Wednesday 24 May 2023 04:51 PM IST

‘എന്നെ വാരിയെടുക്കല്ലേ...’: മറയാത്ത ബോധവും വരണ്ട തൊണ്ടയുമായി മരണം കാത്തു കിടന്നവൾ: ഇന്ന് സിവിൽ സർവീസ് വിജയി

Rakhy Raz

Sub Editor

sherin-shahana-crisis

വേദനിപ്പിച്ച വിധിയോട് ചിലർ പകരംവീട്ടുന്നത് ഇങ്ങനെയൊക്കെയാണ്. 5 വര്‍ഷം മുൻപ് നട്ടെല്ലു തകർന്ന് ചക്ര കസേരയിലേക്ക് ചുരുങ്ങിപ്പോകുമായിരുന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ട് തിരിച്ചു പിടിച്ച പെണ്ണൊരുത്തി.

വയനാട് കമ്പളക്കാട് തേനൂട്ടി കല്ലിങ്ങൽ പരേതനായ ഉസ്‌മാൻ ഹാജി– ആമിന ദമ്പതികളുടെ ഇളയമകളായ ഷെറിൻ ഷഹാനയാണ് ഈ വിജയകഥയിലെ നായിക. സിവിൽ സർവീസ് പരീക്ഷയിൽ 913–ാം റാങ്കിന്റെ തിളക്കത്തിൽ നിൽക്കുന്ന ഷെറിന്റെ വിജയം വേദനിപ്പിച്ച വിധിയോടുള്ള മധുര പ്രതികാരം കൂടിയാണ്.

സിവിൽ സർവീസിലെ വിജയ മധുരം പുറത്തു വരുമ്പോൾ ഷെറിൻ ആശുപത്രിക്കിടക്കയിലായിരുന്നു. ഫലം കാത്തിരിക്കുന്നതിനിടെ കഴിഞ്ഞ 15നു മാതാവിന്റെ ചികിത്സയ്‌ക്കായുള്ള യാത്രയ്‌ക്കിടെ ഷെറിൻ സഞ്ചരിച്ച കാർ താമരശ്ശേരിയിൽ അപക‌ടത്തിൽപെട്ടാണ് വീണ്ടും ആശുപത്രിക്കിടക്കയിലായത്. വേദനകള്‍ കടിച്ചമർത്തി ചുണ്ടിൽ നിറചിരിയോടെ ഷെറിൻ ആ സന്തോഷവാർത്ത കേട്ടു.

വേദനകളും പ്രതിസന്ധികളും താണ്ടി അവൾ അടയാളപ്പെടുത്തിയ വിജയത്തിന്റെ മാധുര്യം അറിയണമെങ്കിൽ കയ്പുനീർ നിറഞ്ഞ അവളുടെ ജീവിത പരീക്ഷണങ്ങളെക്കൂടി അടുത്തറിയണം. 22–ാം വയസിൽ അവസരങ്ങളുടെ വാനിലേക്ക് പറക്കാൻ കൊതിച്ചവളെ ചക്ര കസേരയിലേക്ക് ചുരുക്കിക്കളഞ്ഞ ആ ഭൂതകാലം വനിത ഒരിക്കൽ വായനക്കാരോട് പങ്കുവച്ചിരുന്നു. ചക്രക്കസേരയിൽ നിന്ന് അവസരങ്ങളുടെ വിഹായസിലേക്ക് പറന്നുയർന്ന രാജകുമാരിയുടെ കഥ വായനക്കാർക്കായി ഒരിക്കൽ കൂടി... വനിത 2021ൽ പ്രസിദ്ധീകരിച്ച ഷെറിൻ ഷഹാനയുടെ കഥ ചുവടെ വായിക്കാം....

