Friday 18 June 2021 04:33 PM IST

‘ഏതു പ്രതിസന്ധികളെയും മറികടക്കാനുള്ള വലിയ പാഠങ്ങളാണ് അച്ഛന്റെ ജീവിതം’; പിണറായി വിജയനെക്കുറിച്ച് മകൾ‌ വീണ പറയുന്നു

Vijeesh Gopinath

Senior Sub Editor

pinayyy6666

‘അച്ഛന്‍’ റോളിൽ പിണറായി വിജയന്റെ ഭൂരിപക്ഷം എത്രയായിരിക്കും?

മറുപടിയായി വീണ പറഞ്ഞത് വർഷങ്ങൾക്കു മുൻപുള്ള ഒരനുഭവമാണ്.

‘‘ഞാൻ ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഒരുങ്ങി നിൽക്കുന്നു. അന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ എന്തോ വലിയ സമരം നടക്കുന്നുണ്ട്. ആൾ‌ക്കടലിനു മുന്നിൽ നിൽക്കുന്ന അച്ഛനെ ഞാൻ ലൈവ് ആയി ടിവിയിൽ കാണുന്നുമുണ്ട്.

വീട്ടിൽ നിന്നിറങ്ങേണ്ട സമയമാകുമ്പോൾ സാധാരണ അച്ഛൻ എന്നെ വിളിക്കാറുള്ളതാണ്. അന്നു വിളിക്കില്ല എന്നോർത്തു. പക്ഷേ, കൃത്യസമയത്ത് വിളിച്ചു, ‘ഇറങ്ങാറായില്ലേ’ എന്നു ചോദിച്ചു. ഏതു തിരക്കിലായാലും വീട് മറക്കാറില്ല. അതാണ് അച്ഛൻ‌’’  വീണ ഒാർക്കുന്നു,  

നാടിനു വേണ്ടി ‘പിണറായി’യും വീടിനു വേണ്ടി ‘വിജയനു’മായി  നി ൽക്കാനുള്ള രഹസ്യം പഠിച്ചതു കൊണ്ടു കൂടിയാണ് പിണറായി വിജ യൻ എന്ന ‘സഖാവ്’ ജനഹൃദയങ്ങളിൽ ചെന്താരകമായി നിൽക്കുന്നത്. അതുകൊണ്ടു തന്നെയാണ് മകൾ വീണ പറയുന്നത്, ‘അച്ഛനെ ഒരിക്കലും ഞങ്ങൾക്ക് കിട്ടാതിരുന്നിട്ടില്ല. എത്ര തിരക്കിലാണെങ്കിലും ഒപ്പമുണ്ടെന്ന തോന്നൽ‌ അനുഭവിച്ചാണ് ഞങ്ങൾ വളർ‌ന്നത്. ഒരുപാതിയിൽ സഖാവും മറുപാതിയിൽ അച്ഛനും.’

‘സമയമില്ല’ എന്ന വാക്കിനെ പണ്ടേ പടിക്കു പുറത്താക്കിയ ആളാണ് പിണറായി വിജയൻ.‌ അളന്നു മുറിച്ചുള്ള മറുപടി പോലെ എല്ലാത്തിനും കൃത്യ സമയമുണ്ട്. പ്രസംഗിക്കാനും ഊണു കഴിക്കാനും മക്കളെ വിളിക്കാനും, പത്രസമ്മേളനം തുടങ്ങാനും അത് നിർത്താനും...

പിണറായിയിലെ കുട്ടിക്കാലം

‘‘എട്ടാം ക്ലാസു വരെ ഞാൻ പിണറായിയിലെ വീട്ടിലായിരുന്നു.’’ അച്ഛന്റെ തിരക്ക് അറിഞ്ഞു തുടങ്ങിയ നാളുകളെക്കുറിച്ച് വീണ ഒാർമിച്ചു തുടങ്ങി. ‘‘അച്ഛനും അമ്മയും ഏട്ടനും ഞാനും അച്ഛമ്മയും  ആയിരുന്നു അവിെട താമസം. അച്ഛന്റെ വിവാഹത്തിനു മുന്നേ ഉണ്ടാക്കിയ വീടായിരുന്നു അത്. ‘പ്രവിക്’ എന്നാണു വീട്ടുപേര്. ആ പേരിൽ തന്നെ ഒരു കൗതുകമുണ്ട്,  വീട്ടുപേരിലെ മൂന്ന് അക്ഷരങ്ങളും ഒാരോ പേരാണ്. അച്ഛന്റെ മൂത്ത ഏട്ടന്റെ മോൻ പ്രഭാകരൻ, അച്ഛന്‍ വിജയൻ, അച്ഛമ്മ കല്യാണി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങൾ ചേർ‌ത്താണ് ‘പ്രവിക്’ എന്നു പേരിട്ടത്.

