Tuesday 03 January 2023 03:39 PM IST : By സ്വന്തം ലേഖകൻ

ന്യൂ ഇയർ ദിനത്തിൽ 3800 രൂപയ്ക്ക് ഭക്ഷണം കഴിച്ചു; പണം നൽകാതെ കടന്നുകളഞ്ഞ് കുടുംബം! കുറിപ്പുമായി സന്തോഷ് ടി. കുരുവിള

santhosh-t-food

കൊച്ചിയിലെ ‘പെപ്പർ ബോട്ട്’ എന്ന റസ്റ്ററന്റിൽ ന്യൂ ഇയർ ദിനത്തിലുണ്ടായ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കുറിപ്പ് പങ്കുവച്ചത്. നല്ല തിരക്കുള്ള സമയത്ത് റസ്റ്ററന്റിലെത്തിയ ഒരു കുടുംബം ഭക്ഷണം കഴിച്ചശേഷം 3800 രൂപയുടെ ബിൽ നൽകാതെ മുങ്ങിയെന്നാണ് കുറിപ്പിൽ പറയുന്നത്. പണം കിട്ടാത്തതിലല്ല വിഷമമെന്നും ജീവിക്കാനായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ പറ്റിച്ചതാണ് സങ്കടകരമെന്നും സന്തോഷ്  ടി. കുരുവിള പറയുന്നു. എന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളുടെ നിർമാതാവും എസ്ടികെ സിനിമാ നിർമാണ കമ്പനി ഉടമയും റസ്റ്ററന്റ് ശൃംഖലയുടെ ഉടമയുമാണ് സന്തോഷ് ടി. കുരുവിള.

സന്തോഷ് ടി. കുരുവിള പങ്കുവച്ച കുറിപ്പ് വായിക്കാം; 

പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ നമ്മുടെ ഹൃദയത്തിലേയ്ക്ക് നൊമ്പരമായി ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രമാണ് ജീൻ വാൽ ജീൻ ! സ്വന്തം സഹോദരിയുടെ മക്കളുടെ വിശപ്പടക്കാൻ ഒരു റൊട്ടിക്കഷ്ണം മോഷ്ടിയ്ക്കാൻ ശ്രമിയ്ക്കവേ പിടിയിലാവുകയും പിന്നീട് നിരവധി വർഷങ്ങൾ ജയിലിൽ ആവുകയും ചെയ്ത കഥാപാത്രം ! 

വിശപ്പിന്റെ വില അറിഞ്ഞ തലമുറകൾ  നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു! ഇന്നും അത്തരം മനുഷ്യർ നമുക്കു ചുറ്റും അപൂർവമായെങ്കിലും ഉണ്ടാവാം. പരിഷ്കൃത ലോകം ഇവരോട് അനുഭാവ പൂർണ്ണമായി തന്നെയാണ് പെരുമാറുക. പക്ഷെ, ഒരു സംരഭത്തേയും രാപകൽ ഭേദമെന്യേ അധ്വാനിക്കുന്ന തൊഴിലാളികളെയും കബളിപ്പിക്കുക എന്നത് പൊറുക്കാവുന്ന തെറ്റല്ല. 

ഡിസംബർ 31 രാത്രി പാലാരിവട്ടം പെപ്പർ ബോട്ട് റെസ്റ്റോറന്റിലേയ്ക്ക് ഒരു വലിയ കുടുംബം ഭക്ഷണം കഴിക്കുവാനായി എത്തുന്നു. വിഭവ സമ്യദ്ധമായി അവർ ഭക്ഷണം കഴിക്കുന്നു , 3800 രൂപ ബിൽ! പിന്നീട് അതി വിദഗ്ധമായി അവർ ആസൂത്രണം ചെയ്ത പ്രകാരം പുറത്തെവിടെയോ പാർക്ക് ചെയ്ത വണ്ടിയിൽ കയറി കടന്നുകളയുന്നു. കനത്ത തിരക്കുള്ള ആ സമയത്തിന്റെ ആനുകൂല്യം ഇത്തരം ഒരു തട്ടിപ്പിനായി പ്രയോജനപ്പെടുത്തുമെന്ന് പെപ്പർ ബോട്ടിലെ നിഷ്കളങ്കരായ ജീവനക്കാർ പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. 

ഈ കബളിപ്പിക്കൽ ആവർത്തിയ്ക്കപ്പെടാതിരിക്കാനും ഇതു പോലുള്ള സംരംഭകർ ജാഗരൂകരായി ഇരിക്കുന്നതിനും വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. വിശപ്പടക്കാനുള്ള ആഹാരം മാന്യമായി ചോദിച്ച് വാങ്ങാനുള്ള എല്ലാ സാഹചര്യവും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കാര്യം നേരിൽ പറയുന്നവനെ അപമാനിക്കുവാനോ പരിഹസിക്കുവാനോ ഉള്ള അവിവേകം പുലർത്തുന്നവരല്ല ഈ സ്ഥാപനത്തിന്റെ ഉടമകൾ, അതുപോലെ അധ്വാനത്തിന്റെ വിലയെ ചെറുതാക്കാനും അനുവദിക്കില്ല.

Tags:
  • Spotlight
  • Social Media Viral