----

ഇരുപത്തിരണ്ടാം വയസ്സിൽ വാനിലേക്ക് പറക്കാൻ നിൽക്കെയാണവൾ നിലത്തേക്ക് കൂപ്പുകുത്തിയത്. വിധിയിൽ കാൽ വഴുക്കി താഴേക്കു പതിച്ചു നുറുങ്ങിപ്പോയെങ്കിലും അവൾ തോറ്റുകൊടുത്തില്ല. പഠിക്കാൻ കൈയ്യും കാലും വേണ്ടല്ലോ എന്നു പറഞ്ഞ് ആവേശപൂർവം പഠിച്ചു. കോളജ് അധ്യാപനത്തിലേക്കുള്ള യോഗ്യതയായ നെറ്റ് എഴുതിയെടുത്തു. എങ്കിലും അവൾ ചിലപ്പോൾ ആരോടെന്നില്ലാതെ ചോദിച്ചു പോകും; എന്തിന് ഈ വിധിയേൽക്കാൻ എന്നെ തന്നെ തിരഞ്ഞെടുത്തു?

‘‘സ്നേഹനിധിയായ ഒരേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്, ‘നീ തളർന്നാൽ കൂടെ തളരാൻ പത്തു പേരെങ്കിലും ഉണ്ടാകും. പറന്നാൽ അത് ചിറക് പകരുന്നത് നിന്നെപ്പോലുള്ള ആയിരങ്ങൾക്കായിരിക്കും.’ എന്നത്തേക്കുമായി ഞാനിത് മനസ്സിൽ കുറി ച്ചു വച്ചിട്ടുണ്ട്. ഈ അവസ്ഥയിലേക്ക് മനസ്സ് മാറിയത് പെട്ടെന്നൊന്നുമല്ല. പക്ഷേ, ഇന്ന് എനിക്ക് പരാതികളും സങ്കടവും ഇല്ല. പകരം ജീവിക്കുവാനുള്ള ആവേശമാണ് ഉള്ളത്.

എല്ലു നുറുങ്ങിയ വേദന

പൊളിറ്റിക്സ് എംഎ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. അ ലക്കി വിരിച്ച തുണി എടുക്കാൻ വേണ്ടി ടെറസ്സിൽ കയറിയ താണ്. മഴ പെയ്ത് പായൽ പിടിച്ചു കിടക്കുകയായിരുന്നു ടെറസ്സ്. അഴയുടെ അറ്റത്ത് വിരിച്ചിരുന്ന തുണിവലിച്ചെടുക്കവേ കാൽ വഴുക്കി താഴേക്ക് വീണു. നേരെ താഴെ ഉമ്മ ആമിന നിൽപ്പുണ്ടായിരുന്നു. വീഴ്ചയിലും പേടിച്ചത് ഞാൻ ഉമ്മയുടെ പുറത്തേക്ക് വീഴുമോ എന്നായിരുന്നു. ‘ഉമ്മാ മാറിക്കോ..’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായാരുന്നു വീഴ്ച. പറഞ്ഞുതീരും മുൻ പ് ഉമ്മയുടെ കാൽചുവട്ടിൽ ചെന്ന് പതിച്ചു.

ഉപ്പ ഉസ്മാൻ മരിച്ചിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. എന്റെ ചേച്ചി ജാലിഷ സ്വിറ്റ്സർലൻഡിൽ ആണ്. വീട്ടിൽ ഞാനും ഉ മ്മയും മാത്രമേ ഉള്ളൂ. വീണുകിടക്കുമ്പോഴും എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ശരീരമാസകലം നുറുങ്ങുന്ന വേദന. കയ്യും കാലും ചിലിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എനി ക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്ന് ഉറപ്പായിരുന്നു.

