Monday 08 May 2023 11:08 AM IST : By സ്വന്തം ലേഖകൻ

രണ്ടായിരം പേർ പങ്കെടുത്ത വിവാഹസദ്യ; മുഴുവൻ മാലിന്യവും ഒരുതരി പോലും അവശേഷിപ്പിക്കാതെ ഉടൻ കംപോസ്റ്റാക്കി! മാതൃകയായി വിവാഹം

sadhyaaawasteeee

രണ്ടായിരം പേർ പങ്കെടുത്ത വിവാഹസദ്യയിലെ മുഴുവൻ മാലിന്യവും ഒരുതരിപോലും അവശേഷിപ്പിക്കാതെ ഉടനടി കംപോസ്റ്റാക്കി മാറ്റി. തൊടുപുഴ ജോഷ് പവിലിയനിൽ ഡോ. മീരയും തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ഡോ. അഗ്നിവ്യാസും തമ്മിലുള്ള വിവാഹത്തിൽ നടപ്പാക്കിയ ‘സീറോ വേസ്റ്റ്’ മാതൃകയ്ക്കു ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും ഗ്രീൻ സർട്ടിഫിക്കറ്റും ലഭിച്ചു. ഹരിതകേരളം മുൻ ജില്ലാ കോഓർഡിനേറ്റർ കൂടിയായ ഡോ. ജി.എസ്. മധുവാണു തന്റെ മകൾ മീരയുടെ വിവാഹത്തിനു വേറിട്ട സംവിധാനമൊരുക്കിയത്.

രണ്ടു ടണ്ണോളം മാലിന്യം ഉണ്ടാകുമായിരുന്ന പരിപാടിയാണു മാലിന്യമൊട്ടും അവശേഷിപ്പിക്കാതെ സംഘടിപ്പിച്ചത്. ഭക്ഷണാവശിഷ്ടം മൊബൈൽ കംപോസ്റ്റർ യൂണിറ്റിലൂടെ ജൈവവളമാക്കി. പുനരുപയോഗസാധ്യമായതും കംപോസ്റ്റ് ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ വിവാഹസദ്യയിലും ആഘോഷപരിപാടികളിലും ഉപയോഗിച്ചുള്ളൂ.

ആദ്യം കുറച്ചു വിളമ്പുകയും ആവശ്യം അനുസരിച്ചു വീണ്ടും നൽകുകയും ചെയ്യുന്ന രീതിയും അവലംബിച്ചു. തിളപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും ചില്ലുഗ്ലാസിലാണു നൽകിയത്. സദ്യയ്ക്കു മേശവിരിയായി വെള്ളം തൊട്ടാൽ നനയുന്ന തിളക്കമില്ലാത്ത ന്യൂസ് പ്രിന്റ് ഉപയോഗിച്ചു. ടിഷ്യു പേപ്പർ ഒഴിവാക്കി പകരം എല്ലാവർക്കും ഓരോ തുണിത്തൂവാല നൽകി.

ഓരോ പന്തിയും കഴിഞ്ഞ് ഇലകളും അവശിഷ്ടങ്ങളും പേപ്പർ മേശവിരിയിൽ ചുരുട്ടിയെടുത്തു സമീപത്ത് ഒരുക്കിയിരുന്ന മൊബൈൽ കംപോസ്റ്ററിൽ നിക്ഷേപിച്ചു. സ്മാർട് മൊബൈൽ കംപോസ്റ്ററാണു കൊല്ലത്തു നിന്ന് എത്തിച്ചത്. ആദ്യത്തെ ചേംബറിൽ നിക്ഷേപിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ അരച്ചെടുത്തു രണ്ടാമത്തെ ചേംബറിലേക്കു മാറ്റി. ഈ ചേംബർ അതിനെ കംപോസ്റ്റ് ആക്കി. 10 ദിവസത്തിനുള്ളിൽ ഇതു സമ്പൂർണ ജൈവവളമാകും.

Tags:
  • Spotlight
  • Inspirational Story