Friday 26 May 2023 12:15 PM IST : By സ്വന്തം ലേഖകൻ

കനത്ത മഴയും കോടമഞ്ഞും വഴിമുടക്കി; കൂമ്പൻമലയില്‍ കുടുങ്ങി വിദ്യാർഥികള്‍, രക്ഷിച്ചത് ഏഴു മണിക്കൂർ നീണ്ട സാഹസിക ദൗത്യത്തിനു ശേഷം!

students-stuck-in-the-mountain-mpm.jpg.image.845.440

കാട്ടാനകളും പുലികളും വിഹരിക്കുന്ന കൂമ്പൻമലയുടെ താഴ്‌വാരത്തിൽനിന്ന് വിദ്യാർഥികളെ രക്ഷിക്കാനായത് ഏഴു മണിക്കൂർ നീണ്ട സാഹസിക ദൗത്യത്തിനു ശേഷം. രാത്രി 7നാണ് കരുവാരകുണ്ട് പൊലീസ് ഇൻസ്പെക്ടർ സി.കെ. നാസറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. മലയിൽ കുടുങ്ങിയ വിദ്യാർഥികളെ മലയിറക്കി ചേരിയിൽ ആംബുലൻസിൽ കയറ്റുമ്പോൾ സമയം ഇന്നലെ പുലർച്ചെ 2.20. 

മാമ്പുഴ പൊടുവണ്ണി സ്വദേശികളായ ചക്കാലക്കുന്നൻ മുഹമ്മദ് ആരിഫിന്റെ മകൻ അൻജൽ(17), പൊൻകുളത്തിൽ മുഹമ്മദിന്റെ മകൻ യാസീൻ(17), കല്ലിങ്ങൽ ഇസ്ഹാക്കിന്റെ മകൻ ഷംനാസ്(21) എന്നിവരാണു ചൊവ്വാഴ്ച രാവിലെ 11നു ചേരി വഴി മല കയറിയത്. ഉച്ച കഴിഞ്ഞു 3നു മഴ തുടങ്ങുകയും ചോലകളിൽ വെള്ളം നിറയുകയും ചെയ്തതോടെ മൂവരും തിരിച്ചുപോരാൻ ഒരുങ്ങി. ഇതിനിടെ പാറക്കെട്ടിൽ തട്ടി യാസീനും അൻജലിനും പരുക്കേറ്റു നടക്കാൻ കഴിയാതായി. മഴയിൽ കോടമഞ്ഞ് മൂടിയതോടെ മലയിറങ്ങാനുള്ള വഴിയും കാണാതായി.

വഴിയറിയാതെ രണ്ടു മണിക്കൂർ മലയിലൂടെ കറങ്ങി ഷംനാസ് കൂട്ടുകാരെ രക്ഷിക്കാൻ ആനത്താനത്തെത്തി എസ്റ്റേറ്റ് ജീവനക്കാരൻ ഐസക്കിനെ വിവരമറിയിക്കുകയായിരുന്നു. ഐസക്ക് ആണ് വിദ്യാർഥികളായ രണ്ടുപേർ മലയിൽ കുടുങ്ങിയ വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്നാണു രക്ഷാപ്രവർത്തനത്തിനു തുടക്കം കുറിക്കുന്നത്.

മഴയും കോടയും വഴിമുടക്കി

മല കയറിയ വിദ്യാർഥികളെ തിരിച്ചുപോരാനാകാതെ കുടുക്കിയതു പൊടുന്നനെയുണ്ടായ മഴയും കോടമഞ്ഞും. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന അൻജലും യാസീനും ഷംനാസിന്റെ കൂടെ യാത്ര പുറപ്പെട്ടതു കൂമ്പൻമല അടുത്തുനിന്നു കാണാനാണ്. സാവകാശം നടന്നു കൂമ്പനു താഴെ എത്തിയപ്പോഴേക്കും കനത്ത മഴ തുടങ്ങി.‌ വലിയ പാറയിൽ തെന്നി അൻജൽ യാസീനിന്റെ ദേഹത്തേക്കു വീണു. രണ്ടുപേരും ഏകദേശം 70 മീറ്റർ ദൂരം തെന്നി താഴേക്കു വീണതായി ഷംനാസ് പറഞ്ഞു. 

അൻജലിന് എല്ലാം ഒരു ദുഃസ്വപ്നം പോലെ

ആശുപത്രിക്കിടക്കയിലും മലയിൽ കുടുങ്ങിയതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല അൻജൽ ആരിഫിന്. വീഴ്ചയിൽ പല്ലു പോയതിനാൽ ചുണ്ടനക്കാൻ വയ്യ. എഴുന്നേറ്റിരിക്കാനോ തിരിഞ്ഞു കിടക്കാനോ പ്രയാസപ്പെടുകയാണ്. രാത്രി മലയിൽനിന്ന് ഇറക്കിയതും ആശുപത്രിയിൽ എത്തിച്ചതും ഒരു ദുഃസ്വപ്നം പോലെയാണ്.

അൻജൽ മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിലാണ്. ‘മഞ്ഞു മൂടിയപ്പോൾ പേടിയായി. വഴി തെറ്റി. അതോടെ ചുറ്റും ഇരുട്ടു പരന്ന പോലെ തോന്നി. കാൽ തെന്നി വീണു. പിന്നീട്...’– സംഭവിച്ചതു പറയാൻ തുടങ്ങിയപ്പോൾ ചുണ്ടു വിറച്ചു. വീഴ്ചയിലാണു പല്ലു പോയതെന്നു മാതാവ് ഫൗസിയയാണു പറഞ്ഞു മുഴുമിപ്പിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണു വീട്ടിൽനിന്നു പോയതെന്ന് ഫൗസിയ പറഞ്ഞു. തലയ്ക്കും പല്ലിനും പരുക്കുണ്ട്. യഥാസമയം രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു കുടുംബം.

Tags:
  • Spotlight