Thursday 02 February 2023 02:31 PM IST : By സ്വന്തം ലേഖകൻ

‘മകള്‍ക്കു പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ, അവസാനത്തെ യാചനയാണ്’; അപേക്ഷിച്ച് നിമിഷപ്രിയയുടെ അമ്മ

nimisssammaa

മകളെ രക്ഷിക്കാന്‍ തന്റെ ജീവന്‍ നല്‍കാമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണം. ദയാധനം യെമനിലെത്തിച്ച് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

‘‘എങ്ങനെ പൈസ കൈകാര്യം ചെയ്യണമെന്നുള്ളത് കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് തീരുമാനിക്കണമെന്നാണ് ഞാൻ ഇതുവരെ അപേക്ഷ കൊടുത്തത്. എന്നു വിളിക്കും എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് അറിയാൻ. നിമിഷ വിളിക്കുമ്പോഴും അതുതന്നെയാണ് ചോദിക്കാറ്. കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് ചെയ്തു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തു വില കൊടുത്തും എന്റെ മകളുടെ ജീവൻ രക്ഷിക്കണം. എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ. ഞാൻ പോകാൻ തയാറാണ്.

എന്റെ മകളെ അവളുടെ കൊച്ചിനു വേണ്ടി വിട്ടു തരണം. എന്റെ അവസാനത്തെ യാചനയാണ്. എത്രയും വേഗം എന്റെ മകളെ മോചിപ്പിക്കണമെന്ന് ഞാൻ എല്ലാവരോടും അപേക്ഷിച്ചിട്ടുണ്ട്. ദയാധനം നൽകാനുള്ള പണം ആക്ഷൻ കൗൺസിൽ ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ഇപ്പോൾ നിമിഷയുമായി സംസാരിക്കാനുള്ള അവസരവും കുറഞ്ഞു.’’– നിമിഷയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷാ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവിയുടെ നിർദേശിച്ചിരുന്നു. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്. ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. 

Tags:
  • Spotlight