Wednesday 07 June 2023 12:08 PM IST : By സ്വന്തം ലേഖകൻ

‘ജീവനുണ്ടെന്ന് കാണിക്കാൻ അവൻ കൈവീശി’: നിരത്തിക്കിടത്തിയ മൃതശരീരങ്ങൾക്കിടയിൽ മകന്റെ ജീവന്റെ തുടിപ്പ്

odisha-balesor

മരണ മുനമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ കഥകൾ എത്രയോ നാം കേട്ടിരിക്കുന്നു. മരിച്ചെന്നു വിധിയെഴുതിയിട്ടൊടുവിൽ ജീവിത തീരത്തേക്ക് ഞെങ്ങി നിരങ്ങിയെത്തിയ ജീവനുകൾ എത്രയോ എണ്ണം. ഇവിടെയിതാ കുന്നുകൂടിക്കിടന്ന മൃതദേഹങ്ങൾക്കരികിൽ നിന്നും മകന്റെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ ഒരുച്ഛന്റെ കഥയാണ് കരളലിയിക്കുന്നത്. ഒഡീഷ ട്രെയിൻ അപകടത്തിൽ അധികൃതർ മരിച്ചെന്നു വിധിയെഴുതിയ മകനെ മൃതദേഹങ്ങൾക്കിടയിൽനിന്നും ജീവനോടെ കണ്ടെടുത്ത ഹൃദയം പിടയ്ക്കുന്ന അനുഭവമാണ് ബാലസോറില്‍ നിന്നും പുറത്തു വരുന്നത്.

കൊൽക്കത്തയിൽ നിന്നുള്ള ഹെലാറാം മല്ലിക് എന്നയാളാണ്, മകൻ വിശ്വജിത്തിന്റെ ജീവന്റെ കാവലാളായത്. ട്രെയിൻ അപകടം അറിഞ്ഞതിനു പിന്നാലെ മകനെയോർത്ത് ആധിയകയറിയ മല്ലിക് യാത്ര തിരിച്ചു. ജീവനോടെ മകനെ കൊണ്ടുവരുമെന്ന് വീട്ടുകാർക്ക് വാക്കു നൽകി പുറപ്പെട്ട യാത്ര 230 കിലോമീറ്ററോളം പിന്നിട്ടു.

മരണം കുന്നുകൂടി കിടക്കുന്ന റെയിൽവേ ട്രാക്കിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും മല്ലിക് കയറിയിറങ്ങി. പേരും അടയാളങ്ങളും പറഞ്ഞ് അധികാരികളെ സമീപിക്കുമ്പോഴും പ്രതീക്ഷ അകലെ. ഒടുവിൽ കാത്തിരിപ്പുകളുടെ മണിക്കൂറുകൾക്കൊടുവിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് മകനെ കണ്ടെത്തി.

ബാഹനഗ ഹൈസ്കൂളിലെ മൃതദേഹങ്ങൾ കൂട്ടിയിട്ട മുറിയിൽ നിന്നാണ് മല്ലിക് മകനെ കണ്ടെത്തുന്നത്. മകന്റെ രൂപവും ലക്ഷണങ്ങളും മനസിലുറപ്പിച്ച് വിറയലോടെ അടുത്തേക്ക് നീങ്ങുമ്പോള്‍ മല്ലികിന്റെ ഹൃദയം പിടയുന്നുണ്ടായിരുന്നു. പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായി. തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾക്കടിയിൽ മകൻ വിശ്വജിത്തിനെ ജീവന്റെ തുടിപ്പുകളോടെ മല്ലിക് കണ്ടെത്തുകയായിരുന്നു.

ഉടൻതന്നെ രക്ഷാപ്രവർത്തകരുടെ സഹായത്തോടെ വിശ്വജിത്തിനെ ബാലസോർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലും എത്തിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിശ്വജിത്തിനെ ഇതിനകം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എസ്എസ്കെഎം ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിലാണ് വിശ്വജിത്ത് ഇപ്പോഴുള്ളത്.

