Tuesday 29 November 2022 05:08 PM IST

ഏഷ്യൻ ചാംപ്യനായി ലിബാസിന്റെ തിരിച്ചു വരവ്; പാഷൻ തിരികെപ്പിടിച്ച അമ്മയുടെ കഥ

Rakhy Raz

Sub Editor

libas-asian-weight-lifting-champion-cover

‘‘ഒരിക്കലും തിരിച്ചു വരാനാകുമെന്നു കരുതിയതല്ല. അതും രണ്ടു കുട്ടികളുടെ അമ്മയായ ശേഷം. ഭർത്താവ് സാദിഖ് അലിയുടെ പ്രോത്സാഹനത്തിലാണു ഭാരോദ്വഹനത്തിലേക്കു വീണ്ടും വന്നത്. കോച്ച് പി. പി. ഗോപാലകൃഷ്ണനാണു പരിശീലകൻ. 2019 ൽ ആണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്.’’ ലിബാസ് പറഞ്ഞു. വിവാഹത്തെ തുടർന്ന് തന്റെ തന്റെ ഇഷ്ട കായിക ഇനമായ പവർ ലിഫ്റ്റിങ്ങിനോടു വിട പറഞ്ഞ ലിബാസ് 35ാം വയസ്സിൽ തിരിച്ചു വരവു നടത്തിയത് ഏഷ്യൻ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിക്കൊണ്ടാണ്.

തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ലിബാസ് സ്കൂൾ– കോളജ് കാലത്തെ സ്പോർട്സിൽ കഴിവു തെളിയിച്ച താരമായിരുന്നു. ന്യുമാൻസ് കോളജിൽ പഠിക്കുന്ന കാലത്താണ് പവർ ലിഫ്റ്റിങ്ങിലേക്ക് തിരിഞ്ഞത്. വീട്ടുകാർ പിന്തുണ നൽകിയെങ്കിലും സാമൂഹിക എതിർപ്പുകൾ കാരണം നാഷണൽ പവർലിഫ്റ്റിങ്ങിൽ സ്വർണ മെഡൽ നേടിയതു പോലും രഹസ്യമാക്കി വയ്ക്കേണ്ടി വന്നു ലിബാസിന്. വിവാഹത്തെതുടർന്നു സ്പോർട്സിൽ നിന്നും വിട പറഞ്ഞു.

വിവാഹശേഷം എംഎയും ബിഎഡും പൂർത്തിയാക്കി. കുറച്ചു നാൾ അധ്യാപികയായി ജോലി ചെയ്തു. പിന്നീട് ബിസിനസുകാരനും സിനിമ നിർമാതാവുമായ ഭർത്താവായ സാദിഖ് അലിയുടെ ബിസിനസ്സിൽ പങ്കുചേർന്നു. രണ്ടു മക്കൾ. ‘‘രണ്ടാമത്തെ മകളുണ്ടായ ശേഷം ഞാൻ നന്നായി വണ്ണം വച്ചു. ഒരു ദിവസം സാദിഖ് പ്രത്യേകിച്ച് ഒന്നും പറയാതെ ജിമ്മിലേക്കു കൊണ്ടു പോയി. ‘ഇന്നു മുതൽ നിന്റെ പ്രാക്റ്റീസ് തുടങ്ങുകയാണ്’ എന്നു പറഞ്ഞു.’’

അല്പം വൈകിയെങ്കിലും തന്റെ പാഷൻ ഗംഭീരമായി തിരികെ പിടിച്ചു ലിബാസ്. പവർ ലിഫ്റ്റിങ്ങിൽ നിന്നു വെയ്റ്റ് ലിഫ്റ്റിങ്ങിലേക്ക് ചുവടു മാറ്റി കോച്ച് പി.പി ഗോപാലകൃഷ്ണന്റെ പരിശീലനനടത്തുന്ന ലിബാസ് ന്യൂസീലൻഡിൽ നടക്കുന്ന കോമൺവെൽത് ഗെയിംസിലും യുഎസിലെ വേൾഡ് ചാംപ്യൻഷിപ്പിലും മറ്റു രാജ്യാന്തര മത്സരങ്ങളിലും വെയ്റ്റ് ലിഫ്റ്റിങ്ങിനു തിരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചർ പൂർണമായും വായിക്കാം; ഡിസംബർ ആദ്യ ലക്കം വനിതയിൽ