ബഹളം കേട്ട് അടുത്തുള്ളവർ ഓടിയെത്തി. ഞാൻ അവരോട് എന്നെ വാരിയെടുക്കല്ലേ എന്നും എടുത്ത് ഇരുത്തരുതേ എന്നും പറയുന്നുണ്ടായിരുന്നു. പലർക്കും നട്ടെല്ലിന് പരിക്കു പറ്റിയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. പക്ഷേ, എനിക്കറിയാമായിരുന്നു നട്ടെല്ലിന് പരിക്കു പറ്റിയവരെ എടുത്തിരുത്തരുത് എന്ന്. പലകയോ സ്ട്രെച്ചറോ കൊണ്ടുവന്ന് സാവധാനം നിരക്കി അതിലേക്ക് കിടത്താനേ പാടുള്ളൂ. ഞാൻ പറഞ്ഞെങ്കിലും അവരെന്നെ കോരിയെടുത്ത് ഇ രുത്തി വെള്ളം തരാനാണ് ശ്രമിച്ചത്.

പുറമേ കാര്യമായ മുറിവോ ചതവോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോൾ അവർ വിചാരിച്ചത് എനിക്ക് കുഴപ്പമൊന്നുമില്ല എന്നാണ്, അനങ്ങാത്തത് വീഴ്ചയുെട ആഘാതത്തിൽ തരിച്ചുപോയതുകൊണ്ടാണ് എന്നു കരുതി. അവർ എന്നെ എടുത്ത് കസേരയിൽ ഇരുത്തി.

വയനാട് കമ്പളക്കാട് ആണ് എന്റെ വീട്. ഇവിടെ വാഹന സൗകര്യവും ആശുപത്രി സൗകര്യവും കുറവാണ്. എത്രയും പെട്ടെന്ന് എന്നെ ആശുപത്രിയിലെത്തിക്കാനായി അടുത്ത വീട്ടിലെ ഒരാളുടെ ചെറിയ കാറിൽ കിടത്തി. എന്റെ വീഴ്ചകണ്ട് ഉമ്മ ബോധം കെട്ടുപോയിരുന്നു. കാറിൽ ഒപ്പം വന്ന ചേച്ചിക്ക് പ്രായക്കൂടുതൽ കൊണ്ട് എന്നെ താങ്ങാനുള്ള ത്രാണിയില്ലായിരുന്നു. അതുകൊണ്ട് കാറിൽ വച്ച് രണ്ടു മൂന്നു പ്രാവശ്യം സീറ്റിനിടയിലേക്ക് ഞാൻ വീണു പോയിരുന്നു. അങ്ങനെ നട്ടെല്ലിനൊപ്പം വാരിയെല്ലുകൾക്കും ഒടിവു പറ്റി.

സ്വകാര്യ ആശുപത്രിയിൽ നിന്നും പറഞ്ഞത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ്. മെഡിക്കൽ കോളജിലെത്തണമെങ്കിൽ ചുരം കടന്നു പോകണം. അപകടം പറ്റുന്നത് രണ്ടു മണിക്കാണെങ്കിൽ മെഡിക്കൽ കോളജിലെത്തുന്നത് ആറ് മണിക്കാണ്. അത് പരിക്ക് കൂടാനും ഗുരുതരമാകാനും ഇടയാക്കി. അപ്പോഴേക്കും എന്റെ വീട്ടുകാരൊക്കെ എത്തി. ബോധം ഒന്ന് പോയിരുന്നെങ്കിൽ എന്നു തോന്നുന്നത്ര കഠിനമായിരുന്നു വേദന.

ഒരു തുള്ളി വെള്ളത്തിനായ്

സ്വകാര്യ ആശുപത്രിയിൽ നിന്ന് എടുത്ത എക്സ്റേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. അതു കണ്ടതോടെ അവിടെയുള്ളവർ എന്റെ മരണം ഏറെക്കുറേ ഉറപ്പിച്ചു. ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരില്ല, ശസ്ത്രക്രിയ ചെയ്താലും കാര്യമായ ഫലം ഉണ്ടാകില്ല. എന്നാണവർ പറഞ്ഞത്.