അച്ഛൻ മിക്കപ്പോഴും ആഴ്ചയുടെ അവസാന ദിവസമായിരിക്കും വീട്ടിലെത്തുക. പക്ഷേ, എല്ലാ ദിവസവും  ഫോ‌ണിൽ സംസാരിക്കും. ഇന്നും തുടരുന്ന ശീലം. വീട്ടിൽ നടക്കുന്ന ചെറിയ കാര്യം പോലും അച്ഛൻ‌ അറിയാറുണ്ട്.

തലശേരി സേക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലായിരുന്നു എട്ടാം ക്ലാസു വരെ ഞാൻ പഠിച്ചത്. അഞ്ചാം ക്ലാസ് ആയപ്പോഴേക്കും സെന്റ്ജോസഫ് ബോയ്സ് സ്കൂളിലേക്ക് ഏട്ടനും എത്തി. ആ സ്കൂളിലെ ടീച്ചറായിരുന്നു അമ്മ. ഞങ്ങൾ‌ മൂന്നാളും കൂടി രാവിലെ വീട്ടിൽ നിന്നിറങ്ങും. ഇപ്പോഴും ഒാർ‌ക്കാൻ‌ രസമുള്ള കാലമാണത്. വീട്ടിലെത്തിയാൽ പത്തു പതിനഞ്ച് കൂട്ടുകാർ. അവർക്കൊപ്പമുള്ള തമാശകൾ. ഇന്നും അവരെല്ലാം കൂട്ടുകാർ തന്നെ. ഞാൻ  ഒൻപതാം ക്ലാസ്സിൽ ആയപ്പോഴേക്കും അച്ഛൻ‌ വൈദ്യുതി മന്ത്രിയായി. അതോടെ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു പോന്നു. പിന്നീട് കോട്ടൺഹിൽ സ്കൂളിലാണ് പഠിച്ചത്.    

പഠനകാലത്തും ‘പിണറായിയുടെ മകൾ’ എന്ന വിശേഷണം കൊണ്ട് ഒന്നും നേടാൻ ശ്രമിച്ചിട്ടില്ല. സാധാരണക്കാരായിട്ടാണ് വളർന്നത്. അക്കാലത്ത് അപരിചിതരായ ആളുകൾ‌ അച്ഛന്റെ ജോലി എന്താണെന്നു ചോദിക്കുമ്പോൾ പലപ്പോഴും സർക്കാർ‌ ജീവനക്കാരനാണെന്നേ പറയൂ.  മന്ത്രിയുടെ മകളെന്നൊക്കെ പറയുമ്പോൾ അവർ നമ്മളെ കാണുന്ന രീതിയിൽ മാറ്റം വരും.

ഇപ്പോഴും ‘മുഖ്യമന്ത്രിയുടെ മക്കൾ’ എന്ന തോന്നൽ എനിക്കും ഏട്ടനും ഇല്ല. അങ്ങനെ വളർത്തിയതിനുള്ള ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കുമാണ്. പറഞ്ഞു പഠിപ്പിക്കാതെ തന്നെ ഞങ്ങൾക്ക് അത് മനസ്സിലാക്കി തന്നു.

ജീവിതത്തിൽ ഇങ്ങനെയാകണം, ഈ രീതിയിൽ ജീവിക്കണം എന്നൊന്നും അച്ഛൻ പറഞ്ഞു തന്നിട്ടില്ല. മറ്റുള്ളവരെ ആശ്രയിച്ചു നിൽക്കാതെ സ്വയംപര്യാപ്തമാകണം  എന്നേ പറഞ്ഞിട്ടുള്ളൂ. നമ്മുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും തന്നു.   

എൻജിനീയറിങ് പരീക്ഷ കഴിഞ്ഞ അടുത്ത ദിവസം തന്നെ എനിക്കു ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയപ്പോൾ അച്ഛൻ പറഞ്ഞ ഒരു കാര്യം ഒാർമയുണ്ട്. ‘ശമ്പളത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കു ബുദ്ധിമുട്ടുന്നവർക്കായി മാറ്റി വയ്ക്കണം. അവരെ സഹായിക്കണം. മറ്റൊരു ഭാഗം യാത്രകൾക്കായും മാറ്റി വയ്ക്കണം.’

വീട്ടിലെ അച്ഛൻ‌  

വാതില്‍ തുറന്ന് അകത്തു വന്നു കഴിഞ്ഞാൽ പിന്നെ ‘അച്ഛനാണ്’. രാഷ്ട്രീയപ്രവർത്തകനോ മുഖ്യമന്ത്രിയോ ഒന്നുമല്ല. പുറത്ത് ഭൂകമ്പം നടന്നിട്ടുണ്ടാകും. പക്ഷേ, വീടിനുള്ളിൽ മറ്റൊരാളാണ്. അതൊന്നും  ചർച്ച ചെയ്യാറുമില്ല.  

വീട്ടിലാണെങ്കിലും ഒരുപാടു സംസാരിക്കുന്ന ആളല്ല അച്ഛൻ. ആ ശീലം പണ്ടു മുതൽക്കേ ഇല്ല. പറയാനുള്ള കാര്യം ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായും കൃത്യമായും പറയും. വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമാണ്. അതിൽ എല്ലാം ഉണ്ടാകും.

എല്ലാ ആഘോഷങ്ങൾ‌ക്കും ഒപ്പം നിൽക്കും. കുട്ടിക്കാലത്തു മാത്രമല്ല, ഇപ്പോഴും വീട്ടിൽ എല്ലാവരുടെയും പിറന്നാള്‍ വലിയ ആഘോഷമാണ്. ചുമരിൽ സ്റ്റിക്കറുകൾ ഒക്കെ ഒട്ടിച്ച്... കേക്കും ബിരിയാണിയും പായസവും. പരിപ്പു പ്രഥമനാണ് ‌ഏറ്റവും ഇഷ്ടമുള്ള വിഭവം.

വീട്ടിലെത്തിയാൽ അച്ഛന് ചില ശീലങ്ങളുണ്ട്. എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ഒരിക്കലും ഭക്ഷണ സമയത്ത്  വൈകാറില്ല, ‘വീട്ടിൽ‌ നിന്നേ കഴിക്കൂ’ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യ സമയത്ത് തന്നെ എത്തും. ആരൊക്കെ വീട്ടിൽ വരുന്നോ അവർക്കൊക്കെ ഭക്ഷണം കൊടുക്കണമെന്നു നിർബന്ധമാണ്. പുറത്തു പോയാലും ഒപ്പമുള്ളവർക്ക് ഭക്ഷണമുണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ടേ കഴിക്കൂ.

ആരോഗ്യകരമായ ഭക്ഷണമാണിഷ്ടം. വാരിവലിച്ചു കഴിക്കില്ല. ആവശ്യമുള്ളതേ എടുക്കൂ. മീനും പച്ചക്കറിയും നന്നായി കഴിക്കും. പുറംനാടുകളിൽ പോയാൽ അവിടുത്തെ ഭക്ഷണരീതി പരീക്ഷിക്കും. ചില കാര്യങ്ങൾ വേണ്ടെന്നു വച്ചാൽ പിന്നെ, ഒരിക്കലും പ്രലോഭനത്തിൽ വീഴില്ല. പണ്ട് ഒരുപാടു ചായ കുടിക്കുന്ന ആളായിരുന്നു. പെട്ടെന്ന് നിർത്തി. അതുപോലെ െഎസ്ക്രീം. അതും ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തിയതാണ്. പിന്നെ, കഴിച്ചു കണ്ടിട്ടില്ല.

Tags:
  • Spotlight
  • Vanitha Exclusive