‘‘സാൻട്രഗാച്ചിയിൽനിന്നും കൊറമാണ്ഡൽ എക്സ്പ്രസിൽ കയറിയ എന്റെ മകൻ ചെന്നൈയിലേക്ക് ജോലി ആവശ്യത്തിനു പോവുകയായിരുന്നു. 7.30ന് എന്നെ ഫോണിൽ വിളിച്ച് ട്രെയിൻ അപകടത്തിൽപെട്ടു എന്നറിയിച്ചു. ഇതിനു പിന്നാലെ അവന് ബോധം നഷ്ടമായി. മറ്റാരുടെയോ ഫോണിൽ നിന്നാണ് അവൻ വിളിച്ചത്. മകന് ഗുരുതരമായ പരുക്കുകളുണ്ടെന്നും അബോധാവസ്ഥയിലായെന്നും അവർ അറിയിച്ചു.’

‘‘പിന്നീട് ബോധം വരുമ്പോൾ അവൻ മൃതദേഹങ്ങൾക്കു നടുവിലാണ് കിടന്നിരുന്നത്. മരിച്ചെന്ന ധാരണയിൽ രക്ഷാപ്രവർത്തകർ അവിടെ കൊണ്ടുവന്നിട്ടതാണ്. ബോധം വന്നതോടെ ജീവനുണ്ടെന്ന് കാണിക്കാൻ അവൻ കൈ വീശി. ഇതു ശ്രദ്ധയിൽപെട്ടതോടെയാണ് അവനെ ആശുപത്രിയിലേക്ക് മാറ്റിയത്.’ – മല്ലിക് വിശദീകരിച്ചു.

‘‘ജോലിക്കായി പോയ മകൻ രണ്ടു വർഷത്തിനു ശേഷമാണ് വീട്ടിലേക്കു വന്നത്. വെറും 15 ദിവസം നിന്നശേഷം മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. ജോലിക്ക് തിരികെ പോകണോ വേണ്ടയോ എന്നത് അവന്റെ ഇഷ്ടം. പിതാവെന്ന നിലയിൽ ഇനി പോകരുതെന്നാണ് എന്റെ അഭിപ്രായം. അവരെ തിരിച്ചു കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. പക്ഷേ അവന്റെ കൈകളുടെയും കാലുകളുടെയും അവസ്ഥ പരിതാപകരമാണ്. പണം എനിക്ക് പ്രശ്നമില്ല. അവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയാൽ മതി. അവനെ കൊൽക്കത്തയിലെത്തിക്കുന്നതാണ് പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കിയാണ് ഇവിടേക്കു കൊണ്ടുവന്നത്. മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ച സഹായധനം വലിയ ആശ്വാസമാണ്. അവരോട് നന്ദിയുണ്ട്’ – മല്ലിക് പറഞ്ഞു.

ഹെലാറാം മല്ലിക് വീണ്ടെടുത്ത ആ ജീവനെക്കുറിച്ച് ഫിലിപ് വർഗീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

നിരത്തി കിടത്തിയ നൂറുകണക്കിന് ശവങ്ങൾക്കിടയിൽ തന്റെ മകനെ തേടി ഓരോ ശവത്തിന്റെ മുഖത്ത് നിന്നും തുണി മാറ്റി നോക്കി ഹതാശയനായ ഈ പിതാവിന്റെ ചാനലുകളിൽ വന്ന ചിത്രം മറക്കാനാവില്ല. ഈ മകനെ പോലെ അവശേഷിച്ച ജീവനുള്ള എത്ര ശവങ്ങൾ ആ കൂട്ടത്തിലുണ്ടെന്ന് ആർക്ക് പറയാനാവും?

ഹേലാറാം മാലിക് ഹൗറയിൽ ഒരു കട നടത്തുന്നു.

മകൻ ബിശ്വജിത്തിനെ കൊറോമോണ്ടൽ എക്സ്പ്രസിൽ യാത്ര അയച്ചതിന് ശേഷം തിരികെ കടയിലേക്ക് പോയി. മണിക്കൂറുകൾക്ക് ശേഷമാണ് ട്രെയിൻ അപകടത്തേക്കുറിച്ച് വിവരം അറിഞ്ഞത്.

