്നു പറഞ്ഞു കൂടെ നിൽക്കുന്ന കുടുംബമാണ് എന്റെ ശക്തിയും ധൈര്യവും.’’  

പഠിക്കാൻ മറക്കേണ്ട

‘‘ഏതു കൃഷി ചെയ്യാൻ വേണ്ടിയാണെങ്കിലും ഈ മേഖലയിലേക്ക് ഇറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ വിപണി കണ്ടെത്തിയിട്ടു മാത്രമേ കൃഷി ചെയ്യാവൂ. ‘ഞാൻ കൃഷി െചയ്തു. മാർക്കറ്റ് ഇല്ല. ഉൽപന്നം വിറ്റു തരുമോ’ എന്നു ചോദിച്ചു പലരും വിളിക്കാറുണ്ട്. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ഉൽപന്നം വാങ്ങാൻ ആളുണ്ടോ? വിൽക്കാൻ പറ്റുമോ എന്നു കൃത്യമായി വിലയിരുത്തണം. അതല്ലെങ്കിൽ നൂറുമേനി വിളവ് കിട്ടിയാലും കാര്യമില്ല. വില കിട്ടില്ല. അധ്വാനവും പണവും പാഴാകും.

വിലയില്ലാത്ത സാധനം തീരെ ചെയ്യേണ്ട. നിങ്ങളുടെ അധ്വാനത്തിന് അതിന്റേതായ വില കിട്ടുന്നതിനു വേണ്ടി മാത്രം പണവും സമയവും ചെലവാക്കുക. സീസൺ നോക്കി കൃഷി ചെയ്താൽ ലാഭമുണ്ടാകണമെന്നില്ല. എല്ലാവരും ഒരേ സാധനം ഒരേ സീസണിൽ ചെയ്യുമ്പോൾ ഒരേ സ മയമാകും വിളവെടുപ്പ്. അപ്പോൾ വിലയുണ്ടാകില്ല.

എല്ലാവരും കൂർക്ക വിളവെടുക്കുന്ന സമയമാണിത്. ഞാൻ ഇപ്പോൾ കൂർക്ക നടുന്നതേയുള്ളൂ. ഇനി കൂർക്ക കിട്ടാനില്ലാത്ത സമയത്താകും എന്റെ വിളവെടുപ്പ് നടക്കുക. പ്രത്യേക വിളവെടുപ്പു കാലമുളള തരം വിളകൾ ഞാൻ കൃഷി ചെയ്യാറില്ല.

എന്നാൽ വണ്ടൂരിൽ കൂവയും മഞ്ഞളും അതിന്റേതായ സമയത്തു മഴക്കാലത്താണു നടുക. ഇതേ വിളകൾ തമിഴ്നാട്ടിൽ സീസൺ മാറ്റി ചെയ്യും. കേരളത്തിലേതിനേക്കാ ൾ നല്ല മണ്ണാണു തമിഴ്നാട്ടിലേത്. അതുകൊണ്ടാണു കൃഷിക്കു തമിഴ്നാട് തിരഞ്ഞെടുത്തത്. പണിക്കൂലിയും കുറവാണ്. ഒരുമിച്ച് ഇത്രയും സ്ഥലം േകരളത്തിൽ കിട്ടുകയുമില്ല.

മഞ്ഞൾ, കൂവ, കസ്തൂരിമഞ്ഞൾ ഇതെല്ലാം കയറ്റുമതി ചെയ്യുകയാണ്. മറ്റു കൃഷിയെല്ലാം നേരിട്ടു വിപണിയിലേക്കാണ് എത്തിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലേക്കും നേരിട്ട് പച്ചക്കറി എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ജൈവകീടനാശിനിയും  ജൈവവളവും ഉപയോഗിച്ചാണു കൃഷി ചെയ്യുന്നത്. ശാരീരികപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇപ്പോഴും വലയ്ക്കുന്നുണ്ട്. എല്ലാവരെയും പോലെ ഓടി നടക്കാനോ ജോലി ചെയ്യാനോ എനിക്കു കഴിയില്ല. എന്നാലും പണിക്കാരുടെ നടുവിൽ േപായിരിക്കും. ചിലപ്പോൾ ആ മണ്ണിൽത്തന്നെ കിടക്കേണ്ടി വരും.

ഈ ശാരീരികപ്രയാസങ്ങളുമായി പല ദിവസങ്ങളിലും 480 കിലോമീറ്റർ ദൂരത്തോളം യാത്ര ചെയ്യേണ്ടി വരും. ഇപ്പോഴും ചികിത്സ തുടരുന്നു.

പക്ഷേ, അധ്വാനം നൽകിയ വിജയത്തിന്റെ മധുരത്തിൽ ഈ പ്രയാസങ്ങളെല്ലാം ഞാൻ മറക്കും. ഇത്ര ശാരീരിക ബുദ്ധിമുട്ടുള്ള എനിക്കിതു ചെയ്യാൻ പറ്റുമെങ്കിൽ ആർക്കും ചെയ്യാവുന്നതേയുള്ളൂ ഇതെല്ലാം.  

കൃഷി നൽകുന്ന സന്തോഷം ജീവിതത്തിൽ മറ്റൊന്നിനും നൽകാനാകില്ലെന്നു തോന്നാറുണ്ട്. രോഗക്കിടക്കയിലായ എന്റെ നോവ് കണ്ട് ഒരുപാട് കരഞ്ഞിരുന്നു ഉമ്മ സുബൈദ. ഇന്ന് എന്റെ വിജയം കണ്ട്  ഉമ്മയും സന്തോഷിക്കുന്നു. മണ്ണിൽ സന്തോഷവും വിളയുമെന്ന് ഞാനോർക്കാറുണ്ട്.’’

Tags:
  • Spotlight
  • Motivational Story
  • Inspirational Story