Friday 02 December 2022 11:45 AM IST : By സ്വന്തം ലേഖകൻ

കോവളത്ത് ലാത്‍വിയന്‍ വനിത കൊലക്കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍; ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു, ശിക്ഷാവിധി തിങ്കളാഴ്ച

accusedkovalam-02.jpg.image.845.440

കോവളത്ത് ലാത്‍വിയന്‍ വനിതയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണക്കോടതി വിധി. പനത്തുറ സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ക്കെതിരെ ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഇരുവര്‍ക്കുമുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

2018 ഫെബ്രുവരി 21ന് ആയുര്‍വേദ ചികില്‍സയ്ക്ക് കേരളത്തിലെത്തിയ യുവതിയുടെ മൃതദേഹം 2018 ഏപ്രില്‍ 20നാണ് പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയത്. കഴുത്ത് വേര്‍പെട്ട് അഴുകിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ സഹോദരി തിരിച്ചറിഞ്ഞതോടെയാണ് യുവതി മരിച്ചുവെന്ന് ഉറപ്പായത്. പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയോടെ പൂര്‍ണ സ്ഥിരീകരണമായി. 

പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങി കോവളം ബീച്ചിലെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന പ്രതികള്‍ സമീപിക്കുകയും സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കണ്ടല്‍ക്കാട്ടിലെത്തിക്കുകയുമായിരുന്നു. ഇവിടെ വച്ച് ലഹരിമരുന്ന് നല്‍കി ബോധം കെടുത്തി. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ബോധം വന്നപ്പോഴും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ യുവതി എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ച് കൊന്നെന്നാണ് കേസ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളെയും സാക്ഷിമൊഴികളെയും ശാസ്ത്രീയ തെളിവുകളെയുമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. 

Tags:
  • Spotlight