ഹേലാറാം മകനെ വിളിച്ചു, മറുപടിയായി ഫോണിൽ കൂടെ ഒരു ഞരക്കമാണ് കേൾക്കാൻ കഴിഞ്ഞത്. മകൻ ജീവനോടെ ഉണ്ടെന്നും, കടുത്ത വേദനയിൽ ആണെന്നും മനസിലായി.

ഉടൻ തീരുമാനം എടുത്തു.

പരിചയമുള്ള ആംബുലൻസ് ഡ്രൈവർ പലാഷ് പണ്ഡിറ്റിനെ വിളിച്ചു, അളിയൻ ദീപക് ദാസും ഒരുമിച്ച് 230 കിലോമീറ്റർ ദൂരെയുള്ള അപകട സ്ഥലത്തേക്ക് പോയി.

അപകടത്തിൽ പെട്ടവരെ ചികിൽസിക്കുന്ന എല്ലാ ആശുപത്രികളിലും കയറിയിറങ്ങി. മകനെ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല.

തോറ്റു പിന്മാറാൻ തയാറാകാതെ അന്വേഷണം തുടർന്നു. മൃതദേഹങ്ങൾ കിടത്തിയിരിക്കുന്ന ബഹനഗ ഹൈസ്‌കൂളിൽ പോയി നോക്കാൻ ആരോ പറഞ്ഞത് കേട്ട് അങ്ങോട്ട്‌ പോയി.

സ്കൂളിലെ താൽക്കാലിക മോർച്ചറിയിൽ മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നത് കണ്ടു, പക്ഷേ അവർക്ക് അകത്ത് കടക്കാൻ അനുവാദം കിട്ടിയില്ല.

കുറേക്കഴിഞ്ഞപ്പോൾ പുറത്ത് നിന്ന ആൾക്കൂട്ടത്തിൽ ആരോ മൃതദേഹങ്ങളിൽ ഒന്നിന്റെ കൈ വിറക്കുന്നതായി കണ്ടെത്തി, അത് കുറെ ഒച്ചപ്പാടിന് കാരണമായി.

ഒച്ചപ്പാട് ശ്രദ്ധയിൽ പെട്ട ഹേലാറാം ഒറ്റ നോട്ടത്തിൽ തന്നെ ആ വിറക്കുന്ന കൈ തന്റെ മകന്റേതാണെന്ന് തിരിച്ചറിഞ്ഞു.

നല്ലവണ്ണം പരിക്കുകൾ ഏറ്റ് ബോധമില്ലാതെ കിടന്നിരുന്ന മകനെ എടുത്ത് ഉടൻ തന്നെ ബാലസോറിലെ ആശുപത്രിയിലേക്ക് അദ്ദേഹം ഓടി. അവിടെ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനു ശേഷം സ്വന്തം റിസ്കിൽ ഡിസ്ചാർജ് ചെയ്ത് കൽക്കട്ടയിലേക്ക് കൊണ്ടുപോയി.

SSKM ആശുപത്രിയിൽ ബിശ്വജിത് ഒരു സർജറിക്ക് വിധേയനായി, ഇനി കാലിന് ഒരു സർജറിയുണ്ട്, കൈയിൽ പല ഒടിവുകളും ഉള്ളതിന് ചികിത്സ വേണം. ഇപ്പോഴും അബോധാവസ്ഥയിൽ ആണ്, പക്ഷേ രക്ഷപെടും.

ഹേലാറാം ആണ് ഇന്നത്തെ എന്റെ ഹീറോ...

**

അവന്മാർ ടെമ്പോകളിൽ എടുത്തെറിഞ്ഞ അനേകം മനുഷ്യശരീരങ്ങളിൽ ഒന്ന് ബിശ്വജിതിന്റെ ആയിരുന്നിരിക്കാം. ബിശ്വജിത്തിനെ പോലെ മറ്റാരെങ്കിലും കൂടെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ എല്ലാ അച്ഛന്മാർക്കും ഹേലാറാം ആകാൻ കഴിയില്ലല്ലോ..