വേദന സഹിച്ചു. തൊണ്ട വരണ്ടെങ്കിലും ഒരു തുള്ളി വെള്ളം കിട്ടിയില്ല. ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നും വെള്ളം കൊടുക്കരുതെന്നും എക്സ്റേ എടുത്ത ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിരുന്നു.

അതികഠിനമായ വേദനയും മറയാത്ത ബോധവും വരണ്ട തൊണ്ടയുമായി മരണം കാത്തു കിടന്ന മണിക്കൂറുകൾ ഇന്നും ഓർമയിൽ കടുത്ത നോവാണ്. മരണത്തിനു മുൻപ് ഒരു തുള്ളി വെള്ളം കിട്ടിയാൽ മാത്രം മതി എന്നു തോന്നിയ നിമിഷങ്ങൾ.

പിറ്റേന്ന് ഉച്ചയ്ക്കേ ഡോക്ടർമാർ ഉണ്ടാകൂ എന്ന് മെഡി ക്കൽ കോളജിൽ നിന്ന് അറിയിച്ചതോടെ എന്നെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ശസ് ത്രക്രിയ സൗകര്യമൊക്കെയുണ്ട്. പക്ഷേ, എട്ടു ലക്ഷം രൂപ കെട്ടിവച്ചാലേ ശസ്ത്രക്രിയ ചെയ്യൂ.

മറ്റൊരു കാര്യം അവർ ചോദിച്ചത് ശസ്ത്രക്രിയ ചെയ്താലും ഈ കുട്ടി രക്ഷപെടാനുള്ള സാധ്യത ഒരു ശതമാനം മാ ത്രമേയുള്ളൂ, അതുകൊണ്ട് ശസ്ത്രക്രിയ വേണോ എന്നതാണ്. ജീവിക്കാനുള്ള സാധ്യത അര ശതമാനമായാലും ശസ്ത്രക്രിയ ചെയ്യണം എന്നു വീട്ടുകാർ പറഞ്ഞു. പണം എങ്ങനെയൊക്കെയോ പിറ്റേന്നത്തേക്ക് സംഘടിപ്പിച്ചു.

sherin-shaha

വിഷാദത്തിന്റെ ആഴം

രണ്ടു ദിവസം നീണ്ട ശസ്ത്രക്രിയയാണ് പിന്നെ, നടന്നത്. അ തിനു ശേഷം 14 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞതോടെ എന്താണ് നടന്നത് എന്ന് ഓർത്തെടുക്കാൻ പറ്റാതെയായി. വാക്കുകൾ കൃത്യമായി പറയാൻ പറ്റുന്നില്ല. അടുത്തു നിൽക്കുന്നവരെ തിരിച്ചറിയാൻ പോലും ആകുന്നില്ല. ഓർമക്കുറവ് ദിവസങ്ങളോളം ഉണ്ടായിരുന്നു. പതിനഞ്ചാം ദിവസം എന്നെ വീട്ടിലേക്ക് കൊണ്ടുപോരുമ്പോൾ കയ്യും കാലും ചലിപ്പിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇരുന്നാൽ തലകറങ്ങുമായിരുന്നു. അതിനാൽ മുഴുവൻ സമയവും കിടപ്പായിരുന്നു. പിന്നീട് വെല്ലൂർ റീഹാബിലിറ്റേഷൻ സെന്ററിൽ നാലു മാസം ചികിത്സയെടുത്തു. ചികിത്സാ ചെലവുകളെല്ലാം എന്റെ ബന്ധുക്കളാണ് വഹിച്ചത്. ഫിസിയോ കഴിഞ്ഞപ്പോൾ ഇരിക്കാമെന്നായി. സാവധാനം വിരലുകൾ ചലിപ്പിക്കാമെന്നായി.

