Friday 26 May 2023 01:03 PM IST : By സ്വന്തം ലേഖകൻ

‘മുഴുവൻ സമയവും ഫോണില്‍, അൽപം ഓവറാണെന്ന് തോന്നും; പലപ്പോഴായി പണം മോഷണം പോയി’; ഷിബിലിയെക്കുറിച്ച് യൂസഫ് പറയുന്നു

shibilllu

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ ഷിബിലിക്കെതിരെ വെളിപ്പെടുത്തലുമായി ഹോട്ടലിലെ സഹപ്രവർത്തകൻ യൂസഫ്. ഷിബിലി ഹോട്ടലിൽ കുറഞ്ഞ കാലം മാത്രമാണ് ജോലി ചെയ്തതെന്ന് യൂസഫ് വെളിപ്പെടുത്തി. ഷിബിലി എത്തിയശേഷം തന്റെ പോക്കറ്റിൽനിന്നും ഹോട്ടലിലെ മേശ വലിപ്പിൽനിന്നും പലപ്പോഴായി പണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷിബിലി സംശയനിഴലിലായിരുന്നു. കസ്റ്റമേഴ്സിനെ ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഫോണിലുമായിരുന്നു. ഇതോടെയാണ് മുതലാളിയായ സിദ്ദിഖ് ഷിബിലിയെ പറഞ്ഞുവിട്ടതെന്ന് യൂസഫ് വെളിപ്പെടുത്തി.

‘‘ഷിബിലി ഇവിടെ വന്നിട്ട് ആകെ 15 ദിവസം മാത്രമേ ആയിട്ടുള്ളൂ. അയാളുടെ പെരുമാറ്റത്തിലും രീതികളിലും ചില സംശയങ്ങൾ തോന്നിയിരുന്നു. പിന്നീട് ഞാൻ തന്നെയാണ് ഷിബിലിയെ പറഞ്ഞുവിടണമെന്ന് ഉടമസ്ഥനോട് ആവശ്യപ്പെട്ടത്. എന്റെ പോക്കറ്റിൽനിന്ന് ഇടയ്ക്ക് ഒരു 300 രൂപ കാണാതായിരുന്നു. ഇതാണ് സംശയത്തിന്റെ തുടക്കം. അത് ഷിബിലിയാണ് എടുത്തതെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം ഞാൻ മുതലാളിയോടു പറഞ്ഞു. അങ്ങനെ അദ്ദേഹത്തിനും ചില സംശയങ്ങൾ തോന്നി. തുടർന്ന് മുതലാളിയും ഷിബിലിയെ നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടെ മേശവലിപ്പിൽനിന്ന് ഒരിക്കൽ അഞ്ഞൂറും പിന്നീട് ഇരുന്നൂറു രൂപയും കാണാതായെന്ന് മനസ്സിലായി.

ഇവനെ എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചപ്പോൾ, പറഞ്ഞു വിടുന്നതാകും ഉചിതമെന്ന് ഞാൻ പറഞ്ഞു. മുതലാളി പിന്നീട് നാട്ടിലേക്കു പോകുകയും ചെയ്തു. നാലുദിവസം കഴിഞ്ഞ് വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. രാവിലെ 10.30ഓടെ വന്നു. ഉച്ചയോടെ തന്നെ ഷിബിലിക്കു കൊടുക്കാനുള്ള പണമെല്ലാം നൽകി പറഞ്ഞുവിട്ടു. ഷിബിലി പോയി അര മണിക്കൂർ കഴിഞ്ഞപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനോട് ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ പോക്കാണ്. അദ്ദേഹം സ്വന്തം കാറിലാണ് പോയത്. പിന്നീട് കണ്ടിട്ടില്ല.

ഹോട്ടലിലേക്ക് ചപ്പാത്തി കൊണ്ടുവരുന്ന കാര്യം ചോദിക്കാൻ വൈകിട്ട് നാലരയോടെ വിളിച്ചിരുന്നു. ഫോണെടുത്തിട്ട് കുറച്ചു ദൂരെയാണെന്നും രാത്രിയോടെയേ എത്തൂവെന്നും പറഞ്ഞു. ശരിയെന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു. പിന്നീട് രാത്രി ഒൻപതരയോടെ ഒന്നുകൂടി വിളിച്ചെങ്കിലും അപ്പോഴേയ്ക്കും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഈ ഹോട്ടലിൽ പെൺകുട്ടികളായി ആരും ജോലി ചെയ്യുന്നില്ല. ഷിബിലി കൂടുതലായി സംസാരിക്കുന്ന ആളാണ്. അൽപം ഓവറാണെന്ന് നമുക്കു തോന്നും. ഹോട്ടലിൽ വരുന്ന കസ്റ്റമേഴ്സിനെപ്പോലും നോക്കാതെ മുഴുവൻ സമയവും ഫോണിലായിരിക്കും. ഇതെല്ലാം കണ്ടിട്ടാണ് മുതലാളി ഷിബിലിയെ ഒഴിവാക്കിയത്.’’- യൂസഫ് പറഞ്ഞു.

Tags:
  • Spotlight