Thursday 05 January 2023 02:35 PM IST : By സ്വന്തം ലേഖകൻ

കഠിനപരിശീലനം പൂര്‍ത്തിയാക്കി ശിവ ചൗഹാന്‍; യുദ്ധഭൂമിയായ സിയാചിന്‍ കാക്കാന്‍ ആദ്യമായി ഒരു വനിതാ ഓഫിസര്‍! അഭിമാനം

shiva-chauuu

ലോകത്തിലെ ഉയരം കൂടിയ യുദ്ധഭൂമിയായ സിയാചിന്‍ കാക്കാന്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍. ഫയര്‍ ആന്റ് ഫറി കോര്‍പ്‌സ് ഓഫിസര്‍ ക്യാപ്റ്റനായ ശിവ ചൗഹാനെയാണ് സിയാചിനില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിയാചിനിലെ കുമാര്‍ പോസ്റ്റിലാണ് നിയമനം. ജനുവരി രണ്ടിനാണ് ശിവ ചൗഹാന് സിയാചിനിലെ സുരക്ഷ ചുമതല നല്‍കിയത്. 

ഇന്ത്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ നയിക്കുന്ന ഫയര്‍ ആന്റ് ഫറി സാപേര്‍സിന് മൂന്നു മാസത്തേക്കാണ് സിയാചിനിലെ ചുമതലകള്‍ നല്‍കിയിരിക്കുന്നത് ബ്രേക്കിങ് ദ ഗ്ലാസ് സീലിങ് എന്ന ടാഗ് ലൈനോടെയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ ട്വീറ്റ്. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരത്തെ യുദ്ധം നടന്ന പ്രദേശമാണ് സിയാചിന്‍. സമുദ്രനിരപ്പില്‍ നിന്നും 15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ശത്രുക്കളുടെ ആക്രമണവും അതോടൊപ്പം കടുത്ത തണുപ്പുമാണ് ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ സിയാചിനിലെ സുരക്ഷാ ചുമതല ഏറ്റെടുക്കും മുമ്പ് ഇന്ത്യന്‍ ആര്‍മിയിലെ മറ്റ് ഓഫിസര്‍മാര്‍ക്കൊപ്പം സിയാചിനിലെ പരിശീലന സ്‌കൂളില്‍ ഒരു മാസത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു ശിവ ചൗഹാന്‍. 

ഐസ് വാള്‍ ക്ലൈംബിങ്, എന്‍ഡ്യുറന്‍സ് ട്രൈനിങ്, രക്ഷാപ്രവര്‍ത്തനം, അതിജീവനം തുടങ്ങിയ മേഖലകളിലെല്ലാം കഠിനമായ പരിശീനമാണ് ശിവ ചൗഹാനു ലഭിച്ചിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിനിയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. പതിനൊന്ന് വയസ്സുളളപ്പോള്‍ പിതാവിനെ നഷ്ടമായ ശിവയുടെ പഠനകാര്യങ്ങളെല്ലാം പിന്നീട് നോക്കിനടത്തിയത് വീട്ടമ്മയായ അമ്മയായിരുന്നു. സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ശിവചൗഹാന് ചെറുപ്പം മുതലേ സായുധസേനയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹത്തിനായുളള കഠിന പരിശ്രമം 2021ല്‍ വിജയം കണ്ടു. 

2021 മെയിലാണ് സായുധസേനയുടെ എന്‍ജിനിയറിംഗ് റെജിമെന്റില്‍ ശിവ ചൗഹാന്‍ ചേരുന്നത്. 2022 ജൂലൈയിലെ കാര്‍ഗില്‍ വിജയ് ദിവസില്‍ സിയാചിന്‍ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധ സ്മാരകം വരെ ഒരു സൈക്കിള്‍ എക്‌സ്പഡീഷന്‍ നടത്തിയിരുന്നു. ശിവ ചൗഹാനായിരുന്നു അത് വിജയകരമായി നയിച്ചത്. തുടര്‍ന്ന് സിയാച്ചിനിലെ സുര സോയി എഞ്ചിനിയര്‍ റെജിമെന്റിലെ പുരുഷന്‍മാരെ നയിക്കാനുളള ചുമതല ശിവ ചൗഹാനില്‍ വന്നു ചേര്‍ന്നു. ആ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയതോടയാണ് ശിവ ചൗഹാനെ സിയാചിന്‍ ബാറ്റില്‍ സ്‌കൂളില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്.

Tags:
  • Spotlight
  • Inspirational Story