Tuesday 24 January 2023 03:42 PM IST : By സ്വന്തം ലേഖകൻ

വീസയുമായി ബന്ധപ്പെട്ട തർക്കം: കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്: മാരക പരുക്ക്

women-attack-kochi

കൊച്ചി നഗരത്തിൽ യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. രവിപുരത്തെ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കേറ്റത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശിയായ ജോളിയെന്ന സൂര്യയുടെ കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ വീസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടർന്ന പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.