Wednesday 18 January 2023 11:41 AM IST : By സ്വന്തം ലേഖകൻ

‘സ്വന്തമായി തൊഴിൽ വേണം, സഹോദരിയെ പഠിപ്പിക്കണം’; ആഗ്രഹം പങ്കുവച്ച് അർഷ, സാന്ത്വനമാകാന്‍ കലക്ടർ കൃഷ്ണതേജ

krishnatheja45567

മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ അംഗപരിമിതയായ അർഷ വിമലിനും സഹോദരി ആർദ്രാ വിമലിനും സാന്ത്വനവുമായി ജില്ലാ കലക്ടറുടെ ഇടപെടൽ. ഇവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി വിവരം അറിയിക്കാൻ കലക്ടർ വി.ആർ. കൃഷ്ണതേജ സാമൂഹിക നീതി വകുപ്പ് ഓഫിസർ എ.ഒ. അബീന് നിർദേശം നൽകി. സാമൂഹികനീതി വകുപ്പ് ഓഫിസർ ഇന്നലെ കുമാരപുരം താമല്ലാക്കൽ കാട്ടിൽ മാർക്കറ്റ് തൈച്ചിറയിൽ വീട്ടിലെത്തി അർഷയോടു സംസാരിച്ചു. സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കണമെന്നും സഹോദരിയെ പഠിപ്പിക്കണമെന്നുമുള്ള ആഗ്രഹം അർഷ പങ്കുവച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞു.  

ജന്മനാ കാലുകൾക്ക് സ്വാധീനമില്ല അർഷയ്ക്ക്. കരുവാറ്റ എൻഎസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആർദ്ര. കാൻസർ ബാധിതയായ അമ്മ സലില അ‍ഞ്ചു വർഷം മുൻപ് മരിച്ചു. ആഴ്ചകൾക്കു മുൻപ് ഹൃദ്രോഗബാധയെത്തുടർന്ന് അച്ഛൻ വിമൽകുമാറും മരിച്ചതോടെ ഈ പെൺകുട്ടികളുടെ ജീവിതം വഴിമുട്ടി. സലിലയുടെ രോഗം അറിഞ്ഞാണ് വിദേശത്ത് ചെറിയ ജോലിയുണ്ടായിരുന്ന വിമൽകുമാർ നാട്ടിലെത്തിയത്. 

സലിലയുടെ ചികിത്സച്ചെലവും മറ്റു ബാധ്യതകളും മൂലം കുടുംബം പ്രയാസത്തിലായിരുന്നു. നാട്ടിൽ പെയിന്റിങ് ജോലിയായിരുന്നു വിമൽകുമാറിന്. കുട്ടികൾക്കു ട്യൂഷനെടുത്ത് അർഷ അച്ഛനെ സഹായിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൂടിയപ്പോൾ അതും നിർത്തി. ഇവർക്ക് ജീവിതത്തിലേക്കു നടന്നു കയറാൻ നല്ല മനസ്സുകളുടെ പിന്തുണ കൂടി വേണം. കരുവാറ്റ സൗത്ത് ഇന്ത്യൻ ബാങ്കിൽ അർഷ വിമലിന്റെ പേരിൽ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ: 0101053000077120,  ഐഎഫ്എസ്‌സി: എസ്ഐബിഎൽ 0000101, ഫോൺ: 8075920153

Tags:
  • Spotlight