Saturday 28 January 2023 11:34 AM IST : By സ്വന്തം ലേഖകൻ

പഞ്ചായത്ത് ഡ്രൈവർ ജീപ്പിന്റെ താക്കോലുമായി വീട്ടിൽ പോയി; മൂന്നു മാസമായി ജീപ്പില്‍ കയറാതെ പ്രസിഡന്റ്, പ്രതിഷേധം

kuruppumthara-panchayat-president.jpg.image.845.440

പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് മൂന്നു മാസമായി ഔദ്യോഗിക വാഹനം ബഹിഷ്കരിച്ചു. സിപിഎം നേതാവും മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രൻ സ്വന്തം പണം മുടക്കി ഓട്ടോയിലാണു യാത്ര. 

നവംബറിലാണു പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയത്. പിറ്റേന്ന് അവധി എടുക്കുകയും ചെയ്തു. അന്നു മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാൻ ഓഫിസിലെത്തിയ പ്രസിഡന്റ് ഏറെ നേരം കാത്തിരുന്നു. തുടർന്നാണു ഡ്രൈവർ താക്കോലുമായി പോയെന്നും അവധിയിലാണെന്നും അറിയുന്നത്.

പഞ്ചായത്തിലെ വാഹനങ്ങളുടെ താക്കോൽ ഉപയോഗം കഴിയുമ്പോൾ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറണമെന്നാണു ചട്ടം. എന്നാൽ ഈ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ഡ്രൈവറെ ന്യായീകരിക്കുകയും ജീവനക്കാർ പ്രസിഡന്റിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയാണു പ്രസിഡന്റ് ജീപ്പ് ബഹിഷ്കരിച്ചത്.

ഡ്രൈവർക്കെതിരെ പഞ്ചായത്ത് ഡയറക്ടറേറ്റിൽ പരാതി നൽകിയിട്ടുണ്ടെന്നും തീരുമാനം ഉണ്ടായ ശേഷമേ വാഹനം ഉപയോഗിക്കൂവെന്നും കോമളവല്ലി  പറയുന്നു.

Tags:
  • Spotlight