Thursday 23 March 2023 10:23 AM IST : By സ്വന്തം ലേഖകൻ

‘ഉമ്മാ, എനിക്ക് ഇരിക്കാനും നിക്കാനും വയ്യാ’; കസേര അടിച്ചുപൊട്ടിച്ചു, തലയിൽ പിടിച്ച് ഞെളിപിരി കൊണ്ട് മകന്‍, കണ്ണീരോടെ റജില

boy

പതിനേഴുകാരന്റെ ദുരൂഹ മരണത്തിനു പിന്നിൽ സുഹൃത്തുക്കളുടെ പ്രേരണയാലുള്ള അമിതലഹരി ഉപയോഗമെന്ന് മാതാവ്. ഇന്നലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെറുപ്പക്കാരനെ  തിങ്കളാഴ്ച വൈകിട്ട് സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയെന്നും അവശ നിലയായപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു മടങ്ങിയെന്നും മാതാവ് റജില ആരോപിച്ചു. റജിലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തലും. മൊഴി രേഖപ്പെടുത്തിയ കഠിനംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

‘എന്റെ കുഞ്ഞിനു ലഹരി മരുന്നും കൊടുത്ത് ഇവിടെ കൊണ്ടു കളഞ്ഞിട്ടു പോയി. അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം സാറേ..’- കാണുന്ന ഓരോ ആളോടും റജില ഈ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് കരിക്കു വാങ്ങി സഹോദരിക്കു കൊടുത്ത ശേഷം ഇപ്പോ വരാം എന്നു പറഞ്ഞ്  ഒരാളുടെ സ്കൂട്ടറിൽ കയറി പോകുന്നതാണ് വീട്ടുകാർ അവസാനം കണ്ടത്. വൈകിട്ട് ആറു മണിയോടെ ആരോ ബൈക്കിൽ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു.

‘‘ഞാൻ ബന്ധുവിന് ആക്സിഡന്റ് പറ്റിയെന്നു കേട്ട് അവിടെ പോയിട്ടു വരുമ്പോൾ എന്റെ മോൻ ഈ വീട്ടിനകത്തുണ്ട്. ഇവിടെയുണ്ടായിരുന്ന ഒരു കസേര അടിച്ചു പൊട്ടിച്ചു. എന്തു പറ്റിയെന്നു മകളോടു ഞാൻ ചോദിച്ചു. വന്നു കയറിയപ്പോൾ മുതൽ ഇങ്ങനെയാണെന്ന് അവൾ പറഞ്ഞു. ‘ഉമ്മാ, എനിക്ക് ഇരിക്കാനും നിക്കാനും വയ്യാ’ എന്നു പറഞ്ഞ് അവൻ തലയിൽ പിടിച്ചു വലിക്കുകയും ഞെളിപിരി കൊള്ളുകയും ചെയ്തു.

കിടന്ന കിടപ്പിൽ നിന്നെണീറ്റ് ഛർദിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്കു  കൊണ്ടുപോയി. അവർ ഒരു ഇൻജക്‌ഷൻ കൊടുത്തു. ലഹരിമരുന്ന് ഉപയോഗിച്ചതാണെന്നും മൂന്നു ദിവസത്തേക്കുള്ള ഡോസ് ഒന്നിച്ച് അടിച്ചതാണെന്നും അവർ പറഞ്ഞു. സാവധാനം അസ്വസ്ഥത കുറയും എന്നാണ്  പറഞ്ഞത്. വീട്ടിൽ കൊണ്ടു വന്നിട്ടും അവന്റെ അവസ്ഥ മോശമായിരുന്നു. 

ഒരു സ്വസ്ഥതയില്ലാതെ ഇവിടെയെല്ലാം നടന്നു. കിടക്കാനും വയ്യ. അതിനിടയിൽ മലമൂത്ര വിസർജനമെല്ലാം നടത്തി. രാത്രി ഒരു മണിയായപ്പോഴേക്കും വല്ലാതെ തളർന്നു കിടപ്പായി. അങ്ങനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ‍കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ മരിച്ചിട്ടു മണിക്കൂറിലധികമായെന്നാണു പറഞ്ഞത്.’’- റജില പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം പെരുമാതുറ സെൻട്രൽ ജമാ അത്തിൽ കബറടക്കി. അടുത്ത കാലത്താണ് റജിലയുടെ മകന്റെ പിതാവ്  സുൽഫിക്കർ ഗൾഫിൽ പോയത്. ഇയാൾക്കു ലഹരി മരുന്നു നൽകി എന്നു സംശയിക്കുന്ന ഒരാളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. എക്സൈസും അന്വേഷണം ആരംഭിച്ചു.

Tags:
  • Spotlight