Monday 13 March 2023 04:46 PM IST : By സ്വന്തം ലേഖകൻ

സഹോദരിയെയും ബന്ധുവിനെയും ഓട്ടോയിൽ കയറ്റിവിട്ടു, പിന്നാലെ ബൈക്കിൽ യാത്ര; റോഡിലേക്കു വീണ യുവാവ് വാഹനം കയറി മരിച്ചു, ദാരുണം

palakkad-acciddd4

പാലക്കാട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കിൽ നിന്ന് റോഡിലേക്കു വീണ യുവാവിന്റെ തലയിലൂടെ പിന്നാലെ എത്തിയ മറ്റൊരു വാഹനം കയറിയിറങ്ങിയാണു മരണം. വള്ളിക്കോട് വളയപ്പുള്ളി ദേവീകൃപയിൽ റിട്ട. സൈനിക ഉദ്യോഗസ്ഥൻ മണികണ്ഠന്റെ മകൻ കൃഷ്ണകുമാ‍ർ (ഗൗതം– 23) ആണു മരിച്ചത്.

അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനവും അപകട കാരണവും കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റേതെങ്കിലും വാഹനം തട്ടിയാണോ കൃഷ്ണകുമാർ റോഡിലേക്കു വീണതെന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ 5.45നാണ് അപകടം. ഈ സമയം ഇതുവഴി പോയ ലോറികളടക്കമുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.

ചെന്നൈയിൽ നിന്ന് ബസിൽ ചന്ദ്രനഗറിലെത്തിയ സഹോദരി ഗായത്രിയെയും ബന്ധുവിനെയും വള്ളിക്കോടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കയറ്റിവിട്ട ശേഷം ബൈക്കിൽ ഇവർക്കു പിന്നിലായി വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. സഹോദരി വീട്ടിലെത്തിയിട്ടും കൃഷ്ണകുമാർ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിഞ്ഞത്. അപകടത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്ന വാഹനത്തെക്കുറിച്ചുള്ള ചില സൂചനകൾ രാത്രിയോടെ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ദേശീയപാതയിൽ വേണ്ടത്ര നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ ഇല്ല. അപകടം നടന്നതു പുലർച്ചെയായതിനാൽ ഇരുട്ടും പ്രശ്നമാണ്. കോയമ്പത്തൂരിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ കൃഷ്ണകുമാർ കണ്ണൂരിൽ പുതിയ ജോലിക്കു ചേരാനിരിക്കെയാണ് അപകടം. സംസ്കാരം നടത്തി. ഭുവനേശ്വരിയാണ് അമ്മ. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഹേമാംബിക നഗർ പൊലീസ് അറിയിച്ചു. 

സഹോദരിയെയും ബന്ധുവിനെയും ഓട്ടോയിൽ വിട്ടു; പിന്നാലെ ദുരന്തം

ശനിയാഴ്ച രാത്രി വരെ പ്രദേശത്തെ ഉത്സവത്തിരക്കിലായിരുന്നു കൃഷ്ണകുമാർ. ഉത്സവത്തിനായി വീട്ടിലേക്കു വരികയായിരുന്ന സഹോദരിയെയും ബന്ധുവിനെയും കൂട്ടിക്കൊണ്ടുവരാനാണ് ബൈക്കിൽ ചന്ദ്രനഗറിലെത്തിയത്. 3 പേരുമായുള്ള ബൈക്ക് യാത്ര ഒഴിവാക്കാൻ സഹോദരി ഗായത്രിയെയും ബന്ധുവിനെയും ഓട്ടോയിൽ കയറ്റിവിട്ടു പിന്നാലെ ബൈക്കിൽ കൃഷ്ണകുമാറും വള്ളിക്കോട്ടേക്ക് യാത്ര തിരിച്ചു. ഇതിനിടെയാണ് ദുരന്തം.

പ്രദേശത്തെ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നു പരിശോധിക്കും. ഇതിൽ നിന്ന് അപകടകാരണം വ്യക്തമാകുമെന്നാണു പ്രതീക്ഷ. പൊലീസ് എത്തി കൃഷ്ണകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴും മരിച്ചത് ആരെന്നു വ്യക്തമായിരുന്നില്ല. ഇതിനിടെ കൃഷ്ണകുമാർ വീട്ടിലെത്താത്തതിനെത്തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ഇദ്ദേഹമാണെന്നു വ്യക്തമായത്. നാടിന്റെ ആവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും മുന്നിലുണ്ടായിരുന്ന കൃഷ്ണകുമാറിന്റെ മരണത്തിന്റെ ആഘാതത്തിലാണു നാടും നാട്ടുകാരും. 

അപകടം ഒഴിവാക്കാൻ നിർദേശവുമായി നാട്ടുകാർ

∙ ദേശീയപാതയിലെ അമിത വേഗം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കണം

∙ അനുവദനീയ വേഗം രേഖപ്പെടുത്തി റോഡിന് ഇരുവശത്തും ബോർഡ് സ്ഥാപിക്കണം

∙ കോളനികളുടെ പ്രവേശന ഭാഗത്ത് റോഡ് കുറുകെക്കടക്കാൻ സീബ്രാ ലൈൻ സ്ഥാപിക്കണമെന്നും നിർദേശം

∙ ഹൈവേയിൽ സ്പീഡ് മോണിറ്ററിങ് ക്യാമറകൾ പ്രവർത്തന സജ്ജമാക്കി നടപടികൾ ആരംഭിക്കുക. 

ഇത്തരം സുരക്ഷാ നിർദേശങ്ങളടങ്ങിയ നിവേദനം പുതുപ്പരിയാരം ഗാന്ധി നഗർ വെൽഫെയർ അസോസിയേഷൻ ജില്ലാ കലക്ടർക്കു നേരത്തെത്തന്നെ സമർപ്പിച്ചിരുന്നു. പാലക്കാട്– കോഴിക്കോട് ദേശീയപാതയുടെ ഭാഗമായ താണാവു മുതൽ നാട്ടുകൽ വരെയുള്ള ഭാഗം നവീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. റോഡ് വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതു നിരന്തരം അപകട സാധ്യത സൃഷ്ടിക്കുന്നു. 

Tags:
  • Spotlight