ആത്മവിശ്വാസത്തിന്റെ നനവ്

ഇപ്പോൾ 24 വയസ്സായി. വീഴ്ച കഴിഞ്ഞ് രണ്ടു വർഷം കടന്നുപോയി. ആശ്വസിപ്പിക്കാനാണ് പലരും ‘അയ്യോ... എന്നാലും ഇങ്ങനെ വന്നല്ലോ’, ‘ഇനി നടക്കാനാകില്ലല്ലോ... ’ എന്നൊക്കെ പറയുന്നത്. പക്ഷേ, തളർന്നിരിക്കുന്ന ഒരാളുടെ മേൽ വിഷാ ദത്തിന്റെ കല്ല് കയറ്റിവയ്ക്കുന്നതിന് തുല്യമാണത് എന്ന് അ വർ അറിയുന്നില്ല.

വീഴ്ച കഴിഞ്ഞ് വീട്ടിൽ ഉമ്മയും ഞാനും മാത്രമായതോടെ ആരും വരുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ടമല്ലാതായി മാറി. ഒന്നിനോടും താൽപര്യമില്ലാതായി. എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്നു കരുതിയ ദിനങ്ങൾ. ‘ഞാനാരെയും ഉപദ്രവിച്ചിട്ടില്ല, എന്നിട്ടും ദൈവം എന്തിന് എനിക്കീ അവസ്ഥ തന്നു’ എന്ന ചിന്ത അലട്ടിക്കൊണ്ടേയിരുന്നു. വിഷാദത്തിന്റെ കടലിൽ മുങ്ങിത്താണ നാളുകളായിരുന്നു അവ.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ മാറ്റിയെടുക്കണം എന്നു തോന്നിത്തുടങ്ങി. ‘ഇനി ഇങ്ങനെയാണ്’ എന്ന് ഉൾക്കൊള്ളുകയായിരുന്നു ആദ്യപടി. മനസ്സിനെ അത് പറഞ്ഞു പഠിപ്പിച്ചു. ഇനി എന്ത് ചെയ്യാനാകും എന്ന ചിന്തയായിരുന്നു അടുത്തത്. കയ്യും കാലും അനങ്ങുന്നില്ല, പക്ഷേ ബുദ്ധി പ്രവർത്തിക്കുന്നുണ്ടല്ലോ, അതുവച്ച് എന്തു ചെയ്യാം എന്നോർത്തപ്പോൾ കിട്ടിയ ഉത്തരം പഠിക്കുക എന്നതായിരുന്നു.

പഠനത്തിലേക്ക് ഞാൻ തിരികെ വന്നു. നെറ്റ് പരീക്ഷയ്ക്ക് തയാറെടുത്തു. മറ്റു വിഷമങ്ങളൊക്കെ മറന്നു. കംപ്യൂട്ടറിൽ പരീക്ഷ എഴുതാനും മറ്റുമായി കൈ പതുക്കെ ചലിപ്പിച്ച് പരിശീലിച്ചു. സാവധാനം അത് സാധ്യമായി വന്നു. കംപ്യൂട്ടറിലാണ് നെറ്റ് പരീക്ഷ എഴുതിയത്. 2020 ഡിസംബറിൽ പാസായി. വീടിനടുത്തുള്ള കുട്ടികൾക്ക് ട്യൂഷനും എടുത്തു തുടങ്ങി.

ഈ വർഷങ്ങൾ പലതും പഠിപ്പിച്ചു. അറിവിന്റെ സുഖം, ജീവിതത്തിന്റെ നിറം, മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരുമ്പോഴുള്ള സംതൃപ്തി. ഇനി പിഎച്ച്‌ഡി ചെയ്യണം എന്നാണാഗ്രഹം. മോട്ടിവേഷണൽ സ്പീക്കർ കൂടിയാണിപ്പോൾ. വീഴുന്ന ഒരാളെ കരകയറ്റാനായാൽ അത് തന്നെയല്ലേ ഏറ്റവും വലിയ സന്തോഷം?

ഫോട്ടോ: ബാദുഷ