Thursday 05 January 2023 01:25 PM IST : By സ്വന്തം ലേഖകൻ

കൂലിപ്പണി ചെയ്തു പണമായാൽ; സ്കൂട്ടറിൽ ഭാര്യയുമൊത്ത് തീർഥയാത്ര

aged-couple-travel-on-scooter-pilgrim-travel-cover അമ്പലപ്പുഴ ക്ഷേത്രം, ബാലസുബ്രഹ്മണ്യനും ഇന്ദിരയും

തൃശൂർ പാഞ്ഞാളിൽ നിന്ന് പഴനിയിലേക്ക് 2015ൽ ബാലസുബ്രഹ്മണ്യനും ഭാര്യ ഇന്ദിരയും യാത്ര പോയത് മോപ്പഡിൽ. അതൊരു തുടക്കമായിരുന്നു. കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് ഇരുചക്രവാഹനത്തിൽ ക്ഷേത്രദർശനം നടത്തുന്നതിന്റെ തുടക്കം. കോവിഡ് മഹാമാരി യാത്രകൾക്കു കർട്ടനിട്ട നാളുകൾക്കു ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ ഇവർ വീണ്ടും സഞ്ചാരം പുനരാരംഭിച്ചു. മധുര, രാമേശ്വരം, തൃപൈകുണ്ടം, ധനുഷ്കോടി, പഴനി തുടങ്ങിയ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് പാഞ്ഞാളിൽ തിരിച്ചെത്തിയത്.

aged-couple-travel-on-scooter-pilgrim-travel-attukal-padmanabhaswami ആറ്റുകാൽ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം

പാഞ്ഞാൾ ശ്രീപുഷ്ക്കരംവെള്ളാണ്ടത്ത് ബാലസുബ്രഹ്മണ്യൻ (68) ഭാര്യ ഇന്ദിര (58) എന്നിവരാണ് കേരളത്തിലെയും, തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ തങ്ങളുടെ സ്കൂട്ടറിൽ സഞ്ചരിക്കുന്നത്. കൂലിപ്പണിയെടുത്ത് അയ്യായിരം രൂപയോളം സമ്പാദിക്കാനായാൽ ഇവർ യാത്ര തുടങ്ങും.

aged-couple-travel-on-scooter-pilgrim-travel-azhimala ആഴിമല

ഡിസംബർ 8ന് പുലർച്ചെ 3.15 നു പുറപ്പെട്ട ബാലസുബ്രഹ്മണ്യനും ഇന്ദിരയും ഏറ്റുമാനൂർ, ഹരിപ്പാട് അമ്പലം, അമ്പലപ്പുഴ, മണ്ണാറശാല, തൃച്ചന്തൂർ, കന്യാകുമാരി, പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, കൊട്ടാരക്കര, പന്തളം കൊട്ടാരം, ചെങ്കൽ മഹാദേവ ക്ഷേത്രം, ആഴിമല തുടങ്ങിയ ഇരുപതോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തി പതിനൊന്നിനു വൈകിട്ട് 7ന് വീട്ടിൽ മടങ്ങിയെത്തി. യാത്രയിൽ ഭക്ഷണവും, താമസവും ക്ഷേത്രങ്ങളിലാക്കും. അടുത്ത യാത്ര മൂകാംബികയിലേക്ക് എന്നാണ് ഇവരുടെ ആഗ്രഹം.