Friday 02 December 2022 01:00 PM IST : By സ്വന്തം ലേഖകൻ

ഒന്‍പതു മാസം, പ്രസവം അടുത്തുവരുന്നു, ഒപ്പം ഷെറീജയുടെ ഹൃദയമിടിപ്പും ഏറുകയാണ്; ഹൃദയ ശസ്ത്രക്രിയ വേണം, കനിവ് തേടുന്നു

heart-diseasss

ഒന്‍പതു മാസം, പ്രസവം അടുത്തുവരുകയാണ്.. ഈ മാസം പത്തൊമ്പതാണ് തിയതി. പ്രസവ ശസ്ത്രക്രിയയ്ക്കായി തയാറെടുക്കുമ്പോള്‍ പക്ഷെ ഷെറീജയുടെ ഹൃദയമിടിപ്പ് ഏറുകയാണ്. ഹൃദയ ശസ്ത്രക്രിയ എന്നൊരു കടമ്പ കൂടി ഷെറീജയ്ക്കു മുന്നിലുണ്ട്. പള്‍മണറി വാല്‍വ് തകരാറു കാരണം നാല് വയസിനുള്ളില്‍ രണ്ടു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഷെറീജയ്ക്ക് വീണ്ടും ഒരു സര്‍ജറി കൂടി അനിവാര്യമാണ്.

കാഴ്ചയില്ലാത്ത ഉപ്പയുടെയും ഉമ്മയുടെയും മകളായി ജനിച്ചതു മുതല്‍ പോരാട്ടമായിരുന്നു ഷെറീജയുടെ ജീവിതം. ഇരുപത്തിയൊമ്പതാം വയസിലും ആ അവസ്ഥയ്ക്ക് മാറ്റമില്ല. ഹാസ്യ കഥാപ്രാസംഗികനായിരുന്ന ഉപ്പ അബ്ദുല്‍ റഷീദ് ഒരുനാള്‍ കുഴഞ്ഞുവീണ് മരിച്ചപ്പോള്‍ ഉമ്മയുടെയടക്കം ‌ചുമതല ഷെറീജയ്ക്കായി. പല ജോലികള്‍ ചെയ്ത് പടവെട്ടിയുള്ള ജീവിതത്തിനിടെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഷെറീജ കനിവ് തേടുന്നതും. 

ഡ്രൈവറായ ഭര്‍ത്താവിന് ഇപ്പോള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം മറ്റുള്ളവരുടെ കരുണയിലാണ്. പ്രസവത്തോട് അനുബന്ധിച്ചു പോലും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പിലൂടെയാണ് കുഞ്ഞിനായുള്ള കാത്തിരിപ്പും. വിഷാദത്തെയും മറികടന്നുള്ള യാത്രയിലാണ് ഷെറീജ ജീവിക്കാനായി സഹായം തേടുന്നതും.  

പാലക്കാട്ട് ഒറ്റപ്പാലം സ്വദേശിയാണ് പി.എന്‍. ഷെറീജ. ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമായി വലിയ തുകയാണ് കണ്ടെത്തേണ്ടത്. സുഹൃത്തുക്കളുടെ കൈത്താങ്ങില്‍ കൊച്ചിയിലെ വാടക വീട്ടില്‍ കഴിയുന്ന ഷെറീജയ്ക്ക് കഴിയുന്നത്ര വേഗം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Tags:
  